സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഹോമിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിന് പിന്നില്‍ വിജയ് ബാബു വിഷയമോ എന്ന് സോഷ്യല്‍മീഡിയ ?

കഴിഞ്ഞ ദിവസമായിരുന്നു അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത് . ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തിരഞ്ഞെടുത്തു. 2021ലെ മികച്ച നടനുള്ള പുരസ്കാരം ബിജുമേനോനും ജോജു ജോർജും പങ്കിട്ടു. ആർക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോനു പുരസ്കാരം ലഭിച്ചത്. നായാട്ട്, മധുരം, തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് നേട്ടമായത്. അവാർഡ് പ്രഖ്യപനത്തിനു പിന്നാലെ വിമർശനങ്ങളും ഉയരുന്നുണ്ട്

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മലയാള സിനിമകളില്‍ വലിയ പ്രേക്ഷക പ്രശംസയും നിരൂപക അഭിപ്രായവുമൊക്കെ നേടിയ ചിത്രമായിരുന്നു ഹോം. എന്നാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഒരു വിഭാഗത്തില്‍ പോലും സിനിമ ഇടം പിടിച്ചില്ല.അതിൽ പ്രതികരണവുമായി സംവിധായകന്‍ റോജിനും രംഗത്ത് വന്നിരുന്നു.

സിനിമയിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് ചലച്ചിത്ര പുരസ്‌കാരം ലഭിക്കുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഹോമിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിന് പിന്നില്‍ ചിത്രത്തിന്റെ നിര്‍മാതാവായ വിജയ് ബാബുവാണെന്ന് പരക്കെ അഭിപ്രായം ഉയരുകയാണ്.

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ കുറ്റാരോപിതനാണ് നടനും നിര്‍മാതാവുമായ വിജയ് ബാബു. കേസുമായി ബന്ധപ്പെട്ട ജാമ്യഹര്‍ജി നിലനിര്‍ത്തിയാല്‍ തിങ്കളാഴ്ച കൊച്ചിയില്‍ തിരിച്ചെത്താമെന്ന് വിജയ് ബാബു ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്.

അതേസമയം, ചലച്ചിത്ര അവാര്‍ഡ് ലഭിക്കണമെന്നില്ലെന്നും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡെന്നും ഇന്ദ്രന്‍സ് അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്‍പായി പ്രതികരിച്ചിരുന്നു. അടുത്തിടെ താരം ചലച്ചിത്ര അക്കാദമി അംഗത്വം രാജിവച്ചതും ഏറെ ചര്‍ച്ചയായിരുന്നു. പദവിയിലിരിക്കുമ്പോള്‍ ഹോമിന് അവാര്‍ഡ് ലഭിക്കുകയാണെങ്കില്‍ അക്കാദമിയില്‍ അംഗമായതുകൊണ്ടാണ് കിട്ടിയതെന്ന് തെറ്റിദ്ധാരണയുണ്ടാകുമെന്നും ചലച്ചിത്ര അക്കാദമിയും അവാര്‍ഡുമായി ബന്ധമില്ലെന്ന് ജനങ്ങള്‍ മനസിലാക്കണമെന്നില്ലെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചിരുന്നു.

AJILI ANNAJOHN :