തുടരന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്; കാവ്യാമാധവനെയും ദിലീപിന്റെ ആ ഉറ്റസുഹൃത്തുക്കളെയും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസിലെ ഉദ്യോഗഭരിത ദിവസങ്ങളാണ് കടന്നു പോകുന്നത്. ഓരോ ദിവസവും അതിനിര്‍ണായക വിവരങ്ങളാണ് പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്‍കിയത്. ഒന്നര മാസം കൂടിയാണ് അധികമായി അനുവദിച്ച് ഉത്തരവിട്ടിരിക്കുന്നത്. കൂടുതല്‍ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

എന്നാല്‍ തുടരന്വേഷണത്തിന് സമയം അനുവദിക്കരുതെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. ദിലീപിന്റെ വാദം തള്ളുകയാണ് കോടതി ചെയ്തത്. കാവ്യമാധവനെ സാക്ഷിപട്ടികയില്‍ നിന്ന് പ്രതിപ്പട്ടികയിലേയ്ക്ക് മാറ്റുമോ എന്ന ചോദ്യത്തിനും കേസിന്റെ പുരോഗതിയിലും മാറ്റമുണ്ടാകുമെന്നാണ് കരുതേണ്ടത്.

ജസ്റ്റിസ് കൗസര്‍ എടപഗത്താണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. മൂന്ന് മാസം സമയം നീട്ടി നല്‍കണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ട് പ്രതികള്‍ക്കെതിരെയും നിരവധി കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ഇപ്പോഴിതാ കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകളെ ചോദ്യം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കാവ്യ മാധവനെയും ദിലീപിന്റെ സിനിമ മേഖലയിലെ സുഹൃത്തുക്കളെയുമാണ് ചോദ്യം ചെയ്യുക. കേസില്‍ ദിലീപിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത രീതിയില്‍ ഉറപ്പിക്കാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഒന്നരമാസത്തിനുള്ളില്‍ 30 ശതമാനത്തോളം വരുന്ന ഡിജിറ്റല്‍ തെളിവുകളും പരിശോധിച്ച് തീര്‍ക്കേണ്ടതുണ്ട്.

ദിലീപിന്റെ സഹോദരന്‍ അനൂപ്, അളിയന്‍ സുരാജ് എന്നിവരുടെ ഫോണുകള്‍ പിടിച്ചെടുക്കണം, അവ പരിശോധിക്കണം, ഇതിന് പുറമെ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണം എന്നീ കാര്യങ്ങളും പ്രോസിക്യൂഷന്‍ കോടതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ക്കെല്ലാം സമയം വേണം. ഈ ഘട്ടത്തില്‍ അന്വേഷണം അവസാനിപ്പിച്ചാല്‍ അന്വേഷണം പാതിവഴിയില്‍ നിലച്ച മട്ടാകുമെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. അന്വേഷണത്തിന് ഇനിയും സമയം അനുവദിക്കരുത്, നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം ശരിയല്ല.

ഡിജിറ്റല്‍ പരിശോധനാ ഫലം ഫെബ്രുവരി 23നും മാര്‍ച്ച് 19നുമായി ലഭിച്ചതാണ്. ഇത്രയും ആഴ്ചകളായി ഇതുസംബന്ധിച്ച് പരിശോധിച്ചില്ല എന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കരുതെന്നും ദിലീപ് വാദിക്കുന്നു. അനൂപിന്റെയും സുരാജിന്റെയും ഫോണുകള്‍ പിടിച്ചെടുക്കണമെന്ന വാദം അംഗീകരിക്കാനാകില്ല. ഫോണുകളിലെ വിവരങ്ങള്‍ മുംബൈയിലെ ലാബില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചതാണ്. ഇനി ഫോണ്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതില്ലെന്നും ദിലീപ് വാദിക്കുന്നു.

അതേസമയം, ബാലചന്ദ്രകുമാര്‍ സമര്‍പ്പിച്ച പെന്‍ഡ്രൈവിന്റെ ശാസ്ത്രീയ പരിശോധന ഫലം നിര്‍ണായകമാണ്. ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിനു കൈമാറിയ പെന്‍ഡ്രൈവ് സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രതിഭാഗം. പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടയിലായിരുന്നു ഈ ആവശ്യം.

കേസില്‍ വിചാരണ നിര്‍ത്തിവച്ചു തുടരന്വേഷണത്തിനു വഴിയൊരുക്കിയ നിര്‍ണായക വെളിപ്പെടുത്തലുകളും മുഖ്യപ്രതി ദിലീപ് അടക്കമുള്ളവരുടെ സംഭാഷണങ്ങളും അടങ്ങിയ പെന്‍ഡ്രൈവിന്റെ ആധികാരികതയാണു പ്രതിഭാഗം കോടതിയില്‍ ചോദ്യം ചെയ്തത്. പെന്‍ഡ്രൈവിലെ ശബ്ദസന്ദേശങ്ങള്‍ അടങ്ങുന്ന ഫയലുകള്‍ സൃഷ്ടിച്ച തീയതികള്‍ കണ്ടെത്താന്‍ കോടതി പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി. പെന്‍ഡ്രൈവ് പരിശോധനയ്ക്കു വേണ്ടി ഫൊറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിട്ടുണ്ട്.

കേസില്‍ നീതിയുക്തമായ അന്വേഷണം വേണമെന്നും ആക്രമണ ദൃശ്യങ്ങള്‍ ചോരുമോയെന്ന് ഭയമുണ്ടെന്നും അതിജീവിത കോടതിയെ അറിയിച്ചു. അന്വേഷണം എങ്ങനെ മുന്നോട്ട് കൊണ്ട് പോകണമെന്നത് അന്വേഷണ ഉദ്യോഗസ്ഥരുടെ വിവേചന അധികാരമാണെന്ന് ഡിജിപിയും ഹൈക്കോടതിയില്‍ പറഞ്ഞു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കേസിലെ പ്രതിയായ ദിലീപ് പറഞ്ഞു. കോടതി വീഡിയോ പരിശോധിച്ചതും നടിയെ ആക്രമിച്ച കേസും തമ്മില്‍ ബന്ധമില്ല. കോടതി വിഡിയോ പരിശോധിച്ചെങ്കില്‍ എന്താണ് തെറ്റ്. ഇപ്പോഴും അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തു വരികയാണ്. ഇതിന് പിന്നില്‍ പ്രോസിക്യൂഷനും അന്വേഷണ സംഘവവുമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

Vijayasree Vijayasree :