സുരേഷ് ഗോപിയ്ക്ക് ഒപ്പം അഭിനയിക്കാൻ സുവർണ്ണാവസരം. സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പനി’ലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. എട്ട് വയസുള്ള ഇരട്ട കുട്ടികളെയും, 11-14 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും, 4-5 വയസ് പ്രായമുള്ള ആണ്‍കുട്ടികളെയുമാണ് അഭിനേതാക്കളായി വേണ്ടത്. സുരേഷ് ഗോപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് കാസ്റ്റിംഗ് കോളിന്റെ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പന്‍. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടത്തിയത് വലിയ താരനിരയായിരുന്നു. വിവാദങ്ങളെ മറികടന്നായിരുന്നു ടൈറ്റില്‍ പ്രഖ്യാപനത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിയത്. 25 കോടി മുതല്‍ മുടക്കിലാണ് സിനിമ എടുക്കുന്നത്. കൊച്ചി, പാലാ, മാംഗളൂരു, മലേഷ്യ തുടങ്ങിയവിടങ്ങളാണ് സുരേഷ് ഗോപി ചിത്രത്തിന്‌റെ പ്രധാന ലൊക്കേഷനുകള്‍. രണ്‍ജി പണിക്കര്‍, മുകേഷ്, വിജയരാഘവന്‍, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത തുടങ്ങിയവരാണ് ഒറ്റക്കൊമ്പനിലെ മറ്റ് പ്രധാന താരങ്ങള്‍. ഒക്ടോബര്‍ 26നാണ് ചിത്രത്തിന്‍റെ പേര് പ്രഖ്യാപിക്കപ്പെട്ടത്.. നിഥിന്‍ രണ്‍ജി പണിക്കരുടെ ‘കാവലി’നു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രമായിരിക്കും ‘ഒറ്റക്കൊമ്പന്‍’.
പ്രധാന ഷെഡ്യൂള്‍ ഇനിയും ആരംഭിച്ചിട്ടില്ലെങ്കിലും ചിത്രത്തിനുവേണ്ടി ഒരു പെരുന്നാള്‍ രംഗം ഒരു വര്‍ഷം മുന്‍പ് ചിത്രീകരിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ എട്ടിനായിരുന്നു അത്. പാലാ ജൂബിലി പെരുന്നാളിന്‍റെ ദൃശ്യങ്ങളാണ് അന്ന് ചിത്രീകരിച്ചത്.
ഷിബിന്‍ ഫ്രാന്‍സിസ് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. സംഗീത സംവിധാനം ഹര്‍ഷവര്‍ധന്‍ രാമേശ്വര്‍. ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്‍ണന്‍.