തിരികെ വന്നെങ്കിൽ എന്ന് കൊതിച്ച് ആരാധകർ വരികൾ ബാക്കിയാക്കി അനിൽ പനച്ചൂരാൻ യാത്രപറയുമ്പോൾ ..

തിരികെവരുമെന്ന വാർത്ത കേൾക്കാനായി ആരാധകർ കൊതിച്ചിട്ടുണ്ടാകും. പക്ഷേ, പനച്ചൂരാൻ തിരികെ വന്നില്ല. കുവൈത്ത് യുദ്ധകാലത്ത് എഴുതിയതാണ് ഈ കവിത. പ്രിയപ്പെട്ടവരെ പിരിഞ്ഞിരിക്കുന്ന പ്രവാസിയുടെ ദുഃഖമാണ് വരികളിൽ നിറച്ചത്. പിന്നീട് ‘അറബിക്കഥ’ എന്ന സിനിമയിലെത്തിയപ്പോഴാണ് ഈ വരികളും പാട്ടും വൻഹിറ്റായത്.ഗൃഹാതുരത്വം നിറയുന്ന വരികൾ സ്വന്തം നാടുവിട്ട് ദൂരെ പാർക്കുന്ന എല്ലാവർക്കും എന്നും പ്രിയപ്പെട്ടതാണ്. ‘നോക്കുവിൻ സഖാക്കളേ നമ്മൾ വന്ന വീഥിയിൽ ആയിരങ്ങൾ ചോരകൊണ്ടെഴുതിവെച്ച വാക്കുകൾ’ എന്നു പനച്ചൂരാൻ എഴുതിയപ്പോൾ ആരാധകരുടെ മനസ്സിൽ പോരാട്ടച്ചൂടിന്റെ ചുവപ്പുപടർന്നു.ഒരു മെക്സിക്കൻ അപാരതയിലും അതേ മാജിക് ആവർത്തിച്ചു.

‘എന്നാളും പോരിനായി പോരുമോ സഖാവേ
മുന്നേറാൻ സമയമായ് ലാൽസലാം…

പഠനകാലത്തുതന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് ആഭിമുഖ്യംകാട്ടിയ പനച്ചൂരാൻ പിൽക്കാലത്ത് കടുത്ത വിമർശനങ്ങളും ഉയർത്തിയിട്ടുണ്ട്. ആരാധകലക്ഷങ്ങൾ പനച്ചൂരാന്റെ ഈ പാട്ടുകൾ ഇഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തിന് ഏറ്റവുമിഷ്ടമുള്ള സ്വന്തം പാട്ട് മറ്റൊന്നായിരുന്നു.
സ്വ.ലേ. എന്ന ചിത്രത്തിൽ ബിജിബാലിന്റെ സംഗീതത്തിൽ ഒരുങ്ങിയ ‘ചെറുതിങ്കൾത്തോണി നിൻ പുഞ്ചിരിപോലൊരു തോണി…’ എന്ന ഗാനം. ചുരുങ്ങിയകാലംകൊണ്ടുതന്നെ മലയാളസിനിമാഗാനശാഖയിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ പനച്ചൂരാനു കഴിഞ്ഞു. ‘ചോരവീണ മണ്ണിൽനിന്നുയർന്നു വന്ന പൂമരം’ എന്നെഴുതിയ അതേയാൾതന്നെ ‘ചെമ്പരത്തിക്കമ്മലിട്ട് കുപ്പിവള കൊഞ്ചലിട്ടു കാത്തുനിന്നതാര്’ എന്ന പ്രണയവരികളും കുറിച്ചു.

ഭ്രമരത്തിനു വേണ്ടിയെഴുതിയ ‘അണ്ണാറക്കണ്ണാ വാ…’ എന്ന ഗാനം കുട്ടികൾക്കും പ്രിയപ്പെട്ടതായി. നാടും നാട്ടിൻപുറവും ഗ്രാമ്യഭംഗിയും ഏറെ നിറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്റെ വരികളിൽ.

‘കുന്നിൻമേലൊരു കുത്തുവിളക്കിൻ ചന്തം കാണണ്ടേ…

അരികത്തുചേർന്നിരിക്കുന്ന ഫീൽ സമ്മാനിക്കുന്നതാണ് പല പാട്ടുകളും. അരികെ എന്ന വാക്ക് ആവർത്തിച്ചുവരുന്നതും കാണാം. അരികത്തിരിക്കിലും കനവിൽ ലയിച്ചു നാം നുകരും സ്നേഹമർമരം… മിഴി തമ്മിൽ പുണരുന്ന നേരം… മിന്നാമിന്നിക്കൂട്ടം-ബിജിബാൽ), അരികത്തായാരോ പാടുന്നുണ്ടോ… (ബോഡി ഗാർഡ്-ഔസേപ്പച്ചൻ),

പേരില്ലാ രാജ്യത്തെ രാജകുമാരി അതിരില്ലാ രാജ്യത്തെ രാജകുമാരാ ആരോരും കാണാതെൻ അരികെ വരാമോ…(ബോഡി ഗാർഡ്) എന്നിവ നമ്മോടു അരികുചേർന്നുനിന്ന ചില ഗാനങ്ങൾ മാത്രം. ‘എന്റമ്മേടെ ജിമിക്കിക്കമ്മൽ’ എഴുതിയതിന് വിമർശനങ്ങൾ കേട്ടിരിക്കാം. പക്ഷേ, ഒരുഘട്ടത്തിൽ ഈ പാട്ടല്ലാതെ നമുക്കുചുറ്റും മറ്റൊന്നും കേൾക്കാനുണ്ടായിരുന്നില്ല. പനച്ചൂരാൻ എഴുതിയിട്ടുണ്ട്, വ്യത്യസ്തനാമൊരു ബാർബറാം ബാലനെ. അതെ, പനച്ചൂരാനും വ്യത്യസ്തനായിരുന്നു. കൃത്യമായ കള്ളികളിൽ ഒതുങ്ങാത്തയാൾ.അതെ സമയം അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചനമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക മേഖലയ്‌ക്കേറ്റ ഏറ്റവും വലിയ നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
‘കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കും’, അദ്ദേഹം ഫേസ്ബുക്കിലെഴുതി.പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ് ..
കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക – സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Noora T Noora T :