നടിയെ ആക്രമിച്ച കേസ് ; ദിലീപും മുൻ ഡി ജി പിയും ചേർന്ന് അട്ടിമറിച്ചെന്ന ആരോപണം അന്വേഷിച്ചോ: നിയമസഭയില്‍ ചോദ്യങ്ങളുമായി ഉമ തോമസ് !

നടിയെ ആക്രമിച്ച കേസ് വളരെ നിർണ്ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ കേസ് സബന്ധിച്ച കാര്യങ്ങളിൽ നിയമസഭയിലും ചോദ്യം ഉന്നയിച്ച് ഉമ തോമസ് എംഎല്‍എ .തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യു ഡി എഫ് എംഎല്‍എ ഉമ തോമസിന് ആദ്യ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. പിടി തോമസിന്റെ പിന്മാഗിമായി നിയമസഭയിലേക്ക് എത്തുന്ന അദ്ദേഹത്തിന്റെ പ്രിയപത്നി ഉമ തോമസ് ഈ മാസം പതിനഞ്ചിന് തന്നെ എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

മുതിർന്ന പ്രതിപക്ഷ നേതാക്കളുടെ സാന്നിധ്യത്തില്‍ സ്പീക്കറുടെ ചേംമ്പറില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ആദ്യ നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ ചോദ്യം ഉന്നയിക്കാനുള്ള അവസരവും ഉമ തോമസിന് ലഭിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും എം എല്‍ എ സഭയില്‍ ഉന്നയിക്കുക.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍, അതായത് ആക്രമിക്കപ്പെട്ട നടി ലാലിന്റെ വീട്ടില്‍ എത്തിയത് മുതല്‍ ഈ കേസില്‍ ഇടപെട്ട വ്യക്തിയായിരുന്നു പിടി തോമസ്. ലാല്‍ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു പിടി തോമസ് ലാലിന്റെ വീട്ടില്‍ എത്തിയതും നടിയെ ആശ്വസിപ്പിക്കുകയും പൊലീസില്‍ കേസ് കൊടുക്കുന്ന നടപടികളിലേക്ക് പോയത്. തുടർന്ന് കേസിന്റെ വിചാരണ വേളയിലും പിടി തോമസ് നടിക്ക് വേണ്ടി ശക്തമായി നിലകൊണ്ടിരുന്നു.

പിടി തോമസിന്റെ പിന്മാഗിമായി എത്തുന്ന ഉമ തോമസും ഈ വിഷയത്തില്‍ തന്നെ ആദ്യ ചോദ്യമുന്നയിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന നടിയുടെ ആരോപണങ്ങള്‍ അടക്കം ഉമ തോമസ് ഇന്ന് സഭയില്‍ ഉന്നയിക്കും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉമ തോമസിന്റെ ചോദ്യത്തിലുണ്ട്.

ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോടാണ് ഉമ തോമസിന്റെ ചോദ്യം. നടിയെ ആക്രമിച്ച കേസ് സർക്കാർ അട്ടിമറിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? എങ്കിൽ ഇത് ഗൗരവത്തോടെ കാണുന്നുണ്ടോ?, മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്ന് ഫോറൻസിക് ലാബ് ജോയിൻറ് ഡയറക്ടർ 29/01/2020 ന് സർക്കാറിനെ അറിയിച്ചിരുന്നോ? എങ്കിൽ ഇതിന്മേൽ അന്ന് തന്നെ അന്വേഷണം നടത്താത്തതിന്റെ കാരണം വിശദമാക്കാമോ എന്നീ ചോദ്യങ്ങളാണ് നടി ആക്രമിക്കപ്പെട്ട കേസുമായി ഉമ തോമസ് ഉന്നയിക്കുന്നത്.

കേസിലെ പ്രതിയായ നടൻ മുൻ ഡി ജി പി ലോക്നാഥ് ബെഹ്റയെ വിളിക്കുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന ആരോപണത്തിൽ അന്വേഷണം നടത്തിയിട്ടുണ്ടോയെന്ന കാര്യവും ഉമ തോമസ് ഉന്നയിക്കുന്ന ചോദ്യങ്ങളിലുണ്ട്. കേസില്‍ അട്ടിമറി നടന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടിട്ടുണ്ടോയെന്നും അവർ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിൽ ഉന്നയിച്ചിട്ടുണ്ട്.

സ്ത്രീ വിഷയങ്ങളില്‍ തന്നെ കൂടുതല്‍ ചോദ്യങ്ങളും ഉമ തോമസ് ഉന്നയിക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഉൾപ്പെടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍, വാളയാർ പോലുള്ള കേസുകളില്‍ രാഷ്ട്രീയം സംരക്ഷണം നല്‍കുന്നുവെന്ന ആക്ഷേപം, മുഖ്യമന്ത്രിയുടെ പരിപാടികളിലും യാത്ര ഇടങ്ങളിലും കറുത്ത മാസ്‌കിനും വസ്ത്രത്തിനും വിലക്കുണ്ടോയെന്നും ഉമ തോമസ് ചോദിച്ചിട്ടുണ്ട്.

അതേസമയം, ഉമ തോമസിന് പുറമെ വടകര എം എൽ എ കെ കെ രമയും സമാന ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമായി ഉന്നയിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട വിഷയങ്ങളില്‍ നേരത്തേയും സജീവമായി ഇടപെട്ട നേതാവാണ് കെ കെ രമ എം എല്‍ എ. നിയമസഭ സമ്മേളനത്തില്‍ തന്നെ കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ അവർ ഉന്നയിച്ചിരുന്നു.

AJILI ANNAJOHN :