ധാക്കഡിന്റെ പരാജയത്തിന് പിന്നാലെ കങ്കണയുടെ അടുത്ത ചിത്രം ഒടിടി റിലീസിന്; ധാക്കഡിന് പറ്റിയ പ്രശ്നങ്ങള്‍ പുതിയ ചിത്രത്തെ ബാധിക്കാതിരിക്കാനാണ് ശ്രമമെന്നും റിപ്പോര്‍ട്ടുകള്‍

വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. കങ്കണയുടെ ധാക്കഡ് എന്ന ചിത്രം വലിയ പരാജയമാണ് നടന്നത്. മെയ് 20 നാണ് റിലീസ് ചെയ്ത ചിത്രത്തിന് ഒട്ടുമിക്ക തിയേറ്ററുകളിലും ആളില്ലാത്തതിനാല്‍ ഷോകള്‍ റദ്ദാക്കിയതോടെ നിര്‍മാതാക്കള്‍ വന്‍നഷ്ടത്തിലേക്ക് കടക്കുകയായിരുന്നു. 100 കോടി ബഡ്ജറ്റിലെത്തിയ ചിത്രം നേടിയത് മൂന്ന് കോടി മാത്രമാണ്.

ഇപ്പോഴിതാ ഇതിന് പിന്നാലെ കങ്കണയുടെ പുതിയ ചിത്രം തിയേറ്റര്‍ റിലീസിന് പകരം ഒടിടിയിലേക്ക് കൊടുക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. ചിത്രത്തിലെ ചില ഭാഗങ്ങള്‍ വീണ്ടും ഷൂട്ട് ചെയ്യാന്‍ പോകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധാക്കഡിന് പറ്റിയ പ്രശ്നങ്ങള്‍ പുതിയ ചിത്രത്തെ ബാധിക്കാതിരിക്കാനാണ് ഇതെന്നാണ് വിവരം.

തേജസാണ് കങ്കണയുടെ അടുത്ത ചിത്രം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ ഫൈറ്റര്‍ പൈലറ്റിന്റെ വേഷത്തിലാണ് കങ്കണ ചിത്രത്തിലെത്തുന്നത്. സര്‍വേഷ് മേവാരയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. കങ്കണയെ കൂടാതെ അന്‍ഷുല്‍ ചൗഹാന്‍, സങ്കല്‍പ് ഗുപ്ത, വരുണ്‍ മിത്ര എന്നിവരും ചിത്രത്തിലുണ്ട്.

തുടര്‍ച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ‘ധാക്കഡ്’. ‘കാട്ടി ബാട്ടി’, ‘രന്‍ഗൂണ്‍’, ‘മണികര്‍ണിക’, ‘ജഡ്ജ്മെന്റല്‍ ഹേ ക്യാ’, ‘പങ്ക’, ‘തലൈവി’ എന്നീ സിനിമകള്‍ക്കും ബോക്സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

തമിഴില്‍ നിര്‍മിച്ച് മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട തലൈവി 10 കോടി വരുമാനമാണ് നേടിയത്. നിര്‍മാണ ചെലവ് 100 കോടിയായിരുന്നു. ധാക്കഡിന്റെ പരാജയം കങ്കണയുടെ അടുത്ത ചിത്രങ്ങളെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കാനിരുന്ന പലരും ഇതോടെ പിന്മാറുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Vijayasree Vijayasree :