‘ബറോസ്’ കഴിഞ്ഞിട്ട് മോഹന്‍ലാല്‍ വേറൊരു പടം ഡയറക്ട് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല; കാരണം തുറന്ന് പറഞ്ഞ് സന്തോഷ് ശിവന്‍

മോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് ബറോസ്. ത്രിഡിയില്‍ ഒരുങ്ങുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

ഇപ്പോഴിതാ, മോഹന്‍ലാല്‍ എന്ന സംവിധായകനെ കുറിച്ചും ‘ബറോസി’നെ കുറിച്ചും സന്തോഷ് ശിവന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് ശ്രദ്ധേയമാകുന്നത്. ബറോസ് കഴിഞ്ഞ് മോഹന്‍ലാല്‍ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ കാരണവും വെളിപ്പെടുത്തി.

‘ബറോസ്’ കഴിഞ്ഞിട്ട് മോഹന്‍ലാല്‍ വേറൊരു പടം ഡയറക്ട് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയാെരു താല്‍പ്പര്യം അദ്ദേഹത്തിന് ഇല്ല. പക്ഷേ ഇഷ്ടപ്പെട്ട എന്തെങ്കിലും വന്നാല്‍ തീര്‍ച്ചയായും മോഹന്‍ലാല്‍ സിനിമ ചെയ്യും. അതിനുള്ള 100 ശതമാനം കഴിവ് അദ്ദേഹത്തിനുണ്ട്. ‘ബറോസി’ല്‍ തീര്‍ച്ചയായും ലാലേട്ടന്റെ സിഗ്നേച്ചര്‍ ഉണ്ട്.

‘ബറോസ്’ ഷൂട്ട് തുടങ്ങിയപ്പോഴും ഏതെങ്കിലും കണ്ടിട്ട് എനിക്ക് അതുപോലെ വേണം ഇതുപോലെ വേണം എന്നൊന്നും ലാല്‍ സാര്‍ പറയില്ല. സെറ്റില്‍ എത്തി ഓര്‍ഗാനിക്കായി ഇങ്ങനെ ചെയ്യാമെന്ന് പറയും. ലാല്‍ സാര്‍ ഒരു വിഷ്വല്‍ ഡയറക്ടറാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നത് ഇന്ററസ്റ്റിങ് ആണ്. പിന്നെ ചാലഞ്ചസ് എനിക്കും ഇഷ്ടമാണ്. സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഭൂതമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

Vijayasree Vijayasree :