ഹരിനാരായണൻ്റെ വരികൾ.. സനാ മൊയ്തൂട്ടിയുടെ ശബ്ദം; ഏദനിന്‍ മധു നിറയും…; ‘വരയനി’ ലെ പ്രണയഗാനം ഏറ്റെടുത്ത് സൈബറിടം; സിനിമയ്ക്കായി ഇനി ദിവസങ്ങൾ മാത്രം!

സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമചന്ദ്രന്‍ നിര്‍മ്മിച്ച്, നവാ?ഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത് . ‘ഏദനിന്‍ മധു നിറയും…’ എന്ന് തുടങ്ങുന്ന പ്രണയഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഹിറ്റ് ആയിരിക്കുന്നത്. ചിത്രത്തില്‍ സിജു വില്‍സണ്‍ ആണ് കേന്ദ്ര കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്.

സന മൊയ്തൂട്ടി ആലപിച്ച ഗാനത്തിന് പ്രകാശ് അലക്‌സാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ബി. കെ. ഹരിനാരായണന്റെതാണ് വരികള്‍. സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന വൈദിക കഥാപാത്രത്തെ പ്രണയിക്കുന്ന ലിയോണയുടെ നായിക കഥാപാത്രവും ഇരുവര്‍ക്കുമിടയിലെ പ്രണയമുഹൂര്‍ത്തങ്ങളും നൃത്തവും എല്ലാം ഒരു സ്വപ്നം പോലെ മനോഹരമായ പ്രകൃതി ഭംഗിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന വീഡിയോ ഗാനം ആണ് പുറത്തിറങ്ങിയിരിക്കുന്നത്. മെയ് 20-ന് ചിത്രം പ്രേക്ഷകരിലേക്കെത്തും.

യഥാര്‍ത്ഥ സംഭവങ്ങളെ പശ്ചാത്തലമാക്കി ഫാ. ഡാനി കപ്പൂച്ചിന്‍ തിരക്കഥ രചിച്ച ചിത്രത്തില്‍ ഫാ. എബി കപ്പൂച്ചിന്‍ എന്ന പുരോഹിതന്റെ വേഷത്തിലാണ് സിജു വില്‍സണ്‍ പ്രത്യക്ഷപ്പെടുന്നത്. സിജു ആദ്യമായി പുരോഹിതന്റെ വേഷത്തില്‍ എത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ഹാസ്യത്തിന് വളരെ പ്രധാന്യമുള്ള ചിത്രത്തില്‍ ആക്ഷനും കുടുംബ ബന്ധങ്ങള്‍ക്കും വൈകാരികതക്കും ഒക്കെ ശക്തമായ സ്ഥാനം നല്‍കിയിരിക്കുന്നു.

മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഇവര്‍ക്ക് പുറമെ ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്നു. ടൈഗര്‍ എന്ന് പേരുള്ള നായയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

about varayan

Safana Safu :