നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അഡ്വ. എ. ജയശങ്കറിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. ഹൈക്കോടതിയിലെ മൂന്ന് വനിത അഭിഭാഷകരാണ് അപേക്ഷ നല്‍കിയത്. വിചാരണകോടതി ജഡ്ജിയ്‌ക്കെതിരേ അഡ്വ. ജയശങ്കര്‍ നിരന്തരം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണു പരാതി. അഭിഭാഷകന്‍ കൂടിയായ അദ്ദേഹത്തിന്റെ നടപടി ബോധപൂര്‍വവും ജഡ്ജിയെ സമൂഹത്തില്‍ അവഹേളിക്കാനും നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്നും വനിതാ ജഡ്ജിയെ അപമാനിക്കാന്‍ നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമാണെന്നും ആണ് പരാതി.
‘നീതി ദേവത കൂറു മാറുമ്പോള്‍’ എന്ന തലക്കെട്ടിലാണ് സാമൂഹ്യ മാധ്യമം വഴി അഡ്വ. ജയശങ്കര്‍ വനിതാ ജഡ്ജിയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം നടത്തിയത്. ചാനല്‍ ചര്‍ച്ചയ്ക്കിടയിലും നിരന്തരം വനിതാ ജഡ്ജിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിജീവിതയായ നടിയ്‌ക്കെതിരും പ്രതിയും നടനുമായ ദിലീപിന് അനുകൂലവുമായ സമീപനമാണു ജഡ്ജിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
പരാതിയില്‍ അഡ്വക്കേറ്റ് ജനറല്‍ പരാതിക്കാരെ നോട്ടീസ് നല്‍കി വിളിപ്പിച്ചു നേരിട്ടു വാദം കേള്‍ക്കുകയാണു ആദ്യ നടപടി. പരാതിയില്‍ കാര്യം ഉണ്ടെന്ന് ബോധ്യപ്പെടുകയാണെങ്കില്‍ എതിര്‍കക്ഷിയ്ക്ക് നോട്ടീസയച്ചു വരുത്തി വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിക്കും. മറുപടി തൃപ്തികരം അല്ലെങ്കില്‍ പ്രോസിക്യൂഷന്‍ നടപടിയ്ക്കു അനുമതി നല്‍കും.
നേരത്തെ ചാനല്‍ചര്‍ച്ചയ്ക്കിടെ വ്യക്തിപരമായും കുടുംബത്തിനെതിരേയും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന സ്പീക്കറും സി.പി.എം. നേതാവുമായ എം.ബി. രാജേഷിന്റെ പരാതിയില്‍ അഡ്വ. ജയശങ്കര്‍ കഴിഞ്ഞമാസം ഒറ്റപ്പാലം കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. 2019 ഡിസംബര്‍ ആറിന് ചാനല്‍ചര്‍ച്ചയിലാണ് എം ബി രാജേഷ്, ഭാര്യാസഹോദരന്‍ നിതിന്‍ കണിച്ചേരി, ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ ജയശങ്കര്‍ വിവാദ പരാമര്‍ശം നടത്തിയത്.വാളയാര്‍ കേസിലെ പ്രതികളെ രാജേഷും നിതിന്‍ കണിച്ചേരിയും ചേര്‍ന്ന് രക്ഷപ്പെടുത്തുക ആയിരുന്നുവെന്നാണ് ആരോപിച്ചത്.
അതേസമയം, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞമാസം ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു കോടതിക്കെതിരേ നടത്തിയ പരാമര്‍ശം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെ അഭിഭാഷകനായ എം.ആര്‍. ധനിലാണ് അപേക്ഷ നല്‍കിയത്. ജുഡീഷ്യറിയെ അപമാനിക്കുന്നതാണു പരാമര്‍ശങ്ങളെന്നും ഇതു കോടതി അലക്ഷ്യം ആണെന്നുമാണു പരാതിക്കാരന്‍ ആരോപിക്കുന്നത്.
‘പണമുള്ളവര്‍ക്ക് മാത്രമേ കോടതികളില്‍ പോകാന്‍ സാധിക്കുകയുള്ളൂ, എത്ര സാക്ഷികളെ വേണമെങ്കിലും കൂറുമാറ്റാന്‍ സാധിക്കുകയുള്ളൂ, ഏതറ്റം വരെയും എന്ത് അതിക്രമവും കാണിക്കാന്‍ സാധിക്കുകയുള്ളൂ. പാവപ്പെട്ടവര്‍ ഇതെല്ലാം കണ്ടും കേട്ടും സഹിച്ചും ഇവിടെ ജീവിക്കണമെന്ന് നമ്മളോട് വിളിച്ചുപറയുകയാണ് കോടതികള്‍. അവര്‍ ആദ്യമേ വിധിയെഴുതിവച്ചു കഴിഞ്ഞു. ഇനിയത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ. പിന്നെ ഇപ്പോള്‍ നടക്കുന്നത് മുഴുവനും മറ്റ് പല നാടകങ്ങളാണ് ‘ എന്നായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്.
നടിയെ ആക്രമിച്ച സംഭവത്തില്‍ അതിജീവിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നടി ഭാഗ്യലക്ഷ്മി രംഗത്തു വന്നിരുന്നു ഇത് നടിക്ക് വേണ്ടിയല്ല, ഒരു പെണ്‍കുട്ടിക്ക് വേണ്ടിയാണ്. കാല് പിടിച്ച് നീതി തരൂ എന്ന് അപേക്ഷിക്കേണ്ട രീതിയിലേക്ക് അല്ല ഇത് പോകേണ്ടതെന്നും ഭാഗ്യലക്ഷമി പറഞ്ഞിരുന്നു. എല്ലാവര്‍ക്കും ഭയഭക്തി ബഹുമാനത്തോടെ കാണാന്‍ സാധിക്കണമെങ്കില്‍ മാതൃകാപരമായ കോടതി ആകുമ്പോള്‍ മാത്രമേ സാധിക്കൂ. അല്ലെങ്കില്‍ ജനങ്ങള്‍ കോടതികളെ പുച്ഛിക്കുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.