പല സ്റ്റേജുകളിലും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ വേണ്ടി ഞങ്ങൾ കാത്തു നിന്നിട്ടുണ്ട്.. ഒരുപാട് ഗായകരുണ്ടെങ്കിലും അദ്ദേഹത്തിന്റേതായ ഒരു ശൈലിയും വ്യക്തിത്വവും പാട്ടിൽ ഉണ്ടായിരുന്നു; ഇടവ ബഷീറിന്റെ ഓർമ്മകൾ പങ്കുവച്ച് ഗായകർ

ഗാനമേളക്കിടെ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് ഗായകന്‍ ഇടവബഷീര്‍ മരിച്ചെന്നുള്ള വാർത്ത ഏറെ ഞട്ടലോടെയാണ് മലയാളികൾ കേട്ടത്. ബ്ലൂ ഡയമണ്ട്‌സിന്റെ സുവര്‍ണ ജുബിലീ ആഘോഷങ്ങള്‍ക്കിടെ പാതിരപ്പള്ളി ക്യാംലോട്ട് കണ്‍വന്‍ഷന്‍ സെന്ററിലാണ് അന്ത്യം. അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഗാനമേളയെ ജനപ്രിയമാക്കുന്നതില്‍ സുപ്രധാന പങ്കുവച്ച കലാകാരനാണ് ഇടവ ബഷീര്‍.സിനിമകളിലും ഇദ്ദേഹം പാടിയിട്ടുണ്ട്.

സംഗീതത്തെ സ്നേഹിക്കുന്ന മലയാളികൾക്കിടയിലും ഗായകർക്കിടയിലും ഇടവ ബഷീർ എന്ന പ്രതിഭ നേടിയെടുത്ത സ്ഥാനം വളരെ വലുതാണ്. ഇപ്പോൾ അദ്ദേത്തിന്റെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ഗായകരായ ജി വേണുഗോപാൽ, അഫ്സൽ, ഔസേപ്പച്ചൻ എന്നിവർ. പല സ്റ്റേജുകളിലും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ വേണ്ടി കാത്തു നിന്നിട്ടുണ്ട് എന്നും ജി വേണുഗോപാലും എങ്ങനെ കാണികളെ കയ്യിലെടുക്കണമെന്നു അറിയാവുന്ന ഗായകനാണ് ബഷീറിക്കയെന്ന് അഫ്സലും ഗാനമേളകളിൽ ഒരുപാട് ഗായകരുണ്ടെങ്കിലും അദ്ദേഹത്തിന്റേതായ ശൈലിയും വ്യക്തിത്വും എടുത്തു പറയേണ്ടതാണ് എന്ന് ഔസേപ്പച്ചനും ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു.

ജി വേണുഗോപാൽ

സ്കൂളിൽ പഠിക്കുന്ന സമയത്ത് ദാസേട്ടന്റെ ഗാനമേളകൾ ഓപ്പൺ എയറിൽ കുറവാണ്. ആ സമയത്ത് ധാരാളം ദാസേട്ടന്റെ പാട്ടുകൾ ഓപ്പൺ എയറിൽ പാടിയിരുന്ന ഒരാളാണ് ബഷീറിക്ക. അന്ന് റോളണ്ടിന്റെ കീബോർഡ്, യമഹയുടെ സൗണ്ട് സിസ്റ്റം, യേശുദാസ് ഏതൊക്കെ എക്വിപ്മെന്റ് എടുക്കുന്നുവോ അതെ അക്കൗസ്റ്റിക് സിസ്റ്റം ബഷീറിക്ക അന്ന് എടുത്തിരുന്നു. അന്ന് അദ്ദേഹം ഓപ്പൺ എയർ വേദികളെ അത്രത്തോളം ചടുലമാക്കിയിരുന്നു. അന്നുണ്ടായിരുന്ന ഒരുപാട് ആർട്ടിസ്റ്റുകളെ എനിക്കറിയാം. ആൽബർട്ട് വിജയൻ ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം കീബോഡിസ്റ്റ്. വളരെ കുട്ടിയായിരിക്കുമ്പോൾ പല സ്റ്റേജുകളിലും അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കാൻ വേണ്ടി ഞങ്ങൾ കാത്തു നിന്നിട്ടുണ്ട്. ഈ മരണം ഒരു ഗായകനെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമാണ് എന്ന് പറയാം. കാരണം പാടിക്കൊണ്ട് മരിച്ചു എന്ന് പറയുന്നതാകും ശരി.

ഔസേപ്പച്ചൻ

എന്റെയും ജോൺസണിന്റെയും ഒക്കെ ചെറുപ്പത്തിൽ ബ്ലൂ ഡയമൻഡ്‌സ് ഓർക്കസ്ട്രയിൽ പങ്കെടുക്കാൻ പോയിട്ടുണ്ട്. പല ഗാനമേളകൾക്കും ഞങ്ങൾ അവരോടൊപ്പം പാടിയിട്ടുണ്ട്. ആ സമയത്ത് അവിടെയൊക്കെ ബഷീറിക്കയാണ് പ്രധാന ഗായകൻ. അന്ന് ഞാനൊക്കെ അദ്ദേഹത്തിന്റെ ജൂനിയർ ആണ്. അവളരെ സ്നേഹത്തോടു കൂടിയാണ് ഇടപെട്ടത്. വളരെ നല്ല മനോഭാവം ഉള്ളയാൾ നമുക്ക് വളരെ സന്തോഷവും സ്നേഹവും തരുന്ന വ്യക്തിത്വം.അന്നേ ഞങ്ങളെ ഒരുപാട് അദ്ദേഹം ആകർഷിച്ചിട്ടുണ്ട്. ഗാനമേളകളിൽ ഒരുപാട് ഗായകരുണ്ടെങ്കിലും അദ്ദേഹത്തിന്റേതായ ഒരു ശൈലിയും വ്യക്തിത്വവും പാട്ടിൽ ഉണ്ടായിരുന്നു. അത് മുഹമ്മദ് റാഫിയുടെ പാട്ടായാലും ദാസേട്ടന്റെ പാട്ടയിലും, അത്രയും ഗംഭീരമായി പാടുമായിയിരുന്നു. അദ്ദേഹത്തെ ഞാൻ കൗതുകത്തോടെ കണ്ടിട്ടുള്ളത് വെൽ ഡ്രെസ്സ്‌ഡ് ആയിട്ടുള്ള സ്റ്റൈലിലാണ്. പിന്നീടാണ് അറിഞ്ഞത്, സംഗീത ഉപരാകാരങ്ങൾ എല്ലാം വിദേശത്തു നിന്ന് കൊണ്ടുവന്ന് ഗാനമേളകളിലേക്ക് ഉപയോഗിക്കുമെന്ന്. അപ്പോഴൊന്നും മറ്റു ഗാനമേളകളിൽ ഇത്തരം ഉപകാരങ്ങൾ ഒന്നും തന്നെയില്ല. അതായത് മദ്രാസിൽ റെക്കോഡിങ്ങിനു ഉപയോഗിച്ചിരുന്ന സാധനങ്ങൾ അദ്ദേഹം ഇവിടെ ഉപയോഗിച്ചിരുന്നു.ഗാനമേള എന്ന കലാരൂപം നമ്മൾ ഈ ഹെഡ്‍ഫോണിൽ കേൾക്കുന്ന പാട്ടുപോലെയല്ല. ലൈവ് ആയി നിന്ന് പാടുന്ന, അതിനു വേണ്ടി ജീവിതം ഉഴിഞ്ഞു വച്ചു അദ്ദേഹം. അദ്ദേഹത്തിന് വേണമെങ്കിൽ ഒരുപാട് തിരക്കുള്ള ഒരു പിന്നണിഗായകനായി മാറാമായിരുന്നു. ഞങ്ങളൊക്കെ അത് ചിന്തിച്ചിട്ടുമുണ്ട്. പക്ഷെ ജനങ്ങളോട് സംവദിച്ച് അവരുടെ മുന്നിൽ നേരിട്ട് പാട്ട് അവരിപ്പിക്കാൻ വേണ്ടി സമർപ്പിച്ച ഒരു വ്യക്തിയാണ് അദ്ദേഹം.

എന്റെ സ്വന്തം ജേഷ്ടസഹോദരനു കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ. ഒരുപാടു നാളത്തെ ആത്മബന്ധം. ഇടവ ബഷീർ. പാടിക്കൊണ്ടിരിക്കെ വേദിയിൽ ജീവിതം ദൈവത്തിൽ അർപ്പിച്ചെന്ന് .എം ജി ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചു

Noora T Noora T :