മലയാളിയും ബോളിവുഡ് പിന്നണി ഗായകനുമായ കെകെയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഗായകരിലൊരാളായിരുന്നു കെ.കെയെന്നും അദ്ദേഹത്തിന്റെ അകാലനിര്യാണം സംഗീത ലോകത്തിന് വലിയ നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘പ്രശസ്ത ബോളിവുഡ് പിന്നണി ഗായകനും മലയാളിയുമായ കെ.കെ (കൃഷ്ണകുമാര്‍ കുന്നത്ത്) യുടെ വിയോഗത്തില്‍ അനുശോചിക്കുന്നു. തന്റെ അവസാന നിമിഷങ്ങളിലും അദ്ദേഹം പാട്ടിന്റെ ലോകത്തായിരുന്നു. ഡല്‍ഹിയില്‍ ജനിച്ച കൃഷ്ണകുമാര്‍ ബോളിവുഡിലെ ഏറ്റവും ജനപ്രിയ ഗായകരിലൊരാളായിരുന്നു.
ബോളിവുഡിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ആസാമീസ്, ഗുജറാത്തി എന്നീ ഭാഷകളിലും അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. അദ്ദേഹത്തിന്റെ അകാലനിര്യാണം സംഗീത ലോകത്തിന് വലിയ നഷ്ടമാണ്. കെ.കെ.യുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു’ എന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, കെ.കെയുടെ മരണത്തിന് പിന്നാലെ കൊല്‍ക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്. കുടുംബത്തിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പോസ്റ്റ്മാര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ കൊല്‍ക്കത്ത നസറുള്‍ മഞ്ചില്‍ ഒരു കോളജില്‍ പരിപാടി അവതരിപ്പിച്ചു കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു മരണം.
കൊല്‍ക്കത്ത സിഎംആര്‍ഐ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിപാടിക്കിടെ അദ്ദേഹത്തിനു ദേഹാസ്വസ്ഥ്യം ഉണ്ടായതായും അത് പരിപാടി നടത്തിപ്പുകാര്‍ അവഗണിച്ചു എന്നും ആരോപണമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുന്നത്.