ആ വലിയ ആഗ്രഹം പൂര്‍ത്തിയാക്കാതെ അംബിക മടങ്ങി; ഓര്‍മ്മകള്‍ പങ്കിട്ട് സംവിധായകന്‍ ലാല്‍ ജോസ്

പ്രശസ്ത നടി അംബിക റാവു ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. കൊവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അംബിക. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ച്. എന്നാല്‍ ഇപ്പോഴിതാ അംബികയ്‌ക്കൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കിട്ട് എത്തിയിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

‘കൊവിഡ് സമയത്ത് വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നു. മകന്റെ ഏക വരുമാനത്തിലാണ് അവര്‍ കഴിഞ്ഞിരുന്നത്. തന്നാല്‍ കഴിയുന്ന സഹായം ചെയ്തിരുന്നു. സ്വന്തമായി സിനിമ സംവിധാനം ചെയ്യണമെന്നത് അംബികയുടെ വലിയ ആഗ്രഹമായിരുന്നു. അതിന് വേണ്ടിയുള്ള ആദ്യ ശ്രമങ്ങള്‍ ആരംഭിച്ചതുമാണ്. ആഗ്രഹം പൂര്‍ത്തിയാക്കാതെയാണ് അംബിക മടങ്ങുന്നത്.’ എന്നും ലാല്‍ ജോസ് പറയുന്നു.

ബാംഗ്ലൂരില്‍ ആഡ് ഏജന്‍സി നടത്തിയിരുന്ന അംബിക, സിനിമാ മോഹവുമായി നടന്നിരുന്ന സമയം. തന്റെ ‘മീശമാധവന്‍’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം അഭിനയിച്ചു. മാധവന്‍ കട്ട കിണ്ടി വാങ്ങുന്ന സ്ത്രീ അംബികയാണ്. പിന്നീട് ‘പട്ടാളം’ എന്ന സിനിമയിലും വേഷമിട്ടു. ‘സിനിമയില്‍ മാമുക്കോയയുടെ ഭാര്യയായി, ചായക്കടക്കാരിയുടെ വേഷത്തില്‍ അഭിനയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും പ്രാവീണ്യമുള്ള അംബിക പിന്നീട് ട്രാന്‍സ്ലേറ്റര്‍ ആയി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

മറു ഭാഷാ നടികള്‍ക്ക് മലയാളം സംസാരിക്കാന്‍ പഠിപ്പിച്ചിരുന്നത് അംബികയാണ്. അസോസിയേറ്റ് ഡയറക്ടറായും സജീവമായിരുന്നു. പ്രശ്‌നങ്ങളെ നേരിട്ട് സിനിമാ മേഖലയില്‍ പിടിച്ചു നിന്ന വ്യക്തിയാണ് അംബിക. നല്ലൊരു സ്ത്രീയായിരുന്നു.വളരെ കാലമായി അറിയാം, വിശേഷങ്ങള്‍ പരസ്പരം വിളിച്ചു പറയാറുണ്ടായിരുന്നു’ എന്നും ലാല്‍ ജോസ് പറഞ്ഞു.

Vijayasree Vijayasree :