യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. ബുദ്ധിമുട്ടാകുന്ന രീതിയിലേക്കാണ് വിജയ് ബാബു കാര്യങ്ങള്‍ കൊണ്ടു പോകുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ല, നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മിഷണര്‍ വ്യക്തമാക്കി.പത്തൊന്പതിന് ഹാജരാകാമെന്ന് വിജയ് ബാബു പറഞ്ഞിരുന്നെങ്കിലും വന്നില്ല. അതിനാലാണ് പാസ്പോര്‍ട്ട് റദ്ദാക്കിയത്. ഇനി യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാവും. ഹാജരായി പറയാനുള്ളത് പറയുക. അത് ചെയ്യുന്നില്ല. ബുദ്ധിമുട്ടാകുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
അയാള്‍ ഈ നാട്ടുകാരനാണ്. ഇങ്ങനെ എത്രനാള്‍ പോകും. ഇവിടെ വരുന്നതാണ് യുക്തി. ‘- പൊലീസ് കമ്മിഷണര്‍ പറഞ്ഞു. ഈ മാസം 24നകം ഹാജരായില്ലെങ്കില്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.

ഇത്രയും നാള് ദുബായിലുണ്ടായിരുന്ന വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. ഇതോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസിന്റെ നീക്കം പാളുകയാണ്. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ പൊലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.
നേരത്തെ പാസ്പോര്‍ട്ട് ഓഫീസര്‍ക്ക് മുമ്പാകെ ഹാജരാകണമെന്ന് വിജയ് ബാബു അറിയിച്ചിരുന്നെങ്കിലും വിദേശത്ത് ഒളിവില്‍ തുടരുകയാണ്. താന്‍ ബിസ്നസ് ടൂറിലാണെന്നും മേയ് 24ന് മാത്രമേ നാട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് വിജയ് ബാബു അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നെന്ന വിവരം ലഭിച്ചത്.വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച മാത്രമേ ഹൈക്കോടതി പരിഗണിക്കുകയുള്ളൂ. കോടത നടപടികള്‍ വൈകുന്ന സാഹചര്യമുള്ളത് കൊണ്ടാണ് വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ. ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.

ഇതിനിടെ വിജയ് ബാബുവിനെ കണ്ടെത്താന്‍ പൊലീസ് എംബസികളുടെ സഹായം തേടിയിട്ടുണ്ട്. എന്നാല്‍ വിജയ് ബാബു പഴയ യു എസ് എസ് ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയ എന്ന രാജ്യത്തേക്കാണോ യു എസിലെ സംസ്ഥാനമായ ജോര്‍ജിയയിലേക്കാണോ കടന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. വിജയ് ബാബുവിന്റെ അടുത്ത ബന്ധു ജോര്‍ജിയയില്‍ ഉണ്ട്. യു എസ് സന്ദര്‍ശിക്കാനുള്ള വിസയും വിജയ് ബാബുവിന് ഉണ്ട്.
എന്നാല്‍ പാസ്പോര്‍ട്ട് റദ്ദാക്കപ്പെട്ടതോടെ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന രാജ്യം വിടാന്‍ വിജയ് ബാബുവിന് സാധിക്കില്ല. വിദേശ എംബസികളുടെ സഹായത്തോടെ വിജയ് ബാബുവിന്റെ ഇതുവരെയുള്ള യാത്ര വിവരങ്ങള്‍ കണ്ടെത്തി നാട്ടിലെത്തിക്കാനുള്ള നീക്കമാണ് പൊലീസ് ഇപ്പോള്‍ നടത്തുന്നത്. പൊലീസിന് മുന്നില്‍ ഹാജരാകുമെന്ന് അറിയിച്ചെങ്കിലും വിജയ് ബാബു അക്കാര്യത്തില്‍ വീഴ്ച വരുത്തി. ഇതേ തുടര്‍ന്നാണ് വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് പാസ്പോര്‍ട്ട് റദ്ദാക്കിയത്. കൊച്ചി സിറ്റി പൊലീസ് കേന്ദ്രത്തിന് നല്കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ മാസം 22ന് ആണ് പുതുമുഖ നടി വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചില്ല. ഇപ്പോഴും പ്രതി എവിടെയാമെന്നത് സംബന്ധിച്ച് പൊലീസിന് വ്യക്തതയില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചാല്‍ മാത്രമാണ് വിജയ് ബാബു ഹാജരാവുകയുള്ളു എന്നാണ് വിവരം.
