മലയാളിക്ക് ഇനി കെ.ജി.എഫ്, ബാഹുബലി, വിക്രം,പോലത്തെ സിനിമകൾ മാത്രം പോരാ ; ഇവിടെ എല്ലാ തരം സിനിമകളും ഉണ്ടാകണം ; സംവിധായകൻ തരുൺ മൂർത്തി !

ഓപ്പറേഷൻ ജാവ എന്ന സിനിമയുടെ സംവിധായകൻ തരുൺ മൂർത്തി കഴിഞ്ഞ ദിവസം സിനിമകൾ കാണാൻ തിയേറ്ററിൽ പ്രേക്ഷകർ കുറയുന്നതിന്റെ കാരണം അറിയാൻ ആഗ്രഹമുണ്ട് എന്ന തരത്തിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. തരുണിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. അതിന് പിന്നാലെ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് തരുൺ

ആർട് മൂവി, മാസ് മസാല മൂവി എന്നൊക്കെ വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന വേർ തിരിവ് കഴിഞ്ഞ 10-15 വർഷം കൊണ്ട് ന്യൂ ജനറേഷൻ എന്ന വിശേഷണത്തിൽ വന്ന ഒരു കൂട്ടം സംവിധായകർ ഇല്ലാതെയാക്കി എന്ന് തന്നെ പറയാം, കാരണം ഇവിടെ എല്ലാ സിനിമകൾക്കും ഇടം ഉണ്ടായിരുന്നു, എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. നല്ലത്, ചീത്ത എന്ന വേർതിരിവുകൾക്കപ്പുറം സ്വാർത്ഥമായ ആവശ്യങ്ങൾക്ക് വേണ്ടി സിനിമയെ ചെളി വാരിയെറിയരുത് എന്നൊരു അപേക്ഷയുണ്ട് എന്നും തരുൺ മൂർത്തി കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ ദിവസം പങ്ക് വെച്ച ആശങ്ക എല്ലാരും ചർച്ച ചെയ്തതിൽ സന്തോഷം. ഒരുപാട് ആഗ്രഹിച്ചു സിനിമയിൽ എത്തി ഒരു സിനിമ മാത്രം സംവിധാനം ചെയ്ത്, അടുത്ത സിനിമയുടെ റിലീസിനായി കാത്തിരിക്കുന്ന ഒരു സംവിധായകന്റെ ആകുലതകൾ തന്നെയാണ് ഇത്.
ഇതിന്റെ പേരിൽ മറ്റ് സിനിമ ഗ്രൂപ്പുകളിൽ ഉണ്ടായ ചർച്ചകൾ വായിക്കുകയും,
പ്രേക്ഷകന്റെ അമർഷവും, അരിശവും എല്ലാം കാണുകയുമുണ്ടായി…എല്ലാത്തിനെയും അതിന്റെ മാനത്തിൽ തന്നെ മനസ്സിലാക്കുന്നു.
ആർട് മൂവി, മാസ് മസാല മൂവി എന്നൊക്കെ വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന വേർ തിരിവ് കഴിഞ്ഞ 10-15 വർഷം കൊണ്ട് ന്യൂ ജനറേഷൻ എന്ന വിശേഷണത്തിൽ വന്ന ഒരു കൂട്ടം സംവിധായകർ ഇല്ലാതെയാക്കി എന്ന് തന്നെ പറയാം, കാരണം ഇവിടെ എല്ലാ സിനിമകൾക്കും ഇടം ഉണ്ടായിരുന്നു. നിരൂപകർ അതിനെ സുവർണ കാലം എന്നെല്ലാം വിളിച്ചിരുന്നു. ഞാൻ അടക്കം പലരും ആ സുവർണ കാലത്തിൽ നിന്നും ഇൻസ്പിരേഡ് ആയി സിനിമയിൽ എത്തിപ്പെട്ടവരാണ്… അതിന്റെ തുടർച്ച ആഗ്രഹിച്ചവരുമാണ്. പക്ഷെ ആ തുടർച്ച സംഭവിക്കുന്നില്ല എങ്കിൽ
ഞാൻ അടക്കം എല്ലാരും മാറി ചിന്തിക്കേണ്ടി ഇരിക്കുന്നു.

നല്ലത്, ചീത്ത എന്ന വേർതിരിവുകൾക്കപ്പുറം സ്വാർത്ഥമായ ആവശ്യങ്ങൾക്ക് വേണ്ടി സിനിമയെ ചെളി വാരിയെറിയരുത് എന്നൊരു അപേക്ഷയുണ്ട്.സഹപ്രവത്തകരോടും, പ്രേക്ഷകരോടും.സിനിമ നല്ലതല്ലേൽ അല്ല എന്നും, നല്ലതാണേൽ ആണെന്നും പറയുന്നതിൽ ഒരു തെറ്റുമില്ല, അങ്ങനെ തന്നെ പറയുകയും വേണം, പക്ഷേ മലയാളിക്ക് ഇനി കെ.ജി.എഫ്, ബാഹുബലി, വിക്രം,പോലത്തെ സിനിമകൾ മാത്രം മതി എന്ന വാദത്തിൽ ഞാൻ വിശ്വസിക്കുന്നില്ല…!
ഇവിടെ എല്ലാ തരം സിനിമകളും ഉണ്ടാകണം.റിയലിസ്റ്റിക് സിനിമയും, സെമി റിയലിസ്റ്റിക് സിനിമയും, എല്ലാം ഉണ്ടാകണം.

പക്ഷെ ഓരോ സിനിമയും പ്രേക്ഷകനോട് “കണക്ട്” ചെയ്യണം. തിയേറ്റർ സ്ക്രീനിനും പ്രേക്ഷകനും ഇടയിലെ ഒരു പാട പൊട്ടിക്കാൻ ഏല്ലാ വിഭാഗം സിനിമകൾക്കും സാധിക്കണം എന്ന് പറയനാണ് തോന്നുന്നത്.

ആകുലതകൾ ഏറെ ഉണ്ടെങ്കിലും ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ ഇവിടെ പ്രേക്ഷകനെ കണക്ട് ചെയ്ത ഒരു സിനിമ പോലും പരാജയപ്പെട്ടിട്ടില്ല, അതിനിയും അങ്ങനെ തന്നെ ആയിരിക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു.സിനിമ അങ്ങനെ ആണ്.. എത്രത്തോളം പ്രേക്ഷകരോട് അടുക്കുന്നോ അത്രത്തോളം അവർ ചേർത്ത് നിർത്തും.’

AJILI ANNAJOHN :