പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ തിയേറ്ററുകളിലെത്താനിരിക്കുകയാണ്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ദുബായില്‍ സംഘടിപ്പിച്ച ഡ്രോണ്‍ ഷോ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ഇതേ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
ആകാശത്ത് സ്വന്തം മുഖം കണ്ടപ്പോള്‍ എന്ത് തോന്നി എന്ന അവതാരകന്റെ ചോദ്യത്തിന് നല്ല രസം തോന്നി എന്നായിരുന്നു പൃഥ്വിയുടെ മറുപടി. സ്വന്തം മുഖം എന്നതിലുപരി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ മുഖമാണവിടെ തെളിഞ്ഞത്. ചരിത്രനിമിഷമായിരുന്നു അതെന്നാണ് എല്ലാവരുടേയുമുള്ളില്‍ എന്നും അദ്ദേഹം പറഞ്ഞു.
ആകാശത്ത് മലയാളത്തില്‍ കടുവ എന്നെഴുതിക്കാണിച്ചപ്പോള്‍ അഭിമാനം തോന്നി. അതിന്റെ എല്ലാ ക്രെഡിറ്റും ഫാര്‍സ് ഫിലിംസിനാണ്. ആടുജീവിതത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ജോര്‍ദാനില്‍ നിന്ന് വരുന്ന വഴി ദുബായിലിറങ്ങി അഹമ്മദ് ?ഗോല്‍ച്ചിന്‍ സാറിനെ കണ്ടിരുന്നു. മാസ് സിനിമയാണ്, പ്രചാരണമെല്ലാം വലിയ രീതിയില്‍ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മൂന്ന് നാല് ഓപ്ഷനുകള്‍ തന്നു.
അതെല്ലാം കേട്ടാല്‍ ഞെട്ടിപ്പോകും. അതില്‍ ഒട്ടും നടക്കില്ല എന്ന് വിചാരിച്ച ഒരു ഓപ്ഷനാണ് കഴിഞ്ഞദിവസം നടന്ന ഡ്രോണ്‍ ഷോ. ദുബായില്‍ ഡ്രോണിന് അനുമതി എടുക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഷെയ്ഖ് സായിദ് റോഡുപോലെ ജനത്തിരക്കുള്ള സ്ഥലത്ത് 250 ഡ്രോണുകളാണ് ഒരേസമയം പറപ്പിച്ചത്.
ഒരു ഡ്രോണ്‍ പറപ്പിക്കുന്നതിന്റെ ബുദ്ധിമുട്ട് ഞങ്ങള്‍ക്കറിയാം. അപ്പോഴാണ് ഇത്രയും ഡ്രോണുകള്‍ ഭംഗിയായി പറപ്പിച്ചത്. അതൊരു മലയാളസിനിമയ്ക്ക് വേണ്ടിയാണ് ചെയ്തതെന്നതില്‍ ഒരുപാട് അഭിമാനമുണ്ടെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. വിവേക് ഒബ്രോയി, സംയുക്താ മേനോന്‍ എന്നിവരും പൃഥ്വിക്കൊപ്പമുണ്ടായിരുന്നു.