ആ ശബ്ദം ഇനിയില്ല പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകൻ കെകെ കുഴഞ്ഞുവീണ് മരിച്ചു; അന്ത്യം കൊൽക്കത്തയിൽ!

പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകൻ കെകെ എന്ന കൃഷ്‌ണകുമാർ കുന്നത്ത്(53) സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്‌ച കൊൽക്കത്തയിൽ സംഗീത പരിപാടിയ്‌ക്ക് പിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ കൽക്കട്ട മെഡിക്കൽ റിസ‌ർച്ച് ഇൻസ്‌റ്റി‌റ്റ്യൂട്ടിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. അവസാന പരിപാടിയുടെ ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാമിൽ 10 മണിക്കൂർ മുൻപ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തിരുന്നു.

കാൽനൂറ്റാണ്ടോളമായി പിന്നണി ഗായകനിരയിൽ സജീവമായിരുന്നു കെ.കെ. ഡൽഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങൾ വിവിധ ഭാഷകളിൽ പാടിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്,മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു.1999ൽ ആദ്യ മ്യൂസിക് ആൽബമായ ‘പൽ’ സോളോ സ്‌ക്രീൻ ആൽബത്തിനുള‌ള സ്‌റ്റാർ സ്‌ക്രീൻ അവാർഡ് നേടി.അന്ന് കൗമാരക്കാർക്കിടയിൽ വലിയ തരംഗമാണ് ഈ ആൽബം സൃഷ്‌ടിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ചലച്ചിത്രതാരം അക്ഷയ്‌ കുമാർ, ക്രിക്കറ്റ് ഇതിഹാസം വിരേന്ദർ സേവാഗ് എന്നിവരടക്കം നിരവധി പ്രമുഖർ കെകെയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ അന്തിമോപചാരം അർപ്പിച്ചു.ഫിലിം ഫെയർ അവാർഡ് സൗത്ത്, 2012ലെ ഈണം സ്വരലയ അവാർഡ് അടക്കം നിരവധി അവാർഡുകൾ നേടുകയും നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ജ്യോതി കൃഷ്‌ണയാണ് കെകെയുടെ ഭാര്യ. കുന്നത്ത് നകുൽ, കുന്നത്ത് താമര എന്നിവർ മക്കളാണ്.

AJILI ANNAJOHN :