ഇനി നിർണ്ണായകം ; മെമ്മറി കാർഡിന്റെ പരിശോധന ഫലം വിഴിത്തിരിവാകും ; ദിലീപിന് കുരുക്കാകുന്നത് ഇങ്ങനെ !

നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് .കേസിൽ നിർണായക തെളിവായ മെമ്മറി കാർഡ് വീണ്ടും ഫോറൻസിക് പരിശോനയ്ക്ക് അയച്ചു . തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിലേക്കാണ് കാർ‍ഡ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് നടി.മെമ്മറി കാർഡ് പരിശോധന തുടരന്വേഷണത്തിൽ ഏറെ നിർണായകമായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്തുവെന്ന എഫ് എസ് എൽ കണ്ടെത്തലോടെ ദൃശ്യങ്ങൾ ചോർന്നോ എന്നതാണ് പ്രധാനമായും പരിശോധിക്കേണ്ടത്. കോടതിയുടെ കസ്റ്റഡയിൽ ഇരിക്കവേയാണ് ദൃശ്യങ്ങൾ രണ്ട് തവണയായി ആക്സസ് ചെയ്യപ്പെട്ടതായി കണ്ടെത്തിയത്.

കേസിൽ 2017 ഫെബ്രുവരി 18 വനായിരുന്നു അവസാനമായി മെമ്മറി കാർഡ് പരിശോധിച്ചിരുന്നത്. 2018 ഡിസംബർ 13 നും അതിന് മുൻപും മെമ്മറി കാർഡ് തുറന്നുവെന്നായിരുന്നു എഫ് എസ് എല്ലിന്റെ കണ്ടെത്തൽ. ഒരു തവണ രാത്രിയും മറ്റൊരു തവണ ഉച്ചയ്ക്കുമാണ് മെമ്മറി കാർഡുകൾ തുറന്നതെന്ന് എഫ് എസ് എൽ മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരുന്നു.

2020 ൽ ദിലീപിന്റെ ആവശ്യപ്രകാരം മെമ്മറി കാർഡിന്റെ മിറർ ഇമേജ് എടുക്കാനായി നടത്തിയ പരിശോധനയിലായിരുന്നു മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതായി പരിശോധനയിൽ കണ്ടെത്തിയത്. ഇക്കാര്യം 2020 ജനവരി 29 ന് എഫ് എസ് എൽ വിചാരണ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ രണ്ട് വർഷങ്ങൾക്കിപ്പുറം 2022ൽ മാത്രമാണ് ക്രൈംബ്രാഞ്ചിന് ഇത് സംബന്ധിച്ച റിപ്പോർട്ട് ലഭിച്ചത്.തുടർന്ന് മെമ്മറി കാർഡ് ചോർന്നോ എന്നത് സംബന്ധിച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ ക്രൈം ബ്രാഞ്ച് സമീപിച്ചു. എന്നാൽ കാർഡ് ഒരു തവണ പരിശോധിച്ചെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി അന്വേഷണ സംഘത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

മെമ്മറി കാർഡ് പരിശോധിക്കുന്നതിൽ കടുത്ത എതിർപ്പായിരുന്നു ദിലീപ് ഉയർത്തിയത്. വിചാരണ നീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് പ്രോസിക്യൂഷൻ നീക്കം എന്നായിരുന്നു ദിലീപിന്റെ ആരോപണം. അതേസമയം തന്റെ ജീവിതമാണ് മെമ്മറി കാർഡിൽ ഉള്ളതെന്നും അത് ചോർന്നോയെന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും അതിജീവിത കോടതിയിൽ വാദിക്കുകയായിരുന്നു. ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് എഫ് എസ് എല്ലിൽ വെച്ച് മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കാർഡ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. 7 ദിവസത്തിനകം പരിശോധന റിപ്പോർട്ട് ലഭിക്കും. പരിശോധന ഫലം വിചാരണ കോടതിക്കും അന്വേഷണ ഉദ്യോഗസ്ഥനും ലഭിക്കും.

മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നതിനാൽ ദൃശ്യങ്ങൾ അനധികൃതമായി തുറന്നുവെന്നും ഇവ ആരെങ്കിലും കണ്ടിരിക്കാമെന്നും എഫ് എസ് എൽ ഉദ്യോഗസ്ഥ നേരത്തേ ഹൈക്കോടതിയിൽ വിശദീകരിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും അവർ കോടതിയെ അറിയിച്ചിരുന്നു.ഇനി ദൃശ്യങ്ങൾ ചോർന്നെന്ന് എഫ് എസ് എൽ പരിശോധനയിൽ കണ്ടെത്തിയാൽ തീർച്ചയായും സംശയമുന നടൻ ദിലീപിലേക്ക് നീണ്ടേക്കും. നേരത്തേ ദിലീപിന്റെ പക്കൽ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ ഉണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ മെമ്മറി കാർഡ് പരിശോധന ഫലം ദിലീപിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണത്തിനുള്ള സമയപരിധി ഈ മാസം 15 ന് അവസാനിക്കും. എന്നാൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കുന്ന സാഹചര്യത്തിൽ 15 ന് കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചേക്കില്ലെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അന്വഷണത്തിന് കൂടൂതൽ സമയം വേണ്ടി വരുമെന്നും മെമ്മറി കാർഡിന്റെ പരിശോധന ഫലത്തിന്റെ കൂടി അടിസ്ഥാനത്തിലാകും അന്വേഷണം പൂർത്തിയാക്കാൻ സാധിക്കുകയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്

AJILI ANNAJOHN :