ദിലീപ് ഈസിയായി ഊരിപ്പോരും; കേസ് അട്ടിമറിക്കുന്നതിന് പിന്നിൽ രാമൻ പിള്ളയോടുള്ള പ്രത്യുപകാരം തുറന്നടിച്ച് എം എൽ എ കെകെ രമ!

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുകയാണ് . കേസിലെ അധിക കുറ്റപത്രം ഈ മാസം 30ന് സമർപ്പിക്കും. തുടരന്വേഷണത്തിനായി ഇനി അന്വേഷണസംഘം സമയം നീട്ടിച്ചോദിക്കില്ല. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യാ മാധവൻ കേസിൽ പ്രതിയാകില്ല. കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിൻമാറ്റം. ഈ സാഹചര്യത്തിൽ പല ഭാഗത്തു നിന്നും

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എം എൽ എ കെകെ രമ. ഇവിടെ ഏറ്റവും പ്രമുഖയായ നടിയുടെ സ്ഥിതി ഇതാണെങ്കിൽ ഇന്നാട്ടിലെ സാധാരണ കുട്ടിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് രമ ചോദിച്ചു. നീതിന്യായ വ്യവസ്ഥയില്‍ പോലും വിശ്വാസമില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി. റിപ്പോർട്ടർ ചാനലിനോടായിരുന്നു രമയുടെ പ്രതികരണം. അവരുടെ വാക്കുകളിലേക്ക്

വളരെ ഗുരുതരമായ കാര്യമാണിത്. ഒരു പെണ്‍കുട്ടി അഞ്ചു വര്‍ഷത്തിലധികമായി തനിക്ക് നീതി കിട്ടാനായി വിവിധ കോടതികള്‍ കയറിയിറങ്ങുകയാണ്. സര്‍ക്കാരിനെ വിശ്വസിച്ചാണ് അവള്‍ ഇതുവരെ നിന്നത്. ഇപ്പോള്‍ അവള്‍ക്ക് ഹൈക്കോടതിയില്‍ പോകേണ്ട ഒരു സാഹചര്യത്തിലേക്ക് എത്തിയിരിക്കുന്നു.ഇത് അങ്ങനെ അവസാനിപ്പിച്ചുകൊടുക്കാന്‍ കഴിയില്ല. ഇവിടെ ഏറ്റവും പ്രമുഖയായ നടിയുടെ സ്ഥിതി ഇതാണെങ്കിൽ ഇന്നാട്ടിലെ സാധാരണ കുട്ടിയുടെ അവസ്ഥ എന്തായിരിക്കും.

ഏത് കോടതിയെയാണ് സമീപിക്കാന്‍ പറ്റുക. നീതിന്യായ വ്യവസ്ഥയില്‍ പോലും വിശ്വാസമില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നെല്ലാം പ്രതിക്ക് വിവരങ്ങള്‍ പോവുകയാണ്, എല്ലാ സ്ഥലങ്ങളില്‍ നിന്നും. ഇത് എന്ത് നാടാണ്. ഇതാണോ കേരളം.’തീര്‍ച്ചയായിട്ടും ഇതിനെതിരെ അതിശക്തമായ പ്രതിഷേധം ഉയർന്ന് വരണം. കേരള സമൂഹം ഒന്നടങ്കം ഇതിനെതിരെ നില്‍ക്കണം. ഇത്തരത്തിലൊരു സാഹചര്യം വന്ന് കഴിഞ്ഞാൽ കേരളത്തിൽ ആർക്കും രക്ഷയില്ലാത്ത അവസ്ഥയാകും. ലോക്‌നാഥ് ബെഹ്‌റയുള്‍പ്പെടെ ഇതിനകത്ത് ഇടപെട്ട വിഷയങ്ങള്‍ നമ്മുക്കറിയാം. ആ കാര്യങ്ങൾ ഒക്കെ പുറത്തുവന്നിട്ടും വിഷയത്തിൽ എന്ത് നടപടിയെടുത്തു? എല്ലാ സംവിധാനങ്ങളും ഒന്നിച്ചു നില്‍ക്കുകയാണ്.’

രാമന്‍പിളളയെന്ന അഭിഭാഷകന് ടിപി കേസില്‍ ഉള്‍പ്പടെയുളളതിനുളള പ്രത്യുപകാരം കൂടിയായിട്ടാണ് ഈ കേസ് ഈ രൂപത്തിലേക്ക് പോവുന്നത്. കണ്ടു നിൽക്കാൻ സാധിക്കില്ല. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല. കേസിൽ നമ്മുക്ക് ഇടപെടുന്നതിന് പരിമിതി ഉണ്ടെങ്കിലും നമ്മുക്ക് പോരാടാൻ സാധിക്കും. എന്നാൽ എത്രപേർ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല. നിരവധി വനിതാ സംഘടനകൾ ഇവിടെയുണ്ട്. എന്നാൽ അവരൊക്കെ എവിടെയാണെന്ന് പോലും അറിയില്ല. ഒരു പെൺകുട്ടിയുടെ വിഷയം വരുമ്പോൾ മഷിയിട്ട് നോക്കിയാൽ പോലും ഇവരെ കാണാൻ സാധിക്കുന്നില്ല.

ഒന്ന് പ്രതികരിക്കാന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പോലുളളവരെ തയ്യാറാവുകു. ആരേയാണ് ഈ സ്ത്രീ സംഘടനകള്‍ പേടിക്കുന്നത്. സ്ത്രീകൾക്കൊക്കെ വേണ്ടിയല്ലേങ്കിൽ പിന്നെ എന്തിനാണ് ഈ സംഘടനകൾ ഒക്കെ രൂപം കൊടുത്തത്. കേസന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ ഡബ്ല്യുസിസി പോലും യാതൊരു തരത്തിലും പ്രതികരിച്ച് കണ്ടില്ല. അവരുടെ വായമൂടിക്കെട്ടുന്ന രൂപത്തിലേക്കാണ് വരുന്നത്’.

‘അന്വേഷണ ഉദ്യോഗസ്ഥന്മാരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് സര്‍ക്കാര്‍. എന്നിട്ട് ഞങ്ങള്‍ അതിജീവിതയോടൊപ്പമാണ് എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്? അന്വേഷണ ഉദ്യോഗസ്ഥരെ സ്വതന്ത്ര്യമായി ഇടപെടാനും കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമുള്ള അധികാരം കൊടുക്കുകയാണ് വേണ്ടത്. പ്രധാനപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റുന്നു, ഇടതു മുന്നണിയുടെ കണ്‍വീനര്‍ മാറുന്നു, പൊളിറ്റിക്കല്‍ സെക്രട്ടറി മാറുന്നു, അപ്പോഴേക്കും ഈ കേസില്‍ വളരെ കൃത്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു’.ഇതൊക്കെയൊരു ചങ്ങലയാണ്.

പണമാണ് ഇവിടെ ഭരിക്കുന്നത്, പണമുളളവന് ഇവിടെ എന്തും നടക്കും. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ഇതെല്ലാം തനിക്ക് ഉണ്ടായ അനുഭവമാണ്. സാധാരണക്കാരന് ഒരു നീതിയും കിട്ടില്ല. പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടാകണം. ഭരണ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തണം. പ്രതിപക്ഷം ഈ വിഷയത്തെ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന വിമർശനം പോലും തനിക്കുണ്ട്’.രാമൻപിള്ളയെ സംരക്ഷിക്കുകയാണ് സർക്കാർ.

അദ്ദേഹത്തിനെതിരെ കേസ് വന്നാൽ വലിയ പ്രത്യാഘാതം സർക്കാർ നേരിടേണ്ടി വരും. ടിപി കേസില്‍ എന്തൊക്കെ നടന്നതെന്ന് അഡ്വ രാമന്‍പിള്ളക്കറിയാം, അതിന്റെ പ്രത്യുപകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ദിലീപ് കേസില്‍ ചെയ്തുകൊടുക്കുന്നത്. നടിയെ ചലച്ചിത്ര മേളയുടെ വേദിയിലേക്ക് ആനയിക്കാൻ സർക്കാരിന് എന്ത് താത്പര്യമായിരുന്നു. ഇരയുടെ ഒപ്പമാണെന്ന് പറഞ്ഞ് വേട്ടക്കാരനൊപ്പം ഓടുകയാണ് സർക്കാർ’.

നടിക്ക് നീതി കിട്ടുന്ന സാഹചര്യം ഉണ്ടെന്ന് കരുതുന്നില്ല. കേസിലെ എട്ടാം പ്രതിയായ ദിലീപ് കേസിൽ നിന്ന് ഊരിപ്പോരും. കേസിലെ ഏതെങ്കിലും ഒരാളെ പേരിന് മാത്രം ശിക്ഷിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ പോകും എന്ന കാര്യത്തിൽ സംശയമില്ല. കേസിലെ പ്രധാന പ്രതി കേരളത്തിലെ ആഭ്യന്തര വകുപ്പാണ്. എന്ത് കൊണ്ട് നടിക്ക് ഇത്തരമൊരു സാഹചര്യം ഉണ്ടായി എന്ന് വകുപ്പ് മറുപടി പറയണം. ഈ നിലയ്ക്കാണ് കാര്യങ്ങൾ എങ്കിൽ ഒരു കേസിലും നീതി ലഭിക്കില്ല’.

AJILI ANNAJOHN :