‘ജ്ഞാനപ്പഴത്തെ പിഴിന്ത്…’ സംഗീത പാടിത്തീർപ്പോൾ ജയലളിത വേദിയിലേക്ക് വന്നു… കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഊരി കഴുത്തിലണിയിച്ചു; പിന്നണി ഗായിക സംഗീത സചിത് ഓർമ്മയാകുമ്പോൾ

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചത്. വൃക്കരോഗത്തെ തുടർന്നായിരുന്നു അന്ത്യം. എ.ആർ. റഹ്‌മാനെയും ജയലളിതയെയും അത്ഭുതപ്പെടുത്തിയ മലയാളിഗായികയാണ് സംഗീത.

ഈ ഗായിക യാത്രയാകുമ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ശ്രദ്ധേയമാണ്.

1992 ഫെബ്രുവരി 14 ൽ ചെന്നൈയിലെ കാമരാജ്സ്മാരക ഹാളിൽ തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്രപുരസ്കാര വിതരണച്ചടങ്ങിന്റെ ഭാഗമായി ദേവയുടെ നേതൃത്വത്തിൽ ഗാനമേള ഉണ്ടായിരുന്നു. മുഖ്യമന്ത്രി ജയലളിതയായിരുന്നു അതിഥി. ‘ജ്ഞാനപ്പഴത്തെ പിഴിന്ത്…’ എന്ന ഗാനം സംഗീത പാടിത്തീർപ്പോൾ ജയലളിത വേദിയിലേക്ക് വന്നു. തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഊരി സംഗീതയുടെ കഴുത്തിലണിയിച്ചു. സംഗീതയും കെ.ബി. സുന്ദരാംബാളും തമ്മിൽ സ്വരബന്ധമുണ്ടെന്ന് ജയ പറഞ്ഞു.

മകളെ പാട്ടുക്കാരിയാക്കാൻ ആഗ്രഹിച്ച പിതാവ് മകളുടെ പാട്ടുകൾ റെേക്കാഡുചെയ്ത കാസറ്റുകളുമായി സംഗീതസംവിധായകരുടെ വീടുകളിൽ പോയി. സംഗീതയുടെ കഴിവ് മനസിലാക്കിയ നടൻ വിജയിന്റെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ ‘നാളൈ തീർപ്പ്’ എന്ന ചിത്രത്തിൽ ബിറ്റ്‌സോങ് പാടാൻ അവസരം കൊടുത്തു.

സംഗീതസംവിധായകൻ ദേവ ‘മധുമതി’യിലെ സോളോ പാടാൻ സംഗീതയ്ക്ക് അവസരം കൊടുത്തു . സംഗീത തമിഴിലെ മുൻനിര ഗായികയായി സംഗീത മാറി. അസുരൻ, മാമൻ മകൾ, സ്‌മൈൽ പ്ലീസ്, സരിഗമപധനി, ലക്കിമാൻ തുടങ്ങി എ.ആർ. റഹ്മാന്റെ മിസ്റ്റർ റോമിയോയും ജീൻസും ബിഗിലും വരെയുള്ള ഒട്ടേറെ ചിത്രങ്ങളിൽ സംഗീത പാട്ട് പാടി.

നേട്ടങ്ങൾ നിരവധിയാണെങ്കിലും മലയാളത്തിൽ സംഗീതയ്ക്ക് വിരലിലെണ്ണാവുന്ന ചിത്രങ്ങൾമാത്രമേ കിട്ടിയിട്ടുളളൂ . യേശുദാസിനൊപ്പം പാടിയ ‘ആവണിപൊൻപുലരി’, ‘ഓണം പൊന്നോണം’, ഉണ്ണി മേനോനൊപ്പമുള്ള ‘പൊൻചിങ്ങം’ തുടങ്ങിയ കാസറ്റുകൾ ഹിറ്റ്ചാർട്ടുകളിൽ നിറഞ്ഞുനിൽക്കുന്നു. താൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യമലയാളചിത്രം ‘കയ്പയ്ക്ക’ പുറത്തിറങ്ങുന്നത് കാണാതെയാണ് സംഗീത മരിച്ചത് . അയ്യപ്പനും കോശിയിലെയും പാട്ടിന് സൈമ അവാർഡ് കിട്ടിയിരുന്നു .

Noora T Noora T :