വിഡ്ഢികളെ പണം കൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാം; അമ്മയുടെ നിലപടിൽ പ്രതികരിച്ച് വിജയ് ബാബു കേസിലെ അതിജീവിത !

താര സംഘടനയായ അമ്മയുടെ വാര്‍ഷിക ജനറൽ ബോഡി യോഗം കഴിഞ്ഞ ദിവസമായിരുന്നു . യോഗത്തില്‍ പീഡനക്കേസ് നേരിടുന്ന നടന്‍ വിജയ് ബാബു പങ്കെടുത്ത സംഭവത്തില്‍ രൂക്ഷ വിമർശനമാണ് ഉയരുന്നത് . ഇപ്പോൾ ഇതിൽ പ്രതികരിച്ച് അതിജീവിത രംഗത്ത് എത്തിയിരിക്കുകയാണ് . സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒറ്റ വരി കുറിപ്പിലാണ് അതിജീവിതയുടെ പ്രതികരണം. വിഡ്ഢികളെ പണം കൊണ്ടും പദവികൊണ്ടും നിശബ്ദരാക്കാമെന്ന് അതിജീവിത സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ സംഘടിപ്പിച്ച അമ്മയുടെ യോഗത്തിലാണ് വിജയ് ബാബു പങ്കെടുത്തത്. താരം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. മറ്റ് താരങ്ങള്‍ കൈകൊടുത്തും കെട്ടിപ്പിടിച്ചുമാണ് വിജയ് ബാബുവിനെ സ്വീകരിച്ചത്. കൂടാതെ വിജയ് ബാബുവിനെതിരായ കേസും അമ്മ യോഗത്തില്‍ ചര്‍ച്ചയായിരുന്നു.
അമ്മ ഒരു ക്ലബ്ബ് പോലെയാണെന്നും മറ്റ ്ക്ലബ്ബുകളില്‍ വിജയ് ബാബു അംഗമാണെന്നും കേസിന്റെ പേരില്‍ അവിടെ നിന്നൊന്നും പുറത്താക്കിയിട്ടില്ലെന്ന് ഇടവേള ബാബു പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് കാത്തിരിക്കുന്നതെന്നും അമ്മ ഭാരവാഹികള്‍ പറഞ്ഞു. വിജയ് ബാബു കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന വിധി വന്ന ശേഷം തീരുമാനമെടുക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

കേസില്‍ പ്രതിയായിരുന്നപ്പോള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും വിജയ് ബാബു മാറി നിന്നിരുന്നു. സംഘടനയുടെ അംഗമെന്ന നിലയിലാണ് യോഗത്തില്‍ പങ്കെടുത്തതെന്നും ഭാരവാഹികള്‍ അറിയിച്ചതു. അതേസമയം, അമ്മ സംഘടനയുടെ നിലപാടിനെതിരെ വിര്‍ശനവുമായി അതിജീവിതയുടെ പിതാവ് രംഗത്തെത്തി.താര സംഘടന സ്വീകരിച്ച നടപടി അപലപനീയമാണെന്ന് പിതാവ് പറഞ്ഞു. വിജയ് ബാബു തെറ്റ് ചെയ്തിട്ടില്ല എങ്കില്‍ പരാതി പിന്‍വലിക്കാന്‍ എന്തിനാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന് അദ്ദേഹം ചോദിച്ചു. പണവും സ്വാധീനവും ആളുകളും ഉള്ളവര്‍ക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


അമ്മ സംഘടന അന്തസ്സുള്ള സംഘടനയായിരുന്നെങ്കില്‍ മാറി നില്‍ക്കാന്‍ വിജയ് ബാബുവിനോട് പറയുമായിരുന്നു. കേസ് കഴിയുന്ന വരെ കാക്കാം ആയിരുന്നു. പരാതിയില്‍ നിന്ന് പിന്മാറാന്‍ വിജയ് ബാബു ഒരു കോടി രൂപ മകള്‍ക്ക് വാഗ്ദാനം ചെയ്തു. ഒരു സുഹൃത്ത് മുഖേനയാണ് പണം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.അവളുടെ സഹോദരിയെ ഫോണില്‍ വിളിച്ച് കാലുപിടിച്ചെന്ന പോലെയാണ് വിജയ് ബാബു സംസാരിച്ചത്. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫോണ്‍ റെക്കോര്‍ഡിംഗ് കയ്യിലുണ്ട്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ പണം വാഗ്ദാനം ചെയ്തത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചാനല്‍ ചര്‍ച്ചയില്‍ ചോദിച്ചു.താനാണ് ഇരയെന്ന് പറഞ്ഞു നടന്നയാള്‍ എന്തിനാണ് കുട്ടിയുടെ പിറകെ നടന്നത്. പെണ്‍കുട്ടി ഒരു കാരണവശാലും വഴിപിഴച്ച് നടക്കുന്നവളല്ല. ഒരു മാസത്തിനകത്ത് നടന്ന സംഭവമാണിത്. പുറത്ത് പറയാന്‍ പറ്റാത്ത വേദനയിലാണ് അവള്‍ നടന്നത്. ഇയാള് പറയുന്നു അങ്ങോട്ട് ഫോണ്‍വിളിച്ചു ചാറ്റ് ചെയ്തുവെന്ന്, ഇയാള്‍ അവളെക്കാള്‍ ഇരട്ടിപ്രായമുള്ള വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

AJILI ANNAJOHN :