മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോര്‍ട്ടിന്റെ പ്രധാന്യം എന്താണെന്നെന്ന് ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി; പ്രതിക്ക് ഗുണകരമായിട്ടുണ്ടോയെന്നും ചോദ്യം

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് നടിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയിരുന്നു. കേസ് പരിഗണനയ്ക്ക് വന്നതോടെ ജഡ്ജ് പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതില്‍ വിചാരണ കോടതി തുടര്‍ന്നടപടി സ്വീകരിച്ചില്ലെന്നുമാണ് ക്രൈം ബ്രാഞ്ച് ഹര്‍ജി.

ജഡ്ജിയ്ക്കെതിരെയും ഹര്‍ജിയില്‍ ആരോപണമുണ്ട്. നേരത്തേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായിരുന്ന കൗസര്‍ എടപ്പഗത്തിന്റെ ഓഫീസില്‍ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ചോര്‍ന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജഡ്ജിക്കെതിരായ ഹര്‍ജിയില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറിയത്.

എന്നാല്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോര്‍ട്ടിന്റെ പ്രധാന്യം എന്താണെന്നെന്ന് ക്രൈംബ്രാഞ്ചിനോട് ചോദിച്ചിരിക്കുകയാണ് ഹൈക്കോടതി. ഇത് പ്രതിക്ക് ഗുണകരമായിട്ടുണ്ടോയെന്നും ഹൈക്കോടതി ചോദിച്ചു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടിയുടെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നായിരുന്നു എഫ് എസ് എല്‍ നേരത്തേ വിചാരണ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ട്.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ 2018 ജനുവരി 9 നും ഡിസംബര്‍ 13 നും ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. ഫോറന്‍സിക് ലാബില്‍ പരിശോധിച്ച മെമ്മറി കാര്‍ഡ് ഹാഷ് വാല്യു ലോക്ക് ചെയ്താണ് കോടതിക്ക് കൈമാറിയത്. ഇവയാണ് വീണ്ടും ആക്‌സസ് ചെയ്ത രീതിയില്‍ പരിശോധനയില്‍ കണ്ടെത്തിയത്. 9 ന് രാത്രി 10 മണിയോട് അടുത്തും 13 ന് ഉച്ചയോടെയുമാണ് മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തതെന്നാണ് കണ്ടെത്തിയതെന്നായിരുന്നു മുന്‍ എഫ് എസ് എല്‍ ഉദ്യോഗസ്ഥന്‍ നേരത്തേ വെളിപ്പെടുത്തിയത്.

അതേസമയം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു ആണ് മാറിയതെന്നും എന്നാല്‍ അതിനുള്ളിലെ ഫയലുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹാഷ് വാല്യു മാറിയ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ മറ്റേതെങ്കിലും ഡിവൈസ് ഉപയോഗിച്ച് പകര്‍ത്തിയോ എന്നതടക്കമുള്ള ആശങ്കകളാണ് നിയമ വിദഗ്ദര്‍ ഉയര്‍ത്തുന്നത്. ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്ന് നേരത്തേ അതിജീവിതയും ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെമ്മറി കാര്‍ഡിന്റെ പരിശോധന ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി ഈ ആവശ്യം തള്ളിയിരുന്നു.

ഹാഷ് വാല്യു മാറിയെന്നത് പരിശോധിക്കേണ്ട സാഹചര്യം എന്താണെന്ന് പ്രോസിക്യൂഷന്‍ ബോധ്യപ്പെടുത്തണമെന്നായിരുന്നു കോടതി പറഞ്ഞത്. അക്കാര്യം ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് സാധിക്കാതിരുന്നതിനാലാണ് ഈ ആവശ്യം തള്ളിയതെന്നും വിചാരണ കോടതി പറഞ്ഞിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മെമ്മറി കാര്‍ഡ് മാറ്റാരോ പരിശോധിച്ചുവെന്ന് ഡി ജി പി ഇന്ന് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ഹാഷ് വാല്യു മാറിയതിന്റെ പ്രാധാന്യം എന്തെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിന്റെ പ്രത്യാഘാതം എന്താണെന്നും ഹാഷ് വാല്യു മാറ്റം പ്രതിക്ക് ഗുണം ചെയ്യുമോയെന്നും കോടതി ചോദിച്ചു. ഹര്‍ജി പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പോലീസിന് കൈമാറിയ പെന്‍ഡ്രൈവില്‍ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്ത തീയതി കണ്ടെത്താന്‍ സാധിക്കാത്തത് പ്രോസിക്യൂഷനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഫോറന്‍സിക് പരിശോധനയില്‍ തീയതി കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്ത തീയതികള്‍ കേസില്‍ ഏറെ നിര്‍ണായകമാണ്. അത് കണ്ടെത്താന്‍ സാധിച്ചില്ലേങ്കില്‍ ആ പറയുന്ന ദിവസം തങ്ങള്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നതടക്കമുള്ള വാദങ്ങള്‍ നിരത്തി പ്രതിരോധിക്കാന്‍ പ്രതിഭാഗത്തിന് സാധിക്കുമെന്നാണ് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

Vijayasree Vijayasree :