ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും റണ്‍ബീര്‍ കപൂറും മാതാപിതാക്കളാകുന്നു എന്ന് വാർത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു . ആലിയ തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘ഞങ്ങളുടെ കുഞ്ഞ്, ഉടനെ വരുന്നു’ എന്ന കുറിപ്പോടെ സ്‌കാനിങ് മുറിയില്‍ ഇരുവരും ഇരിക്കുന്ന ചിത്രം ആലിയ പങ്കുവച്ചു
ഇപ്പോൾ കുടുംബാംഗങ്ങളുടെയും സുഹുത്തുക്കളുടെയും ആരാധകരുടെയും സ്‌നേഹത്തില്‍ പൊതിഞ്ഞ ആശംസകളും പ്രാര്‍ത്ഥനകളും കൊണ്ട് നിറയുകയാണ് നടി ആലിയ ഭട്ടിന്റെ ഇന്‍സ്റ്റഗ്രാം പേജ്. താന്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞ് വരാന്‍ പോകുന്നുവെന്നുമുള്ള സന്തോഷവാര്‍ത്ത ആലിയ പങ്കുവെച്ചതു മുതല്‍ എല്ലാവരും വലിയ ആഹ്ളാദത്തിലാണ്.
വിവാഹശേഷം ലണ്ടനിലേക്ക് പോയ ആലിയ തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണത്തിരക്കിലായിരുന്നു. അതിനിടെയാണ് ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം പുറത്തുവിട്ടത്.
വാര്‍ത്ത പുറത്തുവന്നതു മുതല്‍ ആലിയയുടെ ആരോഗ്യസംരക്ഷണത്തെക്കുറിച്ചും ഗര്‍ഭകാല പരിചരണത്തെക്കുറിച്ചുമൊക്കെ കുറിപ്പുകള്‍ വന്നുതുടങ്ങി. അതിനിടെ, ആലിയയെ ലണ്ടനില്‍ നിന്നും കൂട്ടിക്കൊണ്ടു വരാന്‍ രണ്‍ബീര്‍ എത്തുമെന്നും ചിലര്‍ പടച്ചു വിട്ടു. ഇന്‍സ്റ്റഗ്രാമില്‍ അത്തരത്തില്‍ വന്നൊരു കുറിപ്പ് കയ്യോടെ പൊക്കിയിരിക്കുകയാണ് ആലിയ.
സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഗര്‍ഭിണിയായ ആലിയയെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ രണ്‍ബീര്‍ എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്കെതിരെയായിരുന്നു താരം പ്രതികരിച്ചത്. വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ആലിയ മറുപടി കൊടുത്തത്.
‘ചിലരുടെ തലയില്‍ നമ്മള്‍ ഇപ്പോഴും ചില പുരുഷാധിപത്യ ലോകത്ത് ജീവിക്കുന്നു എന്നാണ്. ഒട്ടും വൈകിയിട്ടില്ല!!! ആരും ആരെയും എടുക്കേണ്ട ആവശ്യമില്ല. ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സലല്ല!. എനിക്ക് വിശ്രമിക്കേണ്ട ആവശ്യമില്ല. അതിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഉണ്ടെന്ന് നിങ്ങള്‍ അറിയുന്നത് നല്ലതാണ്. ഇത് 2022 ആണ്. ഈ പുരാതന ചിന്താഗതിയില്‍ നിന്ന് പുറത്തുകടക്കാമോ? എങ്കില്‍ ഞാന്‍ പൊകട്ടെ, എന്റെ ഷോട്ട് റെഡിയാണ്.’
ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ലണ്ടനില്‍ ഷൂട്ട് പൂര്‍ത്തിയാക്കിയ ശേഷം ആലിയ വിശ്രമത്തിലേക്ക് കടക്കുമെന്ന് സൂചിപ്പിക്കുന്നതാണ് ആലിയ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ട്.കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ആ ആഴ്ച തന്നെ ഇരുവരും കമിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കുന്നതിനായി ഷൂട്ടിങ്ങ് ലൊക്കേഷനുകളിലേക്ക് മടങ്ങിയിരുന്നു. തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് ഇപ്പോള്‍ ആലിയ ഭട്ട്. അതിനിടെയാണ് കുടുംബത്തില്‍ സന്തോഷം പരത്തിയ പുതിയ വിശേഷവാര്‍ത്ത അറിയുന്നത്.അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ 9നാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.