വടിവാളും കത്തിയും അരിവാളുമായി അവരെത്തി, ഗ്രൗണ്ടിന് ചുറ്റും ആളുകൾ വളഞ്ഞു ഷൂട്ടിങ്ങിനിടെ കണ്ണൂരിൽ നടന്നത്; അനുഭവം തുറന്ന് പറഞ്ഞ് ആര്യ ദയാൽ

ലോക്ഡൗൺ സമയത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കവർ മ്യൂസിക് വീഡിയോയിലൂടെ ഒറ്റ ദിവസം കൊണ്ട് വൈറൽ താരമായ ​ഗായികയാണ് ആര്യ. അമിതാഭ് ബച്ചന്‍ അടക്കം ആര്യയുടെ വീഡിയോ പങ്കുവെച്ചിരുന്നു.കർണാടിക് സം​ഗീതത്തിനൊപ്പം വെസ്റ്റേൺ മിക്സ് ചെയ്തുളള ആലാപന രീതിയ്ക്ക് ആയിരുന്നു ആര്യയെ സം​ഗീതലോകം പ്രശംസിച്ചത്. അതേ സമയം ശുദ്ധ സം​ഗീതത്തെ കളങ്കപ്പെടുത്തിയെന്ന് വിമർശിച്ചവരുമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയെ ആര്യ ദയാലിനെതിരെ ആരോപണങ്ങൾ ശക്തമാവുകയാണ്. ആര്യ ദയാല്‍ പാടിയ കണ്ണോട് കാണ്‍മതെല്ലാം എന്ന ഗാനത്തിന്റെ കവര്‍ വേര്‍ഷനെ അടിസ്ഥാനമാക്കിയാണ് ഒളിയമ്പുമായി നിരവധി പേർ രംഗത്തെത്തിയത്. ഗാനത്തിന്റെ യഥാര്‍ത്ഥ പതിപ്പും ആര്യ ദയാല്‍ പാടിയതുമായി താരതമ്യം ചെയ്താണ് പലരും എത്തിയത്. ഇപ്പോൾ ഇതാ മ്യൂസിക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ നേരിടേണ്ടി വന്ന അനുഭവം പങ്കുവച്ച് ആര്യ . സ്ത്രീയായിരുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനൊരു അനുഭവമുണ്ടായതെന്ന് ആര്യ പറയുന്നു. ദ ക്യുവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്യ മനസ് തുറന്നത്.

”കിങ് ഓഫ് മൈ കൈന്റ്, എന്ന മ്യൂസിക് വീഡിയോയിൽ രാത്രി നടന്നുപോകുന്ന ഒരു രംഗമുണ്ട്, കണ്ണൂർ ആയിരുന്നു ഷൂട്ട്. എനിക്ക് അറിയാമായിരുന്നു രാത്രിയിലെ ഷൂട്ടിൽ ബഹളം കേട്ട് ആളുകൾ ഓടിയെത്തുമെന്നും പ്രശ്നമാക്കുമെന്നും. വടിവാളും കത്തിയും അരിവാളും ഒക്കെയായി കുറേപേർ വന്നു. എന്റെ നാട്ടിൽ നിന്ന് ഷൂട്ട് ചെയ്ത, എനിക്കുണ്ടാകുന്ന അനുഭവങ്ങളാണ് ഞാൻ പറയുന്നത്” ആര്യ പറയുന്നു.

ഷൂട്ടിങ് നടക്കുന്ന ഗ്രൗണ്ടിന് ചുറ്റും ആളുകൾ വളഞ്ഞിരുന്നു. നമ്മളറിയാതെ നമ്മുടെ ഏരിയയിൽ വന്ന് ഷൂട്ട് ചെയ്യുന്നു എന്നായിരുന്നു അന്നവർ പറഞ്ഞത്. ഒരു സ്ത്രീയുടെ ശബ്ദം കേട്ടു എന്നതിന്റെ പേരിൽ പത്ത് അമ്പതോളം ആളുകൾ അന്നാ ഗ്രണ്ടിന് ചുറ്റും വളഞ്ഞു. ചെറുപ്പത്തിലേ മുതൽ ഞങ്ങൾ കളിച്ചു വളർന്ന ഇടവും, ഞങ്ങളെ വളരെ നന്നായി അറിയാവുന്ന ആളുകളുമാണ്. അവർ തന്നെയാണ് രാത്രിയിൽ ഇങ്ങനെ പെരുമാറുന്നതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു.

മുമ്പും തനിക്ക് സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. ആദ്യ ഇന്റിപെന്റന്റ് വീഡിയോ ‘ട്രൈ മൈ സെൽഫ്’ ഷൂട്ട് ചെയ്തപ്പോഴായിരുന്നു സംഭവം. ആദ്യം ഒരു ഒഴിഞ്ഞ വീട്ടിലായിരുന്നു ഷൂട്ട് പ്ലാൻ ചെയ്തിരുന്നത്. അന്ന് ഒരാൾ വന്ന് വാതിൽക്കൽ തട്ടി ചോദിച്ചു, ഇവിടെ എന്താ നടക്കുന്നത് എന്ന്. ഒരു പെൺകുട്ടി, ഒരു ക്യാമറ, നാല് ആൺകുട്ടികൾ, അത്രയുമായിരുന്നു അയാൾ അപ്പോൾ കാണുന്നത്. അതായിരുന്നു അവരുടെ പ്രശ്നവും. തലശ്ശേരി ബീച്ചിൽ വെച്ചുളള ഷൂട്ടിനിടയിലും ഇതേ അനുഭവം ഉണ്ടായിരുന്നുവെന്നും പറഞ്ഞു.

അതിനിടെ വിമർശിക്കുന്നവർക്ക് മറുപടിയുമായും ആര്യയ്ക്ക് പിന്തുണയുമായും നടി രേവതി സമ്പത്ത് പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ആര്യയ്ക്ക് നേരെ ഉയരുന്ന അസഹിഷ്ണുത അടിസ്ഥാനരഹിതവും അരോചകവുമാണ്. ഒരാള്‍ പാടുന്നു എന്ന് പറയുന്നതില്‍ എന്തിനാണ് ഈ കൂട്ടര്‍ അര്‍ത്ഥശൂന്യമായ വേലിക്കെട്ടുകള്‍ തീര്‍ത്തുവെയ്ക്കുന്നതെന്ന് രേവതി പറയുന്നു. ഫേസ്ബുക്കിലൂടെയാണ് രേവതി തൻ്റെ നിലപാട് വ്യക്തമാക്കിയത്

Noora T Noora T :