മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകാം. പക്ഷേ, ദൃശ്യങ്ങള്‍ കണ്ടോ കോപ്പി ചെയ്തോ എന്ന് വേര്‍തിരിച്ച് പറയാന്‍ മെമ്മറി കാര്‍ഡ് പരിശോധനയിലൂടെ സാധ്യമല്ല. മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യങ്ങല്‍ കോപ്പി ചെയ്തോ എന്ന് സംബന്ധിച്ച് ഒരു തെളിവും ലഭിക്കില്ല; വെളിപ്പെടുത്തലുകളുമായി വിരമിച്ച ഫോറന്‍സിക് ഉദ്യോഗസ്ഥന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് ഓരോ ദിവസവും നടക്കുന്നത്. ഇപ്പോഴിതാ കേസിലെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് തില സുപ്രധാന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം എഫ് എസ് എല്ലിലെ മുന്‍ ജോയിന്റ് ഡയക്ടര്‍ ഡോ. എസ്പി സുനില്‍. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം വിരമിച്ചത്.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് കൊണ്ട് മാത്രം ദൃശ്യങ്ങള്‍ അനധികൃതമായി ആക്സസ് ചെയ്തെന്ന് പറയാന്‍ സാധിക്കില്ലെന്ന് എസ് പി സുനില്‍ പറയുന്നു. മെമ്മറി കാര്‍ഡ് കമ്പ്യൂട്ടറുമായോ മറ്റ് ഇലട്രോണിക് ഡിവൈസുമായോ ബന്ധിപ്പിക്കുമ്പോള്‍ തന്നെ അതിന്റെ മൊത്തം ഹാഷ് വാല്യുവിന് മാറ്റം വരാം. ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡില്‍ ആയിരക്കണക്കിന് ഫയലുകളുണ്ട്. ഈ ഫയലുകളില്‍ മാറ്റം വരുത്തിയാലും മൊത്തം ഹാഷ് വാല്യുവില്‍ മാറ്റം വരാം. കാര്‍ഡുകളിലെ ആക്രമിക്കപ്പെട്ട വീഡിയോകളുടെ ഇന്‍ജിവിജ്വല്‍ ഹാഷ് വാല്യു മാറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ കാര്‍ഡിലെ സിസ്റ്റം ഫയലുകളില്‍ മാറ്റം വന്നിട്ടുള്ളതിനാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ മറ്റൊരു ഡിവൈസിലേക്ക് കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകാം. പക്ഷേ, ദൃശ്യങ്ങള്‍ കണ്ടോ കോപ്പി ചെയ്തോ എന്ന് വേര്‍തിരിച്ച് പറയാന്‍ മെമ്മറി കാര്‍ഡ് പരിശോധനയിലൂടെ സാധ്യമല്ല. മെമ്മറി കാര്‍ഡില്‍ നിന്ന് ദൃശ്യങ്ങല്‍ കോപ്പി ചെയ്തോ എന്ന് സംബന്ധിച്ച് ഒരു തെളിവും ലഭിക്കില്ല. കോപ്പി ചെയ്തെന്ന് പറയപ്പെടുന്ന കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചാല്‍ മാത്രമേ ഇത് വ്യക്തമാകുകയുള്ളുവെന്ന് സുനില്‍ പറയുന്നു. ഡിജിറ്റല്‍ ഡോക്യുമെന്റുകള്‍ പരിശോധിക്കുമ്പോള്‍ റീഡ് ഒണ്‍ലി ആക്സസ് മാത്രം നല്‍കുന്നതിന് വേണ്ടി റൈറ്റ് ബ്ലോക്കേര്‍സ് എന്ന ഡിവൈസ് ഉപയോഗിക്കാറുണ്ട്.

ഇത് ഉപയോഗിക്കാത്ത അവസരത്തില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വരും. കോടതികള്‍ ഡിജിറ്റര്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ റൈറ്റ് ബ്ലോക്കേര്‍സ് പൊതുവെ ഉപയോഗിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഹാഷ് വാല്യുവില്‍ മാറ്റം വന്നെന്ന് ചൂണ്ടിക്കാണിച്ച് 2020ല്‍ ആണ് തിരുവനന്തപുരം എഫ് എസ് എല്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കേസ് പരിഗണിച്ച പ്രത്യേക കോടതി 2021ല്‍ എട്ട് ദിവസത്തോളം എസ് പി സുനിലിനെ വിസ്തരിച്ചിരുന്നു. പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട് അറിയിച്ചില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍ പിന്നീട് അറിയിച്ചത്.

2018 മാര്‍ച്ചിലാണ് ദൃശ്യങ്ങല്‍ അടങ്ങിയ പെന്‍ഡ്രൈവും സീല്‍ ചെയ്ത മെമ്മറി കാര്‍ഡും എറണാകുളം സെഷന്‍സ് കോടതിയിലേക്ക് അയക്കുന്നത്. 2018 മാര്‍ച്ച് മുതല്‍ 2019 മാര്‍ച്ച് 19 വരെ ഈ ദൃശ്യങ്ങള്‍ എരമാകുളത്തെ ജില്ലാ കോടതിയിലായിരുന്നു. ഈ കാലയളവില്‍ ദൃശ്യങ്ങള്‍ ചോര്‍ന്നെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. അതേസമയം, നടന്‍ ദിലീപ് തന്റെ വീട്ടില്‍ വെച്ച് ദൃശ്യങ്ങള്‍ കണ്ട വിവരം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മാസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ഇതേ കുറിച്ചും അതിജീവിത കത്തില്‍ പരാമര്‍ശിച്ചിരുന്നു. വിദേശത്തുള്ളവരും ദൃശ്യങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. കോടതിയില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന ദൃശ്യങ്ങള്‍ മറ്റൊരാള്‍ക്ക് എടുക്കാന്‍ സാധിക്കുന്നു എന്നത് ആശങ്കജനകമാണ്. ഇത് തന്റെ സ്വകാര്യതയെ ഹനിക്കുന്ന കാര്യമാണെന്നും കത്തില്‍ പറഞ്ഞിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അധിക കുറ്റപത്രം നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

ജസ്റ്റിസ് കൗസര്‍ എടപഗത്താണ് ഹര്‍ജിയില്‍ വിധി പറയുക. മൂന്ന് മാസം സമയം നീട്ടി നല്‍കണമെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ അന്വേഷണത്തില്‍ ദിലീപിനും കൂട്ട് പ്രതികള്‍ക്കെതിരെയും നിരവധി കണ്ടെത്തലുകള്‍ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളില്‍ നിന്ന് പിടിച്ചെടുത്ത വിവരങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍, അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുതെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ചിന് ലഭിച്ചതാണ്. അത് ഇതുവരേയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അത് വിശ്വസനീയമല്ല. ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ല, വിവരങ്ങള്‍ മുഴുവനായും ലാബില്‍ നിന്നും ലഭിച്ചതാണ്. പിന്നെ എന്തിനാണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതെന്നാണ് ദിലീപ് ഹൈക്കോടതിയെ അറിയിച്ചത്.

Vijayasree Vijayasree :