മുംബൈയിലൊക്കെ പോകുമ്പോള്‍ ആളുകള്‍ ഇതാണ് ചോദിക്കുന്നത്; നടിയ്ക്ക് നീതി ലഭിക്കണം; സന്തോഷ് ശിവന്‍ പറയുന്നു

നടിയെ ആക്രമിച്ച കേസില്‍ പ്രതികരണവുമായി സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍. അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നും അവര്‍ സിനിമകളിലൂടെ തിരിച്ച് വരുന്നതില്‍ സന്തോഷമുണ്ട് എന്നും സന്തോഷ് ശിവന്‍ പറഞ്ഞു. തന്റെ പുതിയ ചിത്രമായ ജാക്ക് ആന്‍ഡ് ജില്ലിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

തിരിച്ച് വരിക എന്നത് അവരുടെ അവകാശമാണെന്നും എവിടെ ചെന്നാലും ഇത് മാത്രമാണ് ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലൊക്കെ പോകുമ്പോള്‍ ആളുകള്‍ ഇതാണ് ചോദിക്കുന്നത്. നടിയ്ക്ക് നീതി ലഭിക്കണം എന്നാണ് എല്ലാവരുടേയും ആഗ്രഹം എന്നും അദ്ദേഹം സന്തോഷ് ശിവന്‍ പറഞ്ഞു. അവര്‍ തിരിച്ച് വരുന്നു എന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ വിഷയം ഞാന്‍ അധികം ഫോളോ ചെയ്തിട്ടില്ല. നിയമ വശങ്ങള്‍ നടക്കുന്ന കേസാണല്ലോ. അതില്‍ നീതി ലഭിക്കണമെന്നും തനിക്ക് മാത്രമല്ല എല്ലാവര്‍ക്കും അത് തന്നെയാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഉറുമി’യ്ക്കു ശേഷം സന്തോഷ് ശിവന്‍ ഒരുക്കുന്ന മലയാള ചിത്രമായ ‘ജാക്ക് ആന്റ് ജില്ലിന്റെ പ്രൊമോഷനോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടി മഞ്ജു വാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം മേയ് 20 നാണ് റിലീസ് ചെയ്യുന്നത്. സയന്‍സ് ഫിക്ഷന്‍ കോമഡി ഗണത്തില്‍പ്പെടുന്ന സിനിമയാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. ഗോകുലം ഗോപാലന്‍, സന്തോഷ് ശിവന്‍, എം പ്രശാന്ത് ദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ജോയ് മൂവി പ്രോഡക്ഷന്‍സാണ് തിയേറ്ററുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, മേശ് പിഷാരടി തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബി കെ ഹരിനാരായണനും റാം സുന്ദരും ആണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയത്. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജയിക്സ് ബിജോയിയും ചേര്‍ന്നാണ്. അതേസമയം കേസില്‍ കോടതി അനുവദിച്ച സമയ പരിധി ഈ മാസം 30 ന് അവസാനിക്കാനിരിക്കുകയാണ്. അതിനിടെ കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത് കഴിഞ്ഞ ദിവസമാണ്.തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങളാണ് ശരത്തിനെതിരെ ചുമത്തിയത്. നടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണത്തിലെ ആദ്യ അറസ്റ്റായിരുന്നു ശരത്തിന്റേത്. നേരത്തെ കേസിലെ ‘വിഐപി’ ശരത് ആണെന്ന് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നടിയെ ആക്രമിച്ച പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

നേരത്തെ കേസില്‍ ദിലീപിന്റെ ബന്ധുവും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖ നേരത്തെ പുറത്ത് വന്നിരുന്നു. നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ വെച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തു എന്നാണ് സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്നത്. ദിലീപിന്റെ ബന്ധുവിന്റെ ഫോണില്‍ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറന്‍സിക് പരിശോധനയിലാണ് വീണ്ടെടുത്ത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ ദിലീപിന്റെ വീട്ടില്‍ എത്തിയ ‘വി ഐ പി’ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ശരത്. വധഗൂഢാലോചന കേസിലും ശരത് ദിലീപിനൊപ്പം കൂട്ടുപ്രതിയാണ്.

ABOUT SANTHOSH SHIVAN

AJILI ANNAJOHN :