മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട് വിക്കി കൗശല്‍; പുരസ്‌കാരം സര്‍ദ്ദാര്‍ ഉദ്ദമിലെ മികച്ച പ്രകടനത്തിന്

ഇത്തവണത്തെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഐ.ഐ.എഫ്.എ അവാര്‍ഡ്‌സ് 2022 ലെ മികച്ച നടന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് വിക്കി കൗശല്‍ ആണ്. മികച്ച നടനുള്ള അവാര്‍ഡ് വാങ്ങാനെത്തിയ വിക്കി കൗശാല്‍ ആയിരുന്നു അബുദാബിയില്‍ വെച്ച് നടന്ന അവാര്‍ഡ് നിശയിലെ താരം. നവദമ്ബതികളായ വിക്കി കൗശലിനെയും കത്രീന കൈഫിനെയും കാണാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. പക്ഷേ, വിക്കി തനിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. കത്രീന ഉണ്ടായിരുന്നില്ല.

ഗ്രീന്‍ കാര്‍പെറ്റിനിടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ വിക്കിയോട് ദാമ്ബത്യ ജീവിതം എങ്ങനെ പോകുന്നു എന്ന് ചോദിച്ചപ്പോള്‍, ‘ബഹുത് ആച്ചി ചല്‍ രഹി ഹേ. സുകൂന്‍ ഭാരീ ചല്‍ രഹീ ഹേ’ എന്നായിരുന്നു താരം മറുപടി നല്‍കിയത്. രണ്ടുപേരെയും ഒരുമിച്ച് കാണുമെന്ന് പ്രതീക്ഷിച്ചുവെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകനോട് ‘ഞങ്ങളെ താനും മിസ് ചെയ്യുന്നു’ എന്ന് പറഞ്ഞു. കത്രീനയ്ക്ക് നന്ദി അറിയിക്കാനും താരം മറന്നില്ല.

സര്‍ദ്ദാര്‍ ഉദ്ദമിലെ മികച്ച പ്രകടനത്തിനാണ് വിക്കി കൗശല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രേക്ഷകരുടേയും നിരൂപകരുടേയും മികച്ച അഭിപ്രായങ്ങള്‍ നേടിക്കൊണ്ട് മുന്നേറിയ ചിത്രമാണ് ‘സര്‍ദാര്‍ ഉദ്ദം’. ജാലിയന്‍ വാലിയാബാഗ് കൂട്ടക്കൊലയ്ക്ക് പതിറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിട്ടീഷ് മണ്ണിലെത്തി മറുപടി നല്‍കിയ സ്വാതന്ത്ര്യ പോരാളി ഉദ്ദം സിങ്ങിന്റെ ജീവചരിത്രഭാഗങ്ങളായിരുന്നു സിനിമ പറഞ്ഞത്.

അതിശയോക്തികളില്‍ നിന്നും സമീപകാലത്തെ ചില ആക്ഷന്‍ സിനിമാശൈലികളില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടാണ് സംവിധായകന്‍ ഷൂജിത് സര്‍ക്കാര്‍ ‘സര്‍ദാര്‍ ഉദ്ദം’ ഒരുക്കിയത്. ചരിത്രത്തോടും ഹിന്ദുസ്ഥാന്‍ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ അസോസിയേഷന്‍ നടത്തിയ മുന്നേറ്റങ്ങളോടും നീതി പുലര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു.

ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല നീതികരിക്കാവുന്നതാണെന്ന് നിലപാടെടുത്ത അന്നത്തെ പഞ്ചാബ് ലഫ്റ്റണന്റ് ഗവര്‍ണര്‍ മൈക്കിള്‍ ഒ ഡയറിനെ സര്‍ദ്ദാര്‍ ഉദ്ദം പിന്തുടരുന്നതും തന്റേത് ഒരു രാഷ്ട്രീയ മറുപടിയാണെന്ന് സ്ഥാപിക്കാനുള്ള സാഹചര്യത്തിന് വേണ്ടി കാത്തിരിക്കുന്നതും ചിത്രത്തില്‍ പറയുന്നുണ്ട്.

വിക്കിയുടെ അഭിനയമാണ് ചിത്രത്തിന്റെ നട്ടെല്ല്. സര്‍ദാര്‍ ഉദ്ദമായി മറ്റൊരാളെ മനസ്സില്‍ നിരൂപിക്കാന്‍ കഴിയാത്ത വിധം വിക്കി ആ കഥാപാത്രത്തെ പകര്‍ത്തിവെച്ച് എന്നതിന്റെ തെളിവാണ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമിയുടെ മികച്ച നടനുള്ള അവാര്‍ഡ്. ചരിത്രസിനിമകള്‍ എടുക്കുമ്‌ബോള്‍ അതോട് നീതി പുലര്‍ത്താനാവില്ല എന്ന പുറം പേടിയില്‍ മുന്‍കൂര്‍ജാമ്യമെടുക്കുന്നവര്‍ക്ക് പലതും പഠിക്കാനുള്ള സിനിമയാണ് സര്‍ദാര്‍ ഉദ്ദം.

Vijayasree Vijayasree :