ജന ഹൃദയങ്ങളിൽ മികച്ച നടൻ’, ‘ഇന്ദ്രൻസേട്ടൻ ; അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ; ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ച് ഷാഫി പറമ്പിൽ !

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനങ്ങളാണ് ഉയരുന്നത് .ഇപ്പോഴിതാ പരോക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. നടൻ ഇന്ദ്രൻസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ എന്നാണ് ഷാഫി ഫെയ്സ്ബുക്കിൽ കുറിച്ചത്. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം ഹോമിന് പുരസ്കാരനിർണയത്തിൽ പരിഗണന ലഭിക്കാത്തതിൽ വലിയ തരത്തിലുള്ള ചർച്ചകളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഷാഫി പറമ്പിലിന്റെ ഈ പോസ്റ്റ്.

ജന ഹൃദയങ്ങളിൽ മികച്ച നടൻ’, ‘ഇന്ദ്രൻസേട്ടൻ. ഹോമിലെ ഇന്ദ്രൻസ് ചേട്ടനാണ് മലയാളികളുടെ മനസ്സിലെ 2021 ലെ മികച്ച നടൻ’ തുടങ്ങി നീളുന്നു പ്രതികരണങ്ങൾ. ബിജു മേനോനും ജോജു ജോർജുമാണ് മികച്ച നടൻമാർ. രേവതി മികച്ച നടി. ആവാസവ്യൂഹം മികച്ച ചിത്രം, മികച്ച സംവിധായകൻ ദിലീഷ് പോത്തൻ ഹൃദയം മികച്ച ജനപ്രിയ ചിത്രം എന്നിങ്ങനെ നീളുന്നു പുരസ്കാരങ്ങൾ. കോൺഗ്രസ് നേതാവ് ടി. സിദ്ധിഖും അവാർഡ് നിർണയത്തെ വിമർശിച്ച് രംഗത്തെത്തി. ‘ഹൃദയം കവർന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകർച്ച മറ്റ്‌ അഭിനേതാക്കളിൽ കാണാൻ കഴിഞ്ഞ ജൂറിക്ക്‌ പ്രത്യേക അഭിനന്ദനങ്ങൾ’ എന്നാണ് കുറിപ്പ്.

അതേസമയം, ചലച്ചിത്ര അവാർഡ് ലഭിക്കണമെന്നില്ലെന്നും ജനങ്ങൾ നൽകിയ അംഗീകാരമാണ് ഏറ്റവും വലിയ അവാർഡെന്നും ഇന്ദ്രൻസ് അവാർഡ് പ്രഖ്യാപനത്തിന് മുൻപായി പ്രതികരിച്ചിരുന്നു. അടുത്തിടെ താരം ചലച്ചിത്ര അക്കാദമി അംഗത്വം രാജിവച്ചതും ഏറെ ചർച്ചയായിരുന്നു. പദവിയിലിരിക്കുമ്പോൾ ഹോമിന് അവാർഡ് ലഭിക്കുകയാണെങ്കിൽ അക്കാദമിയിൽ അംഗമായതുകൊണ്ടാണ് കിട്ടിയതെന്ന് തെറ്റിദ്ധാരണയുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമിയും അവാർഡുമായി ബന്ധമില്ലെന്ന് ജനങ്ങൾ മനസിലാക്കണമെന്നില്ലെന്നും ഇന്ദ്രൻസ് പ്രതികരിച്ചിരുന്നു.

AJILI ANNAJOHN :