‘ഗംഗുഭായ് കത്തിയവാടി’, ‘രാധേശ്യാം’ എന്നീ സിനിമകളും പരാജമായിരുന്നു, പക്ഷേ ഇത്രയും ഈ വലിയ ദുരന്തങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല; ‘ധാക്കഡി’ന്റെ പരാജയത്തിന് പിന്നില്‍ ബോധപൂര്‍വ്വമായ പ്രചാരണമെന്ന് കങ്കണ റണാവത്ത്

വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള നടിയാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.

ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘ധാക്കഡി’ന്റെ പരാജയത്തിന് പിന്നില്‍ ബോധപൂര്‍വ്വമായ പ്രചാരണമെന്ന് പറയുകയാണ് കങ്കണ റണാവത്ത്. സമീപകാലത്തെ മറ്റ് ബോക്‌സ് ഓഫീസ് പരാജയ സിനിമകളെ ചൂണ്ടിക്കാട്ടിയാണ് കങ്കണയുടെ പ്രതികരണം. ‘ഗംഗുഭായ് കത്തിയവാടി’, ‘രാധേശ്യാം’ എന്നീ സിനിമകളും പരാജമായിരുന്നുവെങ്കിലും ആരും അതിനെക്കുറിച്ച് കൊട്ടിഘോഷിക്കുന്നില്ലെന്നും നടി പറഞ്ഞു.

‘രാധേ ശ്യാം’, ‘ഗംഗുബായ് കത്തിയവാടി’, ‘ജഗ്ജഗ്ഗ് ജിയോ’, ’83’ തുടങ്ങി ബോക്‌സോഫീസ് പരാജയ സിനിമകളുടെ സ്‌ക്രീന്‍ ഗ്രാഫ് പങ്കിട്ടുകൊണ്ട് ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു കങ്കണയുടെ പ്രതികരണം.

‘ദിവസവും ഉണരുമ്പോള്‍ ധാക്കഡിന്റെ പരാജയത്തെക്കുറിച്ച് നൂറ് കണക്കിന് ലേഖനങ്ങളാണ് എഴുതി വിടുന്നത്. പക്ഷേ ഇത്രയും ഈ വലിയ ദുരന്തങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. ഇതിന് എന്തെങ്കിലും പ്രത്യേക കാരണം ഉണ്ടോ?’ എന്നാണ് കങ്കണ കുറിച്ചത്.

85 കോടിക്ക് അടുത്ത് ബജറ്റില്‍ ഒരുങ്ങിയ ധാക്കഡിന് ആഗോളതലത്തില്‍ 6 കോടി മാത്രമാണ് നേടാനായത്. 78 കോടിയാണ് നര്‍മ്മാതാക്കളുടെ നഷ്ടം. ഏറ്റവും കുറഞ്ഞ തുകയ്ക്കാണ് സിനിമയുടെ ഒടിടി അവകാശം വിറ്റ് പോയതെന്നാണ് സൂചന. രസ്‌നീഷ് ഘായ് ആണ് ധാക്കഡ് സംവിധാനം ചെയ്തത്.

Vijayasree Vijayasree :