നടി ആക്രമിക്കപ്പെട്ട കേസ് വളരെ നിർണ്ണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് .നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. കേസിൽ ഇനിനീക്കങ്ങൾ നിർണ്ണായകമാണ് .
അതേസമയം തന്റെ ആശങ്കകള്‍ അതിജീവിത മുഖ്യമന്ത്രിയുമായി പങ്കവെച്ചെങ്കിലും ആരുടേയും പേര് എടുത്ത് പറയുന്ന രീതിയിലൊന്നും സംസാരിച്ചിട്ടില്ലെന്ന് ഭാഗ്യലക്ഷ്മി. അവളുടെ ഭയം മുഴുവന്‍ കേസില്‍ ആരുടെയൊക്കെ ഇടപെടലുണ്ടെന്ന് കേള്‍ക്കുന്നു എന്നായിരുന്നു. എന്നാല്‍ അത് ആരാണെന്ന് അറിയില്ല. തനിക്ക് രാഷ്ട്രീയ ബന്ധമില്ല, ആർക്കാണ് ഈ കേസ് വിജയിക്കരുതെന്ന താല്‍പര്യമുള്ളത് എന്നൊന്നും അറിയില്ല.
തന്നോടൊപ്പം ആരുമില്ലേ എന്ന ഭയം മാത്രമാണ് എനിക്കുള്ളു എന്നായിരുന്നു അതിജീവിത പറഞ്ഞത്. അപ്പോഴാണ് മുഖ്യമന്ത്രി പറയുന്നത് ‘സർക്കാർ ഒരിക്കലും കൈവിടില്ല, സർക്കാർ കൂടെയുണ്ട്’ എന്ന്. ഈ കേസ് വിജയിക്കുന്നത് വരെ സർക്കാർ ഒപ്പമുണ്ടാവും. ധൈര്യമായി ഇരിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞതായും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. മീഡിയ വണ്‍ ചാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
ഈ കേസില്‍ ഉന്നതന്റെ ഇടപെടല്‍ എന്ന വാർത്ത വരുന്നത് മാധ്യമങ്ങളില്‍ കൂടിയാണ്. സിനിമയില്‍ അഭിനയിക്കുന്നു, പ്രശസ്തയാണ് എന്നതിനപ്പുറം അവള്‍ സാധാരണയായ ഒരു പെണ്‍കുട്ടിയാണ്. എന്താണ് രാഷ്ട്രീയമെന്നൊന്നും അവള്‍ക്ക് അങ്ങനെ അറിയില്ല. ഇന്നയാളെ കണ്ട് സംസാരിക്കാം എന്നൊക്കെ പറയുമ്പോള്‍ ‘നമുക്ക് ഒരു പ്രശ്നം വന്നാല്‍ പൊലീസില്‍ പരാതി കൊടുത്ത് കോടതിയില്‍ പോയാല്‍ പോരെ’ എന്നാണ് അവള്‍ ചോദിക്കാറുള്ളതെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയെ നേരത്തെ കാണാന്‍ ശ്രമിച്ചപ്പോള്‍ നിഷേധിക്കുന്ന വിഷയമൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ തന്നെ രണ്ട് തവണ ശ്രമിക്കുകയും മെയില്‍ അയക്കുകയും ചെയ്തിരുന്നു. അപ്പോഴൊക്കെ ഇങ്ങോട്ട് തരുന്ന തരുന്ന തിയതിയില്‍ അവള്‍ ഷൂട്ടിങ്ങിലായിരിക്കും. ഒടുവില്‍ അവള്‍ ഫ്രീയായി വരുമ്പോള്‍ മുഖ്യമന്ത്രി തിരക്കിലായിരിക്കും. ഏറ്റവും ഒടുവില്‍ ശ്രമിച്ചപ്പോഴാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്.
അന്നും ഇപ്പോഴും മുഖ്യമന്ത്രിയെ കാണാന്‍ വേണ്ടി ശ്രമിച്ചതും അതിജീവിതയെ നിർബന്ധിച്ചതും ഞാനായിരുന്നു. നമ്മള്‍ ഇത്രത്തോളം ശമിക്കുന്നുണ്ടെന്ന കാര്യം മുഖ്യമന്ത്രിയും അറിഞ്ഞിരിക്കാന്‍ വഴിയില്ല. ഇത്തരം ആശങ്കകളൊന്നും ഇല്ലാതെയാണ് അന്ന് മുഖ്യമന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വേറൊരു മാനസികാവസ്ഥയിലായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച. പക്ഷെ കുറദിവസങ്ങള്‍ക്ക് ശേഷം അതിജീവിതയെ ചിരിച്ച് കാണുന്നത് ഇന്നലെയാണ്.
മുഖ്യമന്ത്രിയുടെ സംസാരത്തില്‍കൂടി അവർക്ക് കിട്ടിയ വലിയ വിശ്വസമാണ് എന്ന് തന്നെയാണ് ഞാന്‍ സംസാരിക്കുന്നത്. നമ്മള്‍ അവിടുന്ന് പുറത്ത് ഇറങ്ങിയ ഉടന്‍ തന്നെ ഡി ജി പി യേയും എ ഡി ജി പിയേയുമൊക്കെ വിളിച്ച് സംസാരിക്കുമ്പോള്‍ നമ്മുടെ വിശ്വാസം കൂറേക്കൂടി ശക്തമാവുകയാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.
സർക്കാർ വളരെ ഗൌരവത്തോടെയാണ് ഈ കേസിനെ കാണുന്നത്. സർക്കാറിനെ പൂർണ്ണമായി വിശ്വസിക്കാം എന്ന് പറയുമ്പോള്‍ ഹേയ് വിശ്വസിക്കില്ല എന്ന് പറയാന്‍ പറ്റില്ലാലോ. ഇനിയുള്ള നാള്‍വഴികളില്‍ ഈ കേസില്‍ ഉണ്ടാവുന്ന മാറ്റങ്ങളിലൂടെയെ നമുക്ക് അക്കാര്യം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. മുഖ്യമന്ത്രി തരുന്ന വാക്കിനെ അതിജീവിത വിശ്വസിക്കുകയാണ്.
ഈ ഒരു വിഷയത്തില്‍ പുറത്തിറങ്ങി പോരാടാന്‍ തയ്യാറായി നില്‍ക്കുന്ന വലിയൊരു കൂട്ടായ്മയുണ്ട്. അവരെല്ലാവരും ഇന്നലെ വരെ വല്ലാത്ത വിഷമത്തിലായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ടതോട് കൂടി ചെറിയ ആശ്വാസം ലഭിച്ചു. നാളെ എന്തെങ്കിലുമൊക്കെ ഒരു മാറ്റം വരുമായിരിക്കും അല്ലേ എന്നുള്ള ഒരു പ്രതീക്ഷ അവർക്കുണ്ടായി. ആ കൂട്ടായ്മയില്‍ രാഷ്ട്രീയ ഭേദമന്യേ ആളുകളുണ്ട്. മാറ്റം വരുമെന്ന പ്രതീക്ഷയിലാണ് നമ്മള്‍ മുന്നോട്ട് പോവുന്നത്. ആ മാറ്റം വന്നില്ലെങ്കില്‍ തീർച്ചയായും നമ്മള്‍ അടുത്ത രീതിയിലേക്ക് പോവും. ഇപ്പോള്‍ ഞങ്ങള്‍ ഏതായാലും മുഖ്യമന്ത്രി തന്ന വാക്കില്‍ ഉറച്ച് വിശ്വസിക്കുന്നുവെന്നും.