സമൂഹത്തോടും, നിയമത്തോടും പെണ്‍കുട്ടിയോടും ചെയ്യുന്ന അനീതി, യൂട്യൂബില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് വേണ്ടിയുണ്ടാക്കിയ വൃത്തികെട്ട പ്രവര്‍ത്തി; ആര്‍ ശ്രീലേഖയെ വലിച്ച് ഒട്ടിച്ച് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്ന മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തിന് എതിരെ പല കോണുകളിൽ നിന്നും വിമർശനം ഉയരുകയാണ്. ഇപ്പോഴിതാ
ശ്രീലേഖ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ഭാഗ്യലക്ഷ്മി. ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയാണ്. ശ്രീലേഖയുടേത് യൂട്യൂബ് വരുമാനത്തിന് വേണ്ടിയുള്ള വൃത്തികെട്ട പ്രവര്‍ത്തിയായിപ്പോയി. പറഞ്ഞതില്‍ സത്യമുണ്ടെങ്കില്‍ എന്തുകൊണ്ട് ഇത്രയും നാള്‍ പ്രതികരിച്ചില്ലെന്നും ഒരു ചാനലിനോട് ഭാഗ്യലക്ഷ്മി ചോദിച്ചു. ഭാഗ്യലക്ഷ്മിയുടെ പ്രതികരിച്ചു

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ

ഒരുപാട് ബഹുമാനിച്ചിരുന്ന വ്യക്തിയായിരുന്നു ആര്‍ ശ്രീലേഖ ഐപിഎസ്, അനവസരത്തില്‍ അവര്‍ നടത്തിയ പ്രസ്താവനയില്‍ എന്തെങ്കിലും വാസ്തവമുണ്ടായിരുന്നെങ്കില്‍ അത് വെളിപ്പെടുത്താന്‍ എത്രയോ അവസരങ്ങളുണ്ടായിരുന്നു. ആ സമയത്തൊന്നും വെളിപ്പെടുത്താതെ, തന്റെ യൂട്യൂബ് ചാനലിന്റെ 75ാം എപ്പിസോഡില്‍ ഭയങ്കര പൊട്ടിത്തെറിയുണ്ടാക്കുന്ന രീതിയിലാണ് അവരുടെ ആരോപണം. യൂട്യൂബില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് വേണ്ടിയുണ്ടാക്കിയ വൃത്തികെട്ട പ്രവര്‍ത്തിയായിപ്പോയി ഇത്.

ഇവര്‍ക്ക് ഇതില്‍ എന്തെങ്കിലും സത്യം അറിയാമായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ആദ്യമേ വെളിപ്പെടുത്തിയില്ല? ഇവരുടെ മുമ്പില്‍ ഇര ദിലീപ് ആണല്ലോ, ആ ഇരയെ രക്ഷപ്പെടുത്താനുള്ള മര്‍ഗം ഇവര്‍ എന്തുകൊണ്ട് അന്നുതന്നെ നോക്കിയില്ല? അവര്‍ക്ക് എത്രയോ അവസരങ്ങള്‍ ഉണ്ടായിരുന്നു. ബാലചന്ദ്രകുമാര്‍ ചുമ്മാ ഒരു യൂട്യൂബ് ചാനല്‍ ഉണ്ടാക്കിയിട്ട് അതിന്റെ ആഘോഷത്തിന് വേണ്ടി വിളിച്ചു പറഞ്ഞതല്ല. അദ്ദേഹം മുഖ്യമന്ത്രിക്ക് വളരെ വ്യക്തമായി പരാതി അയച്ചു. അതിന് ശേഷം മാധ്യമങ്ങളിലൂടെ പ്രതികരണത്തിന് ശ്രമിച്ചു, ആരും അതിന് അവസരം കൊടുത്തില്ല. ഒടുവില്‍ റിപ്പോര്‍ട്ടര്‍ ചാനലാണ് അതിന് അവസരം നല്‍കിയത്. അങ്ങനെ ഒരു മുഖ്യധാരാ മാധ്യമം വഴിയാണ് അയാള്‍ അയാള്‍ക്ക് അറിയാമായിരുന്ന സത്യങ്ങള്‍ വെളിപ്പെടുത്തിയത്.

സര്‍വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം ഇത്ര നാളായിട്ടും അവര്‍ എന്തുകൊണ്ട് പ്രതികരിച്ചില്ല. മുഖ്യമന്ത്രിക്ക് പരാതി നല്‍കാമായിരുന്നു, വാര്‍ത്താ സമ്മേളനം നടത്താമായിരുന്നു. ഇതൊന്നും ചെയ്യാതെ തനിക്ക് ലാഭം കിട്ടാന്‍ വേണ്ടിയോ അല്ലെങ്കില്‍ താനൊരു വലിയ സത്യം തുറന്നു പറഞ്ഞു എന്ന് പുറം ലോകത്തെ ധരിപ്പിക്കാന്‍ വേണ്ടിയോ ആണ് ഇങ്ങനെ ചെയ്തിരിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ പറഞ്ഞതില്‍ ഒരു സത്യവുമില്ല, സത്യമുണ്ടായിരുന്നെങ്കില്‍ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് അവര്‍ക്ക് പ്രതികരിക്കാമായിരുന്നില്ലേ. അവര്‍ ദിലീപിന് എങ്ങനെയുണ്ടെന്ന് നോക്കാനാണ് പോയത്, എങ്ങനെയുണ്ട് അവള്‍ എന്ന് നോക്കാന്‍ തോന്നിയില്ല. ഉദ്യോഗസ്ഥ എന്നതിനപ്പുറം അവര്‍ ഒരു സ്ത്രീയല്ലെ.

അവര്‍ ഇതിനെല്ലാം മറുപടി പറയണം. കോടതിയുടെ സമയം, അന്വേഷണ ഉദ്യോഗസ്ഥരുടെ സമയം അങ്ങനെ ഒരുപാട് സമയം സാമ്പത്തികം എല്ലാം നഷ്ടപ്പെടുത്തിയതിന് ശേഷമാണ് ഇപ്പോള്‍ യൂട്യൂബ് വഴി പ്രസ്താവന നടത്തിയിരിക്കുന്നത്. ഇത് വെറുടെ വിടാന്‍ പറ്റില്ല, ഇവരും മറ്റാരൊക്കെയുമോ ഒരു സംഘമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ് ഇപ്പോള്‍. കേസ് കെട്ടിച്ചമച്ചതാണെന്ന് പറയുമ്പോള്‍ ഒരു പെണ്‍കുട്ടിയെ അപമാനിക്കുകയാണ് അവര്‍ ചെയ്യുന്നത്. പള്‍സര്‍ സുനി ഇത് പലരോടും ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്, പലരോടും ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥയായിരിക്കെ എന്തുകൊണ്ട് നിശബ്ദയായിരുന്നു. ഇവരെ എന്തിനാണ് ജനങ്ങളുടെ പണം കൊണ്ട് ശമ്പളം കൊടുത്ത് സ്ഥാനത്തിരുത്തിയത്. ഇപ്പോഴും ജനങ്ങളുടെ പണമല്ലെ പെന്‍ഷനായി വാങ്ങുന്നത്. എന്നിട്ടും ജനങ്ങളെയും സര്‍ക്കാരിനെയും വഞ്ചിക്കുകയല്ലെ അവര്‍ ചെയ്യുന്നത്. അവര്‍ സര്‍വീസിലുണ്ടായിരുന്നപ്പോള്‍, അതിനകത്ത് ഒരുപാട് പൊളിടിക്‌സ് ഉണ്ടായിരുന്നു. ആരോടൊക്കെയോ വ്യക്തിവിരോധമുണ്ടോ, അത് തീര്‍ക്കാന്‍ വിരമിച്ച ശേഷം യൂട്യൂബ് ചാനല്‍ ഉപയോഗിക്കുകയാണ്. അവരെ പലരും കരുവാക്കുന്നുണ്ട്. എനിക്ക് ഏറ്റവും ബഹുമാനവും, അടുപ്പവും ഉണ്ടായിരുന്ന വ്യക്തിയാണ്, അവര്‍ ചെയ്തത് അനീതിയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല. സമൂഹത്തോടും, നിയമത്തോടും പെണ്‍കുട്ടിയോടും ചെയ്യുന്ന അനീതിയാണ്.’

Noora T Noora T :