റഹ്മാന്റെ ‘സമാറ’ യുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് !

എൺപതുകളിൽ മലയാള സിനിമയിലെ റഹ്മാൻ ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു. മലയാള സിനിമയിൽ തിളങ്ങി നിൽക്കവേയായിരുന്നു റഹ്മാൻ തമിഴകത്തേക്ക് ചേക്കേറിയത്. പിന്നീട് തെന്നിന്ത്യ ഏറ്റെടുത്ത താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തൻ്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.

ഏറെ കാലത്തിന് ശേഷം റഹ്മാൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘സമാറ’. ചിത്രത്തിന്റെ ടൈറ്റിൽ പുറത്തു വിട്ടു. യുവ താരങ്ങളായ ടൊവിനോ തോമസും സണ്ണി വെയിനുമാണ് ചിത്രത്തിൻ്റെ പേര് സോഷ്യൽ മീഡിയകളിലൂടെ പ്രഖ്യാപിച്ചത്. മലയാളത്തിൽ വളരെ സെലക്ടീവായി പ്രോജക്ടുകൾ ചെയ്യുന്ന റഹ്മാൻ്റെ പുതിയ സിനിമയുടെ പേര് ” സമാറ “എന്നാണ്. പുതുമുഖ യുവ സംവിധായകൻ ചാൾസ് ജോസഫാണ് കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ” സമാറ ” അണിയിച്ചൊരുക്കുന്നത്.

ഫോറൻസിക് ആധാരമായുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ചിത്രമാണ് സമാറ. നിവിൻ പോളിയുടെ ‘മൂത്തോനി’ലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു, രാഹുൽ മാധവ്, ബിനോജ് വില്ല്യ എന്നിവരും ചിത്രത്തിലുണ്ട്. വീർ ആര്യൻ, ശബരീഷ് വർമ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ ഭരത് ആണ് ‘സമാറ’യിൽ മർമ്മ പ്രധാനമായ മറ്റൊരു കഥാപാത്രമായി എത്തുന്നത്. പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ.

ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീത സംവിധാനം ദീപക് വാര്യരാണ് ഒരുക്കുന്നത്. കലാ സംവിധാനം രഞ്ജിത്ത് കോത്താരിയാണ് നിർവ്വഹിക്കുന്നത്. പീക്കോക് ആർട്ട് ഹൗസിൻ്റെ ബാനറിൽ എം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ കൂട്ടായ്മയുടെ ആദ്യ ചിത്രമായ സമാറയുടെ ചിത്രീകരണം കശ്മീരിൽ തുടങ്ങി. സി. കെ അജയ് കുമാറാണ് പി ആർ ഒ.

1980 കളിൽ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റഹ്മാന്റെ കളം മാറിയതോടെ മലയാളത്തിൽ നിന്ന് ഏറെക്കാലം വിട്ടുനിന്നു. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. കാണാമറയത്ത്, വാർത്ത, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ റഹ്മാന്റെയായി പുറത്തുവന്നു. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിൽ റഹ്മാൻ നായകവേഷവും മോഹൻലാൽ വില്ലൻ വേഷവും ചെയ്തു എന്നതിൽ നിന്നു തന്നെ റഹ്മാന്റെ അന്നത്തെ താരമൂല്യം മനസ്സിലാക്കാം. ഭരതന്റെ ഇത്തിരി പൂവേ ചുവന്ന പൂവേ, ചിലമ്പ്, കെ എസ് സേതുമാധവന്റെ സുനിൽ വയസ് 20, സത്യൻ അന്തിക്കാടിന്റെ ഗായത്രീദേവി എന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.

Noora T Noora T :