കേസില്‍ കൂടുതല്‍ സമയം ആവശ്യം, സ്വന്തം അഭിഭാഷകനെ നിയമിക്കാന്‍ തീരുമാനമെടുത്ത് അതിജീവിത; നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതാദ്യമായി

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി കോടതി ഒന്നര മാസത്തെ കാലവധി കൂടി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ കൂടുതല്‍ സമയം ആവശ്യമാണെന്ന് പറയുകയാണ് അതിജീവിതയുടെ അഭിഭാഷക അഡ്വ ടി ബി മിനി. മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇനി അന്വേഷണം മുന്നോട്ട് പോകേണ്ടത്. പരിശോധന ഫലം ലഭിക്കാന്‍ ഇനി 7 ദിവസമെടുക്കും. അതുകൊണ്ട് തന്നെ 15 ന് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു. കേസില്‍ സ്വന്തം അഭിഭാഷകനെ നിയമിക്കാനും അതിജീവിത തീരുമാനിച്ചതായും അഡ്വ മിനി അറിയിച്ചു.

‘ഏപ്രില്‍ നാലിലെ ഫോര്‍വേഡ് നോട്ടിനൊപ്പം മെയ് 30 ന് അയച്ച ഫോര്‍വേഡ് നോട്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞിട്ടിണ്ട്. അടുത്ത ആഴ്ചയെ മെമ്മറി കാര്‍ഡിന്റെ പരിശോധന ഫലം ലഭിക്കുകയുള്ളൂ. ആ ഫലത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് അന്തിമ നിഗമനത്തിലെത്തേണ്ടത്’ വെറും 7 ദിവസം മാത്രമാണ് ഇനി ഉള്ളത്. എന്തിന് വേണ്ടിയാണോ കഴിഞ്ഞ തവണ തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടിയത് അതേ സാഹചര്യത്തില്‍ തന്നെയാണ് അന്വേഷണം നില്‍ക്കുന്നത്.

അന്വേഷണം കൂടുതല്‍ മുന്‍പോട്ട് പോയിട്ടില്ല. കുറ്റപത്രം 15 ന് സമര്‍പ്പിക്കാന്‍ സാധിക്കില്ല. അതിന് നിരവധി നടപടിക്രമങ്ങള്‍ ഉണ്ട്’. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടേണ്ടി വരും. ഫലം എന്തായാലും കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയം ആവശ്യമാണ്.തുടരന്വേഷണത്തിന് കൂടുതല്‍ സമയം കൊടുക്കാതിരിക്കാന്‍ കോടതിക്ക് സാധിക്കില്ല എന്നും അഡ്വ മിനി പറഞ്ഞു. സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ അതിജീവിതയ്ക്ക് നിര്‍ദ്ദേശിക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെങ്കിലും അത് സംബന്ധിച്ചുള്ള ബുദ്ധിമുട്ടുകള്‍ തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ പെരുമാറ്റം കാരണം ആരും പബ്ലിക്ക് പ്രോസിക്യൂട്ടറാകാന്‍ തയ്യാറാകുന്നില്ല. പലരേയും ഞങ്ങള്‍ സമീപിച്ചതാണ്.

നിലവില്‍ അസി പ്രോസിക്യൂട്ടര്‍ നമ്മുക്കുണ്ട്. മുതിര്‍ന്ന അഭിഭാഷകരെയാണ് നിയമിക്കേണ്ടത്.മുതിര്‍ന്ന അഭിഭാഷകനെ നിര്‍ദ്ദേശിക്കുമ്പോള്‍ അദ്ദേഹം മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം.ഒരാളെ ഇപ്പോള്‍ അതിജീവിത നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഏറ്റവും അടുത്ത ദിവസങ്ങളില്‍ തന്നെ നിയമനം ഉണ്ടാകും. ഇത്രയും കുറഞ്ഞ പൈസയ്ക്ക് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറായി മുതിര്‍ന്ന അഭിഭാഷകര്‍ വരുമ്പോള്‍ വിചാരണ കോടതിയില്‍ നിന്നും നല്ല സമീപനം അല്ല ഉണ്ടാകുന്നതെന്നതാണ് എല്ലാവരേയും പിന്നോട്ടടിപ്പിക്കുന്നത്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആരാണെങ്കിലും അതിജീവിതയ്ക്ക് വേണ്ടി വക്കാലത്ത് നടത്താന്‍ അതിജീവിത നിശ്ചയിക്കുന്ന അഭിഭാഷകനെ നിയമിക്കും.

ഇത്രയും നാള്‍ പ്രോസിക്യൂഷനായിരുന്നു അതിജീവിതയ്ക്ക് വേണ്ടി വാദിച്ചത്. പ്രോസിക്യൂഷനോട് വിയോജിപ്പുകളൊന്നുമില്ല. എങ്കിലും നീതി നടപ്പാകുന്നുവെന്ന് ഉറപ്പാക്കാന്‍ അതിജീവിതയുടെ അഭിഭാഷകന്‍ കോടതിയില്‍ വേണം. അക്കാര്യം തീരുമാനിച്ച് കഴിഞ്ഞുവെന്നും അഡ്വ മിനി പറഞ്ഞു. അതിനിടെ രണ്ട് ഫോര്‍വേഡ് നോട്ടുകളും അയച്ചുവെന്നത് നല്ല കാര്യമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത അഭിഭാഷകയായ ആശ ഉണ്ണിത്താന്‍ പ്രതികരിച്ചു. മെമ്മറി കാര്‍ഡില്‍ പരിശോധനയില്‍ എന്തൊക്കെ പരിശോധിക്കണമെന്ന കാര്യം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇനിയും നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും ആശ ഉണ്ണിത്താന്‍ പറഞ്ഞു.

അതേസമയം, ഈ കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയിരുന്നു. ഏറെ നാള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമായിരുന്നു ഇക്കാര്യത്തില്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാര്‍ഡ് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിന് അയക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഒരു പക്ഷെ കേസില്‍ ഏറെ നിര്‍ണ്ണായകമായേക്കാവുന്ന വഴിത്തിരിവായിട്ടാണ് ജസ്റ്റിസ് ബെഞ്ചു കൂര്യന്‍ തോമസിന്റെ ഉത്തരവിനെ വിലയിരുത്തപ്പെടുന്നത്.

അതേസമയം മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാനുള്ള വിധി പ്രധാനപ്പെട്ട കാര്യമാണെന്നാണും ആശാ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു. പല രീതിയില്‍ ഈ കേസ് വ്യത്യസ്തമാണ്. െ്രെകം നടത്തുന്നതിന്റെ ഗൂഡാലോചന, െ്രെകം നടന്നത്, സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന താരം, വിചാരണ നടപടികള്‍ പൂര്‍ത്തായാവാനിരിക്കെ തുടരന്വേഷണം അങ്ങനെ ഒരു കാര്യം അന്വേഷിച്ച് നോക്കുമ്പോഴും കാര്യങ്ങള്‍ വ്യത്യസ്തമാണെന്നും അഡ്വ. ആശാ ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.

Vijayasree Vijayasree :