ലൈംഗികാതിക്രമ കേസ്; ഓസ്‌കാര്‍ ജേതാവും ഹോളിവുഡ് സംവിധായകുമായ പോള്‍ ഹാഗിസിന് വീട്ടുതടങ്കലില്‍ നിന്ന് മോചനം

ലൈംഗികാതിക്രമ കേസില്‍ വീട്ടു തടങ്കലില്‍ ആയിരുന്ന ഓസ്‌കാര്‍ ജേതാവും ഹോളിവുഡ് സംവിധായകുമായ പോള്‍ ഹാഗിസിന് മോചനം. ഹാഗിസിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു.

അദ്ദേഹത്തിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങളില്‍ അന്വേഷണം തുടരണമോയെന്ന് പ്രോസിക്യൂഷന്‍ തീരുമാനിക്കും. ബ്രിട്ടീഷ് യുവതിയാണ് സംവിധായകന് എതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

വിനോദസഞ്ചാര നഗരമായ ഒസ്തുനിയില്‍ ഒരു കലാമേളയില്‍ പങ്കെടുക്കാന്‍ ഇറ്റലിയിലെത്തിയപ്പോള്‍ സംവിധായകന്‍ രണ്ടുതവണ പീഡിപ്പിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി.

തുടര്‍ന്ന് ജൂണ്‍ 19 മുതല്‍ ഇറ്റലിയിലെ ഒരു ഹോട്ടലില്‍ പൊലീസ് തടങ്കലില്‍ കഴിയുകയായിരുന്നു ഹാഗിസ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ ഹാഗിസിന് എതിരെ മറ്റൊരു ബലാത്സംഗ കേസും നിലവിലുണ്ട്.

2013 ജനുവരിയില്‍ ഹാഗിസ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് സിനിമാ പബ്ലിസിസ്റ്റായ ഹാലി ബ്രെസ്റ്റാണ് പരാതി നല്‍കിയത്. 2017 ഡിസംബറിലാണ് കേസ് ഫയല്‍ ചെയ്തിരിന്നതെങ്കിലും കൊവിഡ് സാഹചര്യത്തില്‍ നീളുകയായിരുന്നു.

Vijayasree Vijayasree :