പ്രായത്തെക്കാളേറെ പക്വമാർന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തിന് എന്നും കൈമുതലായിരുന്നു; ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അനുശോചന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പിണറായി വിജയനുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന നടൻ കൂടിയായിരുന്നു ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി.

പ്രായത്തെക്കാളേറെ പക്വമാർന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തിന് എന്നും കൈമുതലായിരുന്നുവെന്നും, ഈ ഘടകമാണ് അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കിയത്. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തിയെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലനും മരണത്തില്‍ അനുശോചനം അറിയിച്ചു.

ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു. ആദ്യം പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ചികിത്സ തേടുകയായിരുന്നു. ആ സമയത്ത് കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു. ന്യുമോണിയ ഭേദമായതിനെത്തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയായിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് രണ്ടുദിവസത്തിനുശേഷം വീണ്ടും പനി ബാധിക്കുകയും തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

രണ്ടുദിവസം ഐ.സി.യുവില്‍ കഴിയേണ്ടിവന്നെങ്കിലും വൈകാതെ ആരോഗ്യം വീണ്ടെടുത്തു. ആസ്പത്രിയിലായിരുന്നപ്പോള്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ വിവരങ്ങള്‍ ഫോണിലൂടെ അന്വേഷിച്ചിരുന്നു. കോവിഡ് കാലമായതിനാല്‍ കോറോത്തെ തറവാട്ടില്‍ തന്നെയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കഴിഞ്ഞിരുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിരിയുടെ ഭാര്യാപിതാവ് കൂടിയാണ് അദ്ദേഹം

Noora T Noora T :