ഇനി ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളോടുള്ള വിവേചനവും പരിഹാസവുമൊക്കയാണ് ആ ഡയലോഗ്… സിനിമയിൽ നിന്നും ആ സീൻ മാറ്റണം; ഡോ.വിപിൻ കുമാറിന്റെ കുറിപ്പ് വൈറൽ

പൃഥ്വിരാജ് നായകനായ ‘കടുവ’ യിലെ പരാമര്‍ശം വിവാദമാവുകയാണ്. വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തോട് പൃഥ്വിരാജിന്റെ നായക കഥാപാത്രം പറയുന്ന ഡയലോഗാണ് വിവാദമായത്. നമ്മള്‍ ചെയ്‍ത് കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോള്‍ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും എന്നതാണ് ഡയലോഗ്. ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിക്കുന്നതാണ് പരാമര്‍ശമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.

ലോക മനുഷ്യാവകാശ സംരക്ഷണ കമ്മിഷൻ അംഗമായ ഡോ.വിപിൻ കുമാർ സിനിമയുടെ അണിയറപ്രവർത്തകർക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. സിനിമയിൽനിന്ന് ആ രംഗം നീക്കണം ചെയ്യണമെന്നും ബലാവകശ കമ്മിഷനും സാമൂഹിക നീതി വകുപ്പും നടപടി സ്വീകരിക്കണമെന്നും വിപിൻ കുമാർ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടു.

കുറിപ്പിന്റെ പൂര്‍ണരൂപം;

കടുവ കണ്ടു.

സിനിമയെക്കുറിച്ച് നിരൂപണം എഴുതുന്നില്ല. അത് ഒരോരുത്തരുടെയും എക്സ്പീരിയൻസിന് വിടുന്നു. എന്നാൽ ഒരുകാര്യം പറയാതെ വയ്യ, പൃഥ്വിരാജ് സുകുമാരന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ്.

നായകൻ വില്ലന്റെ കുഞ്ഞിനെ നോക്കി (സ്‌ക്രീനിൽ വൈകല്യം ഉള്ള കുട്ടിയെ ഫോക്കസ് ചെയ്തുതന്നെ) ‘‘നമ്മൾ ചെയ്തു കൂട്ടുന്നതിന്റെയൊക്കെ ചിലപ്പോൾ അനുഭവിക്കുന്നത് നമ്മുടെ തലമുറകളായിരിക്കും. തന്നെക്കുറിച്ച് നല്ലതല്ലാത്ത പലത് കേട്ടപ്പോഴും ഇതു ഞാൻ പറയണമെന്നു വിചാരിച്ചതാ.’’

മാതാപിതാക്കൾ ചെയ്യുന്ന തെറ്റ് ആണത്രേ ഭിന്നശേഷിക്കാരായ കുട്ടികൾ ജനിക്കാൻ കാരണം. പൃത്വിരാജിന്റെ സിനിമ കാണാൻ പോകുന്ന എത്രയോ കുടുംബങ്ങളിൽ അങ്ങനെയുള്ള കുട്ടികൾ ഉണ്ടാകും. സിനിമ കാണുമ്പോൾ ആ ഡയലോഗ് കേട്ടപ്പോൾ തീയേറ്ററിൽ ഇരുന്ന് അവർ എത്ര മാനസിക വിഷമം അനുഭവിച്ചിട്ടുണ്ടാകും. നാളെ അതു മറ്റു പ്ലാറ്റ്ഫോമിൽ കാണുമ്പോൾ എത്രയോ പേരെ അതു വേദനിപ്പിക്കാം ?! .

അത്യന്തം വേദനാജനകവും അധിക്ഷേപവും അങ്ങനെ ജനിച്ച, ഇനി ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളോടുള്ള വിവേചനവും പരിഹാസവുമൊക്കയാണ് ആ ഒരു ഡയലോഗ്.

അത്തരം കുഞ്ഞുങ്ങളെ അധിക്ഷേപിക്കുന്നതു മാനുഷിക മൂല്യങ്ങൾക്കു നിരക്കാത്തതും മനുഷ്യാവകാശ ലംഘനവും സാമൂഹിക നീതി നിഷേധവും നിയമപരമായി കുറ്റകരവും ആണ്.

ഇങ്ങനെ ജനിച്ച കുട്ടികളെ മാലാഖമാരെ പോലെ നോക്കുന്ന, ആ കുഞ്ഞു മക്കളുടെ ഭാവിയെക്കുറിച്ചു വ്യാകുലപ്പെടുന്ന, അവരെ മുഖ്യധാരയിലേക്കു കൈ പിടിച്ചു നടത്താൻ നോക്കുന്ന മാതാപിതാക്കളോടു ചെയ്യാവുന്ന ഏറ്റവും നികൃഷ്ടമായ അധിക്ഷേപം എന്നേ എനിക്കു പറയാനുള്ളൂ. കൂടാതെ സമൂഹത്തിൽ ഒറ്റപ്പെടുത്തി നാളെ ഇത്തരം കുട്ടികളെ അടച്ചിട്ട മുറിയിലൊതുക്കുന്ന പ്രവണത കൂട്ടാൻ മാത്രമേ ഇത്തരം സഹചര്യം വഴിവയ്ക്കൂ.

ചിത്രീകരണ സമയത്തോ ഡബ്ബിങ് സമയത്തോ അണിയറ പ്രവർത്തകരോ സെൻസെർ ബോർഡോ തെറ്റു തിരിച്ചറിഞ്ഞ് ഒഴിവാക്കാത്തതിനെ ശക്തമായി അപലപിക്കുന്നു. അല്ലങ്കിൽ പിന്നെ എന്തിനാണ് സെന്‍സർ ബോർഡ് ?! എത്രയും പെട്ടന്ന് ആ സിനിമയിൽ നിന്നും ആ സീൻ മാറ്റുകയും അണിയറ പ്രവർത്തകർ മാപ്പു പറയുകയും വേണം.

ഒരു അഭ്യർഥന കൂടി. നിങ്ങൾ അങ്ങനെയുള്ള കുട്ടികളുടെ സ്ഥാപനങ്ങളിലോ വീടുകളിലോ ഒരിക്കലെങ്കിലും പോയിരുന്നെങ്കിൽ, ഒരു മണിക്കൂർ എങ്കിലും അവരോടൊപ്പം ചെലവഴിച്ചിരുന്നെങ്കിൽ ജീവിതത്തിൽ ഒരിക്കലും അവരെ അധിക്ഷേപിക്കുകയില്ല.

സ്പെഷൽ കിഡ്സുള്ള എല്ലാ മാതാപിതാക്കളോടും ആദരവ് പ്രകടിപിച്ചു കൊണ്ടു ശക്തമായ പ്രതിഷേധം കടുവ സിനിമയുടെ അണിയറ പ്രവർത്തകരോട് രേഖപ്പെടുത്തുന്നു.കേരള ബലാവകശ കമ്മിഷൻ, സാമൂഹിക നീതി വകുപ്പ് എന്നിവർ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

Noora T Noora T :