‘ഹൃദയം’ സിനിമയുടെ ഷൂട്ടിംഗിനിടയിൽ മാസ്റ്റര്‍ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദര്‍ശനും. ‘അവസാനം ബിഗ് സ്ക്രീനിൽ കാണാൻ സാധിച്ചു, സാധാരണ മാസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്‌തം’ എന്നാണ് ചിത്രം കണ്ട ശേഷം വിനീത് കുറിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് മാസ്കണിഞ്ഞ് തീയേറ്ററിൽ ‘മാസ്റ്റര്‍’ കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത്. സെൽഫി ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളും വീഡിയോയും കല്യാണി പങ്കുവെച്ചിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. നടി ദര്‍ശന രാജേന്ദ്രനും ചിത്രത്തില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്.
ഏറെ നാളുകൾക്ക് ശേഷം കൈയ്യടികൾക്കും വിസിലടിക്കും മധ്യേയിരുന്ന് സിനിമ കണ്ടു. ഏറെ ഫൺ ആയിരുന്നു. ബിഗ് സ്ക്രീൻ അനുഭവം തിരിച്ച് തന്നെ ലോകേഷിന് നന്ദി. എന്ന് കുറിച്ചുകൊണ്ട് മാസ്റ്റർ സംവിധായകനായ ലോകേഷ് കനകരാജ് ഹൃദയം ലൊക്കേഷന്‍ സന്ദര്‍ശിച്ചപ്പോഴുള്ള ചിത്രവും വിനീത് പങ്കുവെച്ചിട്ടുണ്ട്. ഈ അനുഭവം വർണ്ണിക്കാൻ വാക്കുകളില്ല എന്ന് കുറിച്ചുകൊണ്ടാണ് കല്യാണി സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. അതേസമയം കോവിഡ് കാലത്തും കലക്‌ഷന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ് വിജയ് നായകനായ മാസ്റ്റര്‍ സിനിമ. അഞ്ച് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്ന് മാത്രം 125 കോടി രൂപയാണ് ചിത്രം കലക്ട് ചെയ്തത്.