പാലം പൊളിച്ചവര്‍ പുറത്ത് , പാലം തുറന്നുവെന്ന് ആരോപിക്കപ്പെടുന്നവര്‍ അറസ്റ്റില്‍ ,സുലാന്‍

വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പ് തന്നെ തുറന്ന സംഭവത്തില്‍ വി ഫോര്‍ കേരള പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെതിരെ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.പാലം പൊളിച്ചവര്‍ പുറത്ത് , പാലം തുറന്നുവെന്ന് ആരോപിക്കപ്പെടുന്നവര്‍ അര്‍ധരാത്രി അറസ്റ്റില്‍ ,സുലാന്‍ എന്നായിരുന്നു
ജൂഡിന്റെ പ്രതികരണം.

അതെ സമയം വി ഫോർ കേരള പ്രവർത്തകരെ പിന്തുണച്ച് നടനും എഴുത്തുകാരനുമായ തമ്പി ആന്റണിയും എത്തിയിരുന്നു . പാലങ്ങളും കലുങ്കുകളും തുടങ്ങി പൊതു ശൗചാലയങ്ങൾ പോലും വോട്ടിനും പ്രശസ്തിക്കുംവേണ്ടിമാത്രമായി ഉപയോഗിക്കുന്ന രാഷ്ട്രീയക്കാരുടെ ഈ ചിലവേറിയ ഉദ്ഘാടനച്ചടങ്ങുകൾ നിർത്തലാക്കണമെന്നും അദ്ദേഹം പറയുന്നു.

ഉദ്ഘാടനത്തിന് മുമ്പ് തുറന്ന് നല്‍കിയ വി ഫോര്‍ കേരള സംഘടന പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസമായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കല്‍ കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു. സംഭവത്തില്‍ പാലത്തില്‍ കുടുങ്ങിയ വാഹനങ്ങള്‍ പൊലീസ് തിരിച്ചിറക്കുകയായിരുന്നു.അറസ്റ്റ് ചെയ്തവര്‍ക്ക് പുറമെയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ പാലത്തിലേക്ക് അതിക്രമിച്ച് കയറിയ 10 വാഹന ഉടമകള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ജനുവരി 9 നാണ് പാലത്തിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം ഉദ്ഘാടനം ചെയ്യുക. രണ്ട് പാലങ്ങളുടെയും ഭാരപരിശോധനയടക്കമുള്ളവ മുമ്പ് കഴിഞ്ഞിരുന്നു. നേരത്തെയും പാലം തുറക്കുന്നതിനായി വീ ഫോര്‍ കേരള പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ജനുവരി 1 ന് പാലം തുറക്കാന്‍ എത്തിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വൈറ്റില കുണ്ടന്നൂര്‍ പാലങ്ങളുടെ പണി കഴിയേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് ഭീഷണി വന്നതോടെ പാലം പണി വൈകുകയായിരുന്നു. 2017 ഡിസംബര്‍ പതിനൊന്നിനായിരുന്നു നിര്‍മ്മാണം ആരംഭിച്ചത്. വൈറ്റില ജംക്ഷന് മുകളില്‍ മെട്രോ പാലത്തിന് കീഴെ അപ്രോച്ച് റോഡ് അടക്കം 717 മീറ്റര്‍ നീളത്തില്‍ 85 കോടി രൂപ ഉപയോഗിച്ചാണ് പാലം പണി ആരംഭിച്ചത്.

Noora T Noora T :