തലക്കെട്ടുകള്‍ ശ്രദ്ധിക്കപ്പെടാനായി വാര്‍ത്തകള്‍ വളച്ചൊടിക്കുന്നു; കൃഷ്ണകുമാറിന്റെ പ്രതികരണത്തിന് പിന്നാലെ വിശദീകരണവുമായി അഹാന കൃഷ്ണകുമാർ

രാഷ്ട്രീയ നിലപാടിന്റെ പേരില്‍ എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ലെന്ന കൃഷ്ണകുമാറിന്റെ പ്രതികരണം ചർച്ചയായിരുന്നു. തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍, എന്തുകൊണ്ട് മമ്മൂട്ടിയെ വിമര്‍ശിക്കുന്നില്ലെന്നാണ് അദ്ദേഹം ചോദിച്ചത്. ഇതോടെ താരത്തിന് എതിരെ വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന.

അച്ഛന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിയ്ക്കപ്പെട്ടു എന്നാണ് അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്. കൃഷ്ണകുമാറിന്റെ പ്രതികരണം വന്ന അഭിമുഖത്തിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് തലക്കെട്ടുകള്‍ ശ്രദ്ധിക്കപ്പെടാനായി വാര്‍ത്തകള്‍ വളച്ചൊടിയ്ക്കുകയാണെന്ന് അഹാന പ്രതികരിച്ചത്.

”താനൊരിക്കലും മമ്മൂട്ടിയെ വിമര്‍ശിക്കാന്‍ ആയിട്ടില്ല. ആകുകയുമില്ല. വിമര്‍ശിക്കേണ്ട കാര്യവുമില്ല. എന്റെ മകള്‍ ഇപ്പോള്‍ അഭിനയിക്കുന്നത് മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ അഭിനയിക്കുന്ന സിനിമയിലാണ്. മമ്മൂട്ടിയുമായി നല്ല ബന്ധമാണ് ഉള്ളത്. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മമ്മൂട്ടിയും കാണുമായിരിക്കും. സിനിമയില്‍ ഇത്രയും വര്‍ഷം താര രാജാവായിരുന്ന അദ്ദേഹത്തിന് അറിയാം ഇത്തരം വാര്‍ത്തകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്. ഒരാള്‍ പറയുന്നത് അതുപോലെയല്ല മാധ്യമങ്ങളില്‍ വരുന്നതെന്ന് എല്ലാവര്‍ക്കും അറിയാം” എന്നാണ് സംഭവത്തില്‍ കൃഷ്ണകുമാര്‍ പ്രതികരിക്കുന്നത്

ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന അടി എന്ന ചിത്രമാണ് അഹാനയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം. അതേസമയം, ബിജെപി ആവശ്യപ്പെടുകയാണെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി കൃഷ്ണകുമാറിനെ പരിഗണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Noora T Noora T :