ദിലീപിന്റെ അഭിഭാഷകര്‍ക്കും, കേസിലുമുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ അന്വേഷണ സംഘം ഉടന്‍ യോഗം; ദിലീപിന് ഇനി അതിനിര്‍ണായക ദിവസങ്ങള്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിന് ഇനി അവശേഷിക്കുന്നത് ഒന്നര മാസം കൂടിയാണ്. പല നിര്‍ണായക ചോദ്യം ചെയ്യലുകളും നി നടക്കേണ്ടതായിട്ടുണ്ട്. കേരളക്കരയാകെ ഉറ്റുനോക്കുന്ന സംഭവമായതിനാല്‍ തന്നെ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍ക്കാത്ത വിധം കേസിനെ പരിപോഷപ്പെടുത്താനായിരിക്കും സര്‍ക്കാരിന്റെ നീക്കം. നേരത്തെ രാമന്‍പ്പിള്ളയിലേക്ക് അടക്കം കേസ് നീളുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് ആരോപണമുണ്ടായിരുന്നു. സര്‍ക്കാരിന്റെ പല സുപ്രധാന കേസുകളും വാദിക്കുന്നത് രാമന്‍പ്പിള്ളയാണ്.

കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് നേരത്തെ അതിജീവിത ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു. ഈ കേസില്‍ രാമന്‍പ്പിള്ള അടക്കമുള്ളവര്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന് നേരത്തെ തന്നെ തെളിവുകള്‍ പുറത്തുവന്നിരുന്നു. പക്ഷേ നടി ഉന്നയിച്ച ആരോപണങ്ങള്‍ രാമന്‍പ്പിള്ള തള്ളുകയാണ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്ന് അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടി തന്നെ രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സാവകാശം തേടിയത്. അതേസമയം ദിലീപിന്റെ അഭിഭാഷകര്‍ക്കും, കേസിലുമുള്ള തുടര്‍ നടപടികള്‍ ആലോചിക്കാന്‍ അന്വേഷണ സംഘം ഉടന്‍ യോഗം ചേരും. അടുത്ത മാസം പതിനഞ്ച് വരെയാണ് അധിക കുറ്റപത്രം നല്‍കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്.

ദിലീപ് തെളിവ് നശിപ്പിച്ചു എന്നത് കേസിലെ നിര്‍ണായകമായ വഴിത്തിരിവാണ്. ഇത് തെളിയിക്കാനായാല്‍ ദിലീപിനെ വരുതിയിലാക്കാന്‍ പോലീസിന് സാധിക്കും. ഇതോടൊപ്പം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച സീനിയര്‍ അഭിഭാഷകന്‍ അടക്കം ചോദ്യം ചെയ്യലിന് വിധേയരാകാനുണ്ട്. എന്നാല്‍ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിന് ഉന്നത അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലാണ് അന്വേഷണ സംഘം യോഗം ചേര്‍ന്ന് തീരുമാനമെടുക്കുക.

ഫോറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണുകളില്‍ നിന്ന് ലഭിച്ച തെളിവുകളുടെ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം ഇത് പൂര്‍ത്തിയായാല്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനും നീക്കമുണ്ട്. അതേസമയം പോലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറില്‍ നിന്ന് പിടിച്ചെടുത്ത ലാപ്പ്ടോപ്പും മറ്റ് ഉപകരണങ്ങളും തിരിച്ചുനല്‍കാന്‍ കോടതി ഉത്തരവിട്ടു. സായ് ശങ്കര്‍ അഞ്ച് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണമെന്ന് കോടതി ഉത്തരവിട്ടു. കേസിലെ സൈബര്‍ തെളിവുകള്‍ മായ്ക്കാന്‍ സായ് ശങ്കര്‍ ദിലീപിനെ സഹായിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ റെയ്ഡ് നടത്തിയാണ് ലാപ്പ്ടോപ്പും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തത്. ഇവയുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയായ സാഹചര്യത്തില്‍ തിരിച്ചുനല്‍കാനാണ് കോടതി ഉത്തരവ്. കേസില്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ദിലീപിന്റെ ഫോണില്‍ നിന്നും ചാറ്റുകളും രേഖകളും നീക്കം ചെയ്തുവെന്ന് സായ് ശങ്കര്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിരുന്നു.

ദിലീപിന്റെ രണ്ട് ഫോണുകളിലെ വിവരങ്ങളാണ് താന്‍ മായ്ച്ച് കളഞ്ഞതെന്നും, അവയില്‍ കോടതി രേഖകളും ഉണ്ടായിരുന്നുവെന്നും സായ് ശങ്കര്‍ പറഞ്ഞിരുന്നു. സായ് ശങ്കറിന്റെ ഐഫോണ്‍, ഐമാക്, ഐപാഡ് അടക്കം അഞ്ച് ഉപകരണങ്ങളായിരുന്നു പോലീസ് പിടിച്ചെടുത്തത്. എന്നാല്‍ ഇവയില്‍ നിന്ന് കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായില്ല. ഫോറന്‍സിക് സംഘം കോടതിയെ ഇക്കാര്യം അറിയിച്ചു. ദിലീപിന്റെ ഫോണില്‍നിന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്നായിരുന്നു അന്വേഷണ സംഘം നേരത്തെ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി അനുവദിച്ചത്.

അതേസമയം, ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാണ്. ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയ പെന്‍ഡ്രൈവ് സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രതിഭാഗം. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടയിലായിരുന്നു ഈ ആവശ്യം.

കേസില്‍ വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണത്തിനു വഴിയൊരുക്കിയ നിര്‍ണായക വെളിപ്പെടുത്തലുകളും മുഖ്യപ്രതി ദിലീപ് അടക്കമുള്ളവരുടെ സംഭാഷണങ്ങളും അടങ്ങിയ പെന്‍ഡ്രൈവിന്റെ ആധികാരികതയാണു പ്രതിഭാഗം കോടതിയില്‍ ചോദ്യം ചെയ്തത്. പെന്‍ഡ്രൈവിലെ ശബ്ദസന്ദേശങ്ങള്‍ അടങ്ങുന്ന ഫയലുകള്‍ സൃഷ്ടിച്ച തീയതികള്‍ കണ്ടെത്താന്‍ കോടതി പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി. പെന്‍ഡ്രൈവ് പരിശോധനയ്ക്കു വേണ്ടി ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിട്ടുണ്ട്.

Vijayasree Vijayasree :