കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യത്തില്‍ ഹൈക്കോടതിയില്‍ വാദം തുടരവെ ഹാഷ് വാല്യു മാറ്റം സംബന്ധിച്ച വിഷയങ്ങളില്‍ മറുപടി നല്‍കി ഫോറന്‍സിക് ലാബ് അസി ഡയറക്ടര്‍. ഓണ്‍ലൈനായിട്ടായിരുന്നു അസി ഡയക്ടര്‍ ദീപ കാര്യങ്ങള്‍ വിശദികരിച്ചത്. എഫ് എഫ് എല്‍ പരിശോധനയിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തതായി കണ്ടെത്തിയത്.
എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കവെയാണ് മെമ്മറി കര്‍ഡ് ആക്‌സസ് ചെയ്തത് എന്നായിരുന്നു എഫ് എസ് എല്‍ കണ്ടെത്തല്‍.2018 ജനുവരി ഒന്‍പതിനും ഡിസംബര്‍ 18 നും ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് വിചാരണ കോടതിയ്ക്ക് എഫ് എസ് എല്‍ കൈമാറിയെങ്കിലും ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ വിചാരണ കോടതി തയ്യാറായിരുന്നില്ല.
തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇതേ ആവശ്യവുമായി വിചാരണ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവാണ് ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. ഈ ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നതാണ് ഹാഷ് വാല്യു മാറാന്‍ കാരണമായതെന്നാണ് എഫ് എസ് എല്‍ നേരത്തേ വ്യക്തമാക്കിയത്.
അതേസമയം മെമ്മറി കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വന്നാല്‍ ഹാഷ് വാല്യു ആകെ മാറുമെന്ന് ഹൈക്കോടതിയില്‍ വാദത്തിനിടെ ഫോറന്‍സിക് ലാബ് അസി ഡയറക്ടര്‍ ദീപ വിശദമാക്കി. ഹാഷ് വാല്യു സംബന്ധിച്ച് കോടതി ശാസ്ത്രീയ വിവരങ്ങള്‍ തേടിയപ്പോഴായിരുന്നു ദീപ വിശദീകരിച്ചത്. മെമ്മറി കാര്‍ഡിന്റെ മൊത്തം ഹാഷ് വാല്യു മാറിയതിനാല്‍ വിഡിയോ ആരോ കണ്ടിട്ടുണ്ടാകെന്ന സംശയവും അവര്‍ പ്രകടിപ്പിച്ചു.
അതേസമയം വീഡിയോയുടെ ഹാഷ് വാല്യു മാറാത്തതിനാല്‍ ദൃശ്യങ്ങള്‍ ആരും കോപ്പി ചെയ്തിട്ടില്ലെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കി. ആദ്യം ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്ത ദിവസം രാത്രി പത്ത് മണിക്കും രണ്ടാം തവണ ആക്‌സസ് ചെയ്തപ്പോള്‍ ഉച്ചയ്ക്ക് 12 മണിക്കുമാണെന്നായിരുന്നു നേരത്തേ മുന്‍ എഫ് എസ് എല്‍ ഉദ്യോഗസ്ഥന്‍ ഒരു സ്വകാര്യ ചാനലിലൂടെ വെളിപ്പെടുത്തിയത്.
കാര്‍ഡിനുള്ളിലെ വീഡിയോയുടെ ഹാഷ് വാല്യു മാറിയിട്ടില്ലേങ്കിലും മറ്റൊരു ഡിവൈസിന്റെ ഉപയോഗത്തോടെ വീഡിയോ കോപ്പി എടുക്കാന്‍ സാധ്യത ഉണ്ടെന്ന ആശങ്കയാണ് നിയമവിദഗ്ദര്‍ വിഷയത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ കോപ്പി ചെയ്തിട്ടുണ്ടെങ്കില്‍ അവ പ്രചരിക്കാന്‍ കാരണമാകുമെന്നും ഇത് കേസിനേയും അതിജീവിതയേയും പ്രതികൂലമായി ബാധിക്കുമെന്നും ഇവര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
അതിനിടെ മെമ്മറി കാര്‍ഡ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന എട്ടാം പ്രതി ദിലീപിന്റെ ആവശ്യം അംഗീകരിക്കുന്നതായി ഇന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ദിലീപിന്റെ ആവശ്യത്തോട് സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. മുന്‍ നിലപാടില്‍ നിന്നും വിരുദ്ധ നിലപാടാണ് ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര ലാബില്‍ പരിശോധിക്കുന്നത് സംസ്ഥാന ഫോറന്‍സിക് ലാബിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു.
അതേസമയം, ജുഡീഷ്യറിയുടെ മുകളിലുള്ള വിശ്വാസ്യത പണത്തിന്റെയോ അധികാരത്തിന്റെയും സ്വാധീനമുള്ള പ്രതികള്‍ക്ക് വേണ്ടി ഇങ്ങനെ കുഴഞ്ഞ് മറിയാന്‍ പാടില്ല. അല്ലെങ്കില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ ഇങ്ങനെ മാറ്റി മാറ്റി കളിക്കുന്നത് കാണുമ്പോള്‍ ഒരു നട്ടെല്ലുള്ള ജൂഡീഷ്യറി നമുക്ക് നഷ്ടപ്പെടുന്നു എന്നുള്ള സാഹചര്യം ഉണ്ടിവിടെ.
സ്വതന്ത്രമായ ജൂഡീഷ്യറിയെ ബാധിക്കുന്ന തരത്തില്‍ ഇവിടെ സ്വാധീനമുള്ള ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു. പോലീസില്‍ നിന്നുള്ള ആളുകളാണല്ലോ വിജിലന്‍സില്‍ ഇരിക്കുന്നത്. പൊലീസ് കുറേ അഴിമതിയും മറ്റ് നിയമപരമല്ലാത്ത കാര്യങ്ങളും ചെയ്യുമ്പോള്‍ അന്വേഷിക്കുന്നത് വിജിലന്‍സിലെ പൊലീസുകാര്‍ തന്നെയാണ്. അപ്പോള്‍ സ്വാഭാവികമായും ഇവര്‍ തമ്മില്‍ കൂട്ടുകെട്ട് ഉണ്ടാവില്ലേ. സഹപ്രവര്‍ത്തകര്‍ക്കെതിരായിട്ട് അല്ലേ അവര്‍ അന്വേഷമിക്കുന്നത്. പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാല്‍ ഇത്തരം വിങ്ങിനെ വിശ്വസിക്കാന്‍ പറ്റില്ലെന്നാണ് പറയുന്നതെങ്കില്‍ എന്താണ് പിന്നെ വിശ്വസിക്കാന്‍ കഴിയുകയെന്നും ആശാ ഉണ്ണിത്താ പറഞ്ഞിരുന്നു.
അതേസമയം പരിശോധിക്കാന്‍ അനുമതി നല്‍കരുതെന്ന വാദം തന്നെയായിരുന്നു ദിലീപ് ഇന്നും ആവര്‍ത്തിച്ചത്. കേസന്വേഷണം വൈകിപ്പിക്കാനുള്ള പ്രോസിക്യൂഷന്‍ പുതിയ അടവാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി. കേന്ദ്ര ലാബില്‍ പരിശോധിച്ചാലും റിപ്പോര്‍ട്ട് ലഭിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും ദിലീപ് പറഞ്ഞു. അതേസമയം സമയപരിധി നിശ്ചയിച്ച് പരിശോധന പൂര്‍ത്തിയാക്കമെന്നായിരുന്നു കോടതിയുടെ മറുപടി. അടുത്താഴ്ചയും കേസില്‍ വാദം തുടരും.