നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണത്തിനു ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്നുള്ള അതിജീവിതയുടെ
ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു.
ദൃശ്യങ്ങൾ ഉൾപ്പെട്ട ഒറിജിനൽ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടില്ല. തുടരന്വേഷണത്തിനിടെ ദിലീപിന്റെ സഹോദരൻ അനൂപിന്റെ ഫോണിൽ നിന്നു വിവരണത്തോടു കൂടിയ ദൃശ്യങ്ങൾ കണ്ടെടുത്തിരുന്നു. ഒറിജിനൽ ഫോണോ മെമ്മറി കാർഡിൽ നിന്നുള്ള ദൃശ്യങ്ങളുടെ പകർപ്പോ ദിലീപിന്റെ പക്കൽ ഉണ്ടാകാം. അത് അന്വേഷിക്കണമെന്നും അറിയിച്ചു.
തുടരന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് നടി നൽകിയ ഹർജിയിലാണു സർക്കാരിന്റെ മറുപടി. ഹർജിക്കാരി ആവശ്യപ്പെട്ട പ്രകാരം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേസ് 10ലേക്കു മാറ്റി.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡ് രണ്ടു തവണ തുറന്നതായി സ്ഥിരീകരിക്കുന്ന തിരുവനന്തപുരം എഫ്എസ്എൽ ഡയറക്ടറുടെ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിക്കു നൽകി. 2018 ജനുവരി 9 നും ഡിസംബർ 13നുമാണു തുറന്നത്. മെമ്മറി കാർഡ് അനധികൃതമായി തുറന്നതായി സൂചന നൽകുന്ന തരത്തിൽ ഹാഷ് വാല്യു മാറ്റം ശ്രദ്ധയിൽപെട്ടെങ്കിലും വിഡിയോ രേഖകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നാണു റിപ്പോർട്ട്.
പ്രതികളുടെ പക്കൽ ദൃശ്യങ്ങൾ കിട്ടിയതിനെ കുറിച്ച് അറിയാൻ ദിലീപ്, ശരത്, അനൂപ്, സുരാജ് തുടങ്ങിയവരെ ചോദ്യം ചെയ്തെങ്കിലും അവരുടെ നിസ്സഹകരണം മൂലം വിവരം കിട്ടുന്നില്ലെന്നു ക്രൈംബ്രാഞ്ച് വിശദീകരിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന തുടരുകയാണ്. ദൃശ്യങ്ങൾ അനധികൃതമായി പരിശോധിച്ചതും ചോരാനുള്ള സാധ്യതയും കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.
തിരുവനന്തപുരം ഫൊറൻസിക് ലാബിൽ ക്ലോൺ പകർപ്പ് എടുക്കാനായി രണ്ടാംതവണ മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണു ഹാഷ് വാല്യുവിൽ മാറ്റം ശ്രദ്ധയിൽപെട്ടത്. ലാബ് ഡയറക്ടർ ഇതിന്റെ റിപ്പോർട്ട് 2020 ജനുവരി 29ന് വിചാരണ കോടതിയിലേക്ക് അയച്ചെങ്കിലും 2022 ഫെബ്രുവരി വരെ കോടതി അതു പ്രോസിക്യൂഷന്റെ ശ്രദ്ധയിൽപെടുത്തുകയോ കേസ് രേഖകളുടെ ഭാഗമാക്കുകയോ ചെയ്തില്ല. തുടരന്വേഷണത്തിൽ ഫൊറൻസിക് ലാബ് ജോയിന്റ് ഡയറക്ടറുടെ മൊഴിയെടുത്തപ്പോഴാണു വിവരം അറിഞ്ഞത്.
മെമ്മറി കാർഡ് എത്ര തവണ പരിശോധിച്ചിട്ടുണ്ടെന്ന് അറിയാൻ കൂടുതൽ പരിശോധനയ്ക്ക് അയയ്ക്കണമെന്ന അപേക്ഷ വിചാരണ കോടതി തള്ളി. ഈ ഉത്തരവ് പ്രോസിക്യൂഷനെ നേരിട്ട് അറിയിക്കുന്നതിനു പകരം പോസ്റ്റിൽ അയച്ചത് ഇക്കഴിഞ്ഞ മേയ് 26നാണു പൊലീസിനു കിട്ടിയത്. പ്രോസിക്യൂഷന്റെ മേൽ ദുരുദ്ദേശ്യം ആരോപിച്ച് ഈ അപേക്ഷ തള്ളിയതു വിചിത്രമാണ്. ഇതിനെതിരെ ഹർജി നൽകും. കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ വിചാരണക്കോടതി അനുവദിച്ചില്ലെന്നു നടി ആരോപിക്കുന്നതു ശരിയല്ല. അതിനു സ്വാതന്ത്ര്യം തന്നിട്ടുണ്ട്. എന്നാൽ മെമ്മറി കാർഡ് വിശദമായി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ ചെയ്യേണ്ട കാര്യമാണത്. കേസിന്റെ തുടക്കം മുതൽ നിയമപ്രകാരം വേണ്ടതെല്ലാം ചെയ്യുന്നുണ്ട്; സമയം തീരാറായിട്ടും ശ്രമം തുടരുകയാണ്.
ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ച ഘട്ടത്തിൽ നടൻ ദിലീപും ഭാര്യ കാവ്യ മാധവനും ഒരു സിനിമാ നിർമാതാവിന്റെ എറണാകുളത്തെ ഫ്ലാറ്റിലെത്തി 10 ലക്ഷം രൂപ കറൻസി നോട്ടായി കൈപ്പറ്റിയെന്ന സാക്ഷിമൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുന്നു. കുറ്റകൃത്യം നടന്നഘട്ടത്തിൽ കാവ്യ മാധവന്റെ വസ്ത്രാലങ്കാരശാലയിലെ ജീവനക്കാരനായിരുന്ന ആലപ്പുഴ സ്വദേശി സാഗർ വിൻസന്റിനെ പ്രതിഭാഗം പണം നൽകി സ്വാധീനിച്ചതിനുള്ള തെളിവുകളും മൊഴികളും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. സാഗർ വിൻസന്റ് അടക്കമുള്ള സാക്ഷികൾക്കു നൽകാനുള്ള പണമാണോ നിർമാതാവിൽ നിന്നു സ്വീകരിച്ചതെന്ന് അന്വേഷണ സംഘത്തിനു സംശയമുണ്ട്.