നിലവില്‍ മാന്യമായ മറ്റൊരു ക്ലബ്ബില്‍ അംഗത്വം എനിക്കുള്ള സ്ഥിതിക്ക് ‘അമ്മ’ എന്ന ക്ലബ്ബില്‍ കൂടി ഒരു അംഗത്വം അഗ്രഹിക്കുന്നില്ല; എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ ചെയ്യണമെന്ന് ജോയ് മാത്യു

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ജോയി മാത്യു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ‘അമ്മ’യില്‍ നിന്ന് വാങ്ങിയ അംഗത്വഫീസ് തിരിച്ചു വേണമെന്നാവശ്യപ്പെട്ട് ‘അമ്മ’ നേതൃത്വത്തിന് കത്തയച്ചിരിക്കുകയാണ് ജോയി മാത്യു.

‘അമ്മ’ എന്ന സംഘടന ക്ലബ് ആണ് എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ജോയി മാത്യുവിന്റെ നടപടി.

ജോയ് മാത്യു ‘അമ്മ’ നേതൃത്ത്വത്തിന് അയച്ച കത്തിന്റെ പൂര്‍ണ രൂപം

‘കഴിഞ്ഞ ദിവസം നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്ററിംഗില്‍ തൊഴില്‍പരമായ ബാധ്യതകളാല്‍ എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. അന്നേ ദിവസം നടന്ന പത്ര സമ്മേളനത്തില്‍ താങ്കള്‍ ‘അമ്മ’ ഒരു ക്ലബ്ബ് ആണെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആ രീതിയിലാണെന്നും പറയുന്നത് കേട്ടു.

‘അമ്മ’ എന്ന സംഘടന അതിലെ അംഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണെന്നാണ് അറിവ്. ക്ലബിന്റെ പ്രവര്‍ത്തന രീതിയും ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയും രണ്ടാണല്ലോ. നിലവില്‍ മാന്യമായ മറ്റൊരു ക്ലബ്ബില്‍ അംഗത്വം എനിക്കുള്ള സ്ഥിതിക്ക് ‘അമ്മ’ എന്ന ക്ലബ്ബില്‍കൂടി ഒരു അംഗത്വം ഞാന്‍ അഗ്രഹിക്കുന്നില്ല എന്നറിയിക്കട്ടെ.

ആയത് കൊണ്ട് ക്ലബ്ബ് എന്ന പദപ്രയോഗം തിരുത്തുകയോ അല്ലാത്തപക്ഷം എന്നെ തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ അംഗത്വഫീസ് തിരിച്ചു തരികയോ വേണം എന്ന് അപേക്ഷിക്കുന്നു’ എന്നുമാണ് ജോയ് മാത്യുവിന്റെ കത്തില്‍ പറയുന്നത്.

Vijayasree Vijayasree :