ശ്യാമ പ്രസാദ് സാറിന്റെ ഒരേ കടല്‍ എനിക്ക് അത്തരത്തിലൊരു വിലപ്പെട്ട യാത്രയാണ്; ചില പ്രകടനങ്ങളുണ്ട്, ഉള്ളിന്റെ ആഴങ്ങളിലേക്ക് കടന്നു ചെല്ലുന്നത്; മമ്മൂട്ടിയെക്കുറിച്ച് മീര ജാസ്മിന്‍!

കൊറോണയ്ക്ക് ശേഷം മലയാള സിനിമയുടെ തന്നെ തിരിച്ചുവരവാണ് ഇപ്പോൾ സംഭവിക്കുന്നത്. അതോടൊപ്പം മലയാള നടിമാരുടെയും തിരിച്ചുവരവ് കാണാം.. നവ്യ നായര്‍ക്ക് പിന്നാലെ മീര ജാസ്മിനും ശക്തമായൊരു തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീരയുടെ തിരിച്ചുവരവ്. ജയറാം ആയിരുന്നു ചിത്രത്തിലെ നായകന്‍. തിരിച്ചുവരവില്‍ മീര നടത്തിയ മേക്കോവര്‍ വലിയ ചര്‍ച്ചയായിരുന്നു. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇപ്പോഴിതാ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ചിത്രമായ ഒരേ കടലിനെക്കുറിച്ചുള്ള മീരയുടെ സോഷ്യല്‍ മീഡിയ പോസ്റ്റും ചര്‍ച്ചയായി മാറുകയാണ്. മമ്മൂട്ടിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത 2007 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഒരേ കടല്‍.

” ഹീരക് ദീപ്തി” എന്ന നോവലാണ് ഒരേ കടല്‍ എന്ന സിനിമയായി മാറിയത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതാകട്ടെ ശ്യാമപ്രസാദും കെആര്‍ മീരയും ചേര്‍ന്നാണ്. ചിത്രത്തെക്കുറിച്ചുള്ള മീരയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

”ചില കഥാപാത്രങ്ങളും പ്രകടനങ്ങളും നിങ്ങളുടെ അസ്തിത്വത്തിന്റെ ഉള്ളിലേക്ക് ആഴത്തില്‍ കടന്നു ചെല്ലും. പിന്നെയത് മറ്റൊന്നിനും പകരം വെക്കാനാകാത്ത വണ്ണം അവിടം പിടിച്ചടക്കും. ശ്യാമ പ്രസാദ് സാറിന്റെ ഒരേ കടല്‍ എനിക്ക് അത്തരത്തിലൊരു വിലപ്പെട്ട യാത്രയാണ്.

മമ്മൂക്ക എന്ന അതുല്യ നടന്റെ മികവ് കണ്ടനുഭവിക്കാനുള്ളൊരു അവസരം നല്‍കിയ സിനിമയാണത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ചില പ്രതിഭകള്‍ക്കൊപ്പം അടുത്തിടപഴകാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുമുള്ള അവസരം ഈ സിനിമ എനിക്ക് നല്‍കി. നന്ദി മമ്മൂക്ക, എന്റെ ദീപ്തിയുടെ നാഥന്‍ ആയതിന് നന്ദി. ഭാവിയിലെ എല്ലാ അര്‍ത്ഥവത്തായ കാര്യങ്ങള്‍ക്കും ആശംസകള്‍” എന്നായിരുന്നു മീര കുറിച്ചത്.

അതേസമയം മമ്മൂട്ടി നായകനായ പുഴു പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പാര്‍വതി നായികയായി എത്തുന്ന സിനിമയുടെ സംവിധാനം റത്തീന പിടിയാണ്. ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത് മുഴുനീള നെഗറ്റീവ് വേഷത്തിലാണ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. സോണി ലൈവിലൂടെയായിരുന്നു സിനിമയുടെ റിലീസ്.

about meera jasmin

Safana Safu :