ലോക സിനിമാപ്രേമികള്‍ക്കിടയില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ‘ടൈറ്റാനിക്ക്’. ജാക്കിന്റെയും റോസിന്റെയും പ്രണയവും ടൈറ്റാനിക്ക് എന്ന കപ്പലിന്റെ ദുരന്തവും പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ അണിയറപ്രവര്‍ത്തകര്‍ അടുത്ത വാലന്റൈന്‍സ് ദിനത്തില്‍ ചിത്രത്തിന്റെ റീമാസ്റ്റേഡ് പതിപ്പ് പുറത്തിറക്കാന്‍ പദ്ധതിയിടുന്നു എന്ന വാര്‍ത്തകളാണ് വരുന്നത്.
‘ടൈറ്റാനിക്കി’ന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ പുത്തന്‍ പതിപ്പ് പുറത്തിറക്കുമെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 3ഡി 4കെ എച്ച് ഡിആറിലും ഉയര്‍ന്ന ഫ്രെയിം റേറ്റിലും റീമാസ്റ്റേര്‍ഡ് പതിപ്പ് സിനിമാശാലകളില്‍ ലഭ്യമാകും, 2023 ഫെബ്രുവരി 10 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ റിലീസ് ചെയ്യും.
1997ലാണ് ജെയിംസ് കാമറൂണ്‍ ചിത്രം ‘ടൈറ്റാനിക്ക്’ റിലീസ് ചെയ്തത്. ലിയോനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും ആയിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച എഡിറ്റിംഗ്, മികച്ച ഒറിജിനല്‍ ഗാനം എന്നിവ ഉള്‍പ്പെടെ 11 അക്കാദമി അവാര്‍ഡുകള്‍ ചിത്രം നേടി. ‘ടൈറ്റാനിക്കിന്റെ’ 3ഡി പതിപ്പ് 2012-ല്‍ പുറത്തിറങ്ങിയിരുന്നു. ആഗോള ബോക്സ് ഓഫീസില്‍ 2.2 ബില്യണ്‍ ഡോളറുമായി ഏറ്റവും അധികം കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയില്‍ ടൈറ്റാനിക്ക് മൂന്നാം സ്ഥാനത്താണ്.
