മന്നാഡിയര്‍ ബ്രാഹ്മണനോ വൈശ്യനോ ശൂദ്രനോ അല്ലെന്ന് പറഞ്ഞ മമ്മൂട്ടിയെ കുട്ടനാക്കിയ പുഴു’; ഇമേജ് നോക്കാതെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന മമ്മൂട്ടി; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി സവര്‍ണ നായകന്മാര്‍!

പുഴു സിനിമ മലയാളി പ്രേക്ഷകരിലേക്ക് എത്തിയപ്പോൾ സിനിമയുടെ രാഷ്ട്രീയമാണ് ഏറെ ചർച്ചയായിരിക്കുന്നത്. റത്തീനയുടെ സംവിധാനത്തിലൊരുങ്ങിയ പുഴു ഒരു വലിയ ചർച്ചയ്ക്ക് വേണ്ടിയുള്ള തിരി കൊളുത്തി എന്ന് വേണം വിലയിരുത്താൻ.

ടോക്‌സിക് പേരന്റിംഗ്, ജാതി പൊളിറ്റിക്‌സ് തുടങ്ങിയ ആധുനിക സമൂഹത്തിലെ പുഴുക്കുത്തുകള്‍ പുഴു ചര്‍ച്ചയാക്കുന്നുണ്ട്. മമ്മൂട്ടിയുടെ പ്രകടനത്തിന് തന്നെയാണ് ഏറ്റവുമധികം കയ്യടികളുയരുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്തവും ഗംഭീരവുമായ പ്രകടനമാണ് പുഴുവില്‍ കാണുന്നത്.

ഇമേജ് നോക്കാതെ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്ന മമ്മൂട്ടിയെ സോഷ്യല്‍ മീഡിയ പ്രശംസിക്കുകയാണ്. ഇതിനൊപ്പം ഒരു കാലത്ത് ആഘോഷിക്കപ്പെട്ട മമ്മൂട്ടി സവര്‍ണ ഹീറോയിക് പരിവേഷമുള്ള കഥാപാത്രങ്ങള്‍ക്കുള്ള തിരിച്ചടിയാണ് സിനിമ എന്നും ചില കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

“മമ്മൂട്ടി എന്ന വ്യക്തി ആവട്ടെ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ആവട്ടെ മിക്കതും മലയാളി കാണുന്നതും അനുകരിക്കുന്നതും സവര്‍ണ സുന്ദര പൗരുഷത്തിന്റെ പ്രതീകമായാണ് അവതരിപ്പിച്ചിരുന്നതെന്നും എന്നാല്‍ ഇവിടെ അയാള്‍ വില്ലനാകുന്നതും അതേ പ്രത്യേകതകള്‍ കൊണ്ടാണെന്നും ചില കുറിപ്പുകളുണ്ട്.

നരസിംഹ മന്നാഡിയാരെയും ജോസഫ് അലക്‌സാണ്ടറിനേയും അറക്കല്‍ മാധവനുണ്ണിയേയും അവതരിപ്പിച്ച മമ്മൂട്ടി തന്നെയാണ് ഇന്ന് പേരില്ലാത്ത കുട്ടനേയും അവതരിപ്പിച്ചത് എന്നതാണ് സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നത്.

ഒരുകാലത്ത് മലയാള സിനിമയില്‍ അതിപ്രസരം ആയിരുന്ന, മമ്മൂട്ടി തന്നെ ചെയ്തിട്ടുള്ള, സവര്‍ണ ഹിന്ദുത്വ കഥാപാത്രങ്ങളിലെ സവര്‍ണത/ജാതീയത എന്ന വിപത്തിനെ അഡ്രെസ് ചെയ്ത മലയാള സിനിമകള്‍ വിരളമാണെന്നും പുഴു അത്തരമൊരു രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

ഏപ്രില്‍ 12 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റത്തീനയുടെ സംവിധാന മികവിനും സോഷ്യല്‍ മീഡിയ കയ്യടിക്കുന്നു. പാര്‍വതിയും ഒപ്പം നാടകനടനായ കുട്ടപ്പനായി എത്തിയ അപ്പുണ്ണി ശശിയും മികച്ച പ്രകടനം കൊണ്ട് തങ്ങളുടെ റോള്‍ ഗംഭീരമാക്കിയെന്ന് പ്രേക്ഷകര്‍ പറയുന്നു.

about mammootty

Safana Safu :