ആ സിനിമ ചെയ്യും മുന്‍പേ ഞാന്‍ പറഞ്ഞിരുന്നു അതിന്റെ അപാകത; ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയ മമ്മൂട്ടി ചിത്രത്തെ കുറിച്ച് സിബി മലയില്‍!

ഹൃദയസ്പര്‍ശിയായ നിരവധി സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയില്‍. കിരീടം, തനിയാവര്‍ത്തനം, ഹിസ് ഹൈനസ് അബ്ദുള്ള, ആകാശദൂത്, ഓഗസ്റ്റ് 1, മുത്താരംകുന്ന് പി ഒ, സമ്മര്‍ ഇന്‍ ബെത്‌ലഹേം, ഭരതം തുടങ്ങിയ ചിത്രങ്ങള്‍ മലയാളികൾക്ക് മറക്കാനാവില്ല

വര്‍ഷങ്ങള്‍ നീണ്ട സിനിമാജീവിതത്തില്‍ തനിക്ക് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് ഇപ്പോൾ സംവിധായകന്‍. ആ സിനിമ ചെയ്യും മുമ്പേ അതിന്റെ അപാകത നിര്‍മ്മാതാവിനോട് താന്‍ പറഞ്ഞിരുന്നുവെന്നും സിബി മലയില്‍ വെളിപ്പെടുത്തി. സിനിമയുടെ ബോക്‌സ് ഓഫീസ് പരാജയം താന്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

ഇത്രയും വര്‍ഷത്തെ സിനിമ ജീവിതത്തില്‍ ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയ സിനിമയാണ് ‘പരമ്പര’. ആ സിനിമ ചെയ്യും മുന്‍പേ ഞാന്‍ പറഞ്ഞിരുന്നു അതിന്റെ അപാകത. സിനിമയുടെ നിര്‍മ്മാതാവിനോട് ഞാനത് പറയുകയും ചെയ്തിരുന്നു. പക്ഷേ അവര്‍ ഒരു പാട് മുന്നോട്ട് പോയതു കൊണ്ട് പിന്മാറാനും പറ്റിയില്ല. എനിക്ക് ഒരു വിധത്തിലുമുള്ള തൃപ്തി നല്‍കാത്ത സിനിമയായിരുന്നു പരമ്പര.

എസ്.എന്‍ സ്വാമി രചന നിര്‍വഹിച്ച് 1990-ല്‍ മമ്മൂട്ടി നായകനായ സിനിമയാണ് ‘പരമ്പര’. സുമലത മമ്മൂട്ടിയുടെ നായികയായ ചിത്രം നിര്‍മ്മിച്ചത് മുദ്ര ആര്‍ട്സായിരുന്നു. എസ്.എന്‍ സ്വാമി സിബി മലയില്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ആഗസ്റ്റ് ഒന്ന്’ എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു ‘പരമ്പര’.

മമ്മൂട്ടി ഇരട്ടവേഷത്തിലഭിനയിച്ച ഈ ചിത്രം 1991ല്‍ ഫൂല്‍ ഔര്‍ കാണ്ടെ എന്ന പെരില്‍ ഹിന്ദിയിലും 1993ല്‍ വരസുഡു എന്ന പേരില്‍ തെലുങ്കിലും റീമെയ്ക്ക് ചെയ്യപ്പെട്ടു.

AJILI ANNAJOHN :