വിജയ് ബാബു നാട്ടിൽ എത്തിയാലുടന്‍ അറസ്റ്റ്, സഹായം നല്‍കിയവരെയെല്ലാം ചോദ്യം ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ!

പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ ഒളുവിൽ കഴിയുന്ന നടന്‍ വിജയ് ബാബു തിങ്കളാഴ്ച വിദേശത്തുനിന്ന് എത്തിയാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു അറിയിച്ചു . ലുക്ക് ഔട്ട് നോട്ടിസ് ഉള്ളതിനാല്‍ അറസ്റ്റ് ചെയ്യാനാകും. വിജയ് ബാബുവിന് സഹായം നല്‍കിയവരെ ചോദ്യംചെയ്യുമെന്നും കമ്മിഷണര്‍ പറഞ്ഞു. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നാട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യഹര്‍ജി തള്ളുമെന്ന നിലപാട് കോടതി കഴി്ഞ്ഞദിവസവും ആവര്‍ത്തിച്ചിരുന്നു.

അതേസമയം, ഒളിവില്‍ പോയ വിജയ് ബാബുവിന് സിനിമാരംഗത്തുള്ള ഒരു സുഹൃത്ത് സഹായം ചെയ്തതായി പൊലീസ് കണ്ടെത്തല്‍. വിദേശത്ത് തങ്ങാനുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന് ഇയാള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ അയച്ചു കൊടുക്കുകയായിരുന്നു.

തൃശൂര്‍ കൊടുങ്ങല്ലൂരിലെ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് സുഹൃത്ത് നെടുമ്പാശേരി വഴി ദുബായിലെത്തി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറിയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

മെയ് 29ന് അര്‍ദ്ധ രാത്രി വിജയ് ബാബു ദുബായില്‍ നിന്ന് പുറപ്പെടുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. 30ന് നടന്‍ നാട്ടില്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജാമ്യാപേക്ഷ തള്ളുമെന്നും കോടതി വ്യക്തമാക്കി. നടിയുമായി താന്‍ സൗഹൃദത്തിലായിരുന്നുവെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നുമാണ് വിജയ് ബാബു കോടതിയെ അറിയിച്ചത്.

വാട്‌സ് ആപ് ചാറ്റുകളുടെ പകര്‍പ്പുകളും വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. മെയ് 30ന് തിരിച്ചെത്തുന്ന വിജയ് ബാബുവിനെ എയര്‍പോര്‍ട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിട്ടുണ്ട്.

AJILI ANNAJOHN :