പ്രഥമദൃഷ്ട്യാ കാവ്യമാധവന്‍ ഈ കേസില്‍ ഇടപെടല്‍ നടത്തിയെന്ന തെളിഞ്ഞാല്‍ ഇനി അറസ്റ്റിലേക്ക് പോയാല്‍ മതി. അങ്ങനെയെങ്കില്‍ 24 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ സാധിക്കും. അത് കഴിഞ്ഞ് കസ്റ്റഡയില്‍ ചോദ്യം ചെയ്യാനും സാധിക്കും; റിട്ട. എസ്പി ജോര്‍ജ് ജോസഫ് പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. അന്വേഷണം അവസാന ദിവസങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജിതമാക്കാനുള്ള ശ്രമത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്തിരുന്നത്. ഈ കേസില്‍ നടി കാവ്യാ മാധാവനെ ചോദ്യം ചെയ്തതിലൂടെ അന്വേഷണത്തിന്റെ നിര്‍ണ്ണായക ഘട്ടത്തിലെത്തിയെന്നാണ് മനസ്സിലാക്കുന്നതെന്ന് പറയുകയാണ് റിട്ട. എസ്പി ജോര്‍ജ് ജോസഫ്.

വക്കീലിന്റെ ഉപദേശം അനുസരിച്ചാണ് കാവ്യാ മാധവന്‍ മുന്നോട്ട് പോയത്. കേസില്‍ തന്നെ സാക്ഷിയായാണ് വിളിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് വീട്ടില്‍ വന്ന് ചോദ്യം ചെയ്യണം എന്നായിരുന്നു അവരുടെ ആവശ്യം. പ്രതിയല്ലാത്ത ഒരാളെ, അത് വാദിയായാലും സാക്ഷിയായാലും പ്രായമുള്ള ആളുകളുടേയും സ്ത്രീകളുടേയും മൊഴി അവര്‍ക്ക് സൗകര്യമുള്ളിടത്ത് പോയി എടുക്കണമെന്നാണ് ക്രിമിനല്‍ പ്രോസീജ്യര്‍ കോഡിന് അകത്ത് അത് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ജോര്‍ജ് ജോസഫ് വ്യക്തമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസിന്റെ ഇതുവരേയുള്ള കാര്യങ്ങള്‍ നോക്കുമ്പോള്‍ കാവ്യാ മാധവന്‍ ഇതുവരെ പ്രതിസ്ഥാനത്ത് വന്നിട്ടില്ല. രണ്ട് കേസുകളാണ് നിലവിലുള്ളത്. ഒന്ന് നടിയെ ആക്രമിച്ച കേസ്. അതിനകത്ത് തുടരന്വേഷണം നടക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നതാണ് രണ്ടാമത്തെ കേസ്. ആദ്യത്തേ കേസില്‍ ബൈജു പൌലോസും രണ്ടാമത്തെ കേസില്‍ മോഹന്‍കുമാറും അന്വേഷണം നടത്തുന്നു.

ഈ രണ്ട് ഉദ്യഗസ്ഥരും ഇന്ന് കാവ്യാ മാധവനെ ചോദ്യം ചെയ്യാന്‍ എത്തിയെന്നാണ് മനസ്സിലാക്കുന്നത്. കാവ്യയുടെ ചോദ്യം ചെയ്യല്‍ നാലര മണിക്കൂറില്‍ കൂടുതല്‍ എന്തായാലും നീണ്ടിട്ടില്ല. പ്രാഥമികമായിട്ടുള്ള ഒരു ചോദ്യം ചെയ്യലാണ് ഇപ്പോള്‍ നടന്നത്. സാക്ഷി സ്ഥാനത്ത് നിന്ന് മാറുമോ എന്നുള്ളത് ഇനിയാണ് അറിയേണ്ടതെന്നും ജോര്‍ജ് ജോസഫ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അഭിപ്രായപ്പെടുന്നു. നിര്‍ണ്ണായകമായ പല ചോദ്യങ്ങളും കാവ്യാ മാധവനോട് ഇന്ന് അന്വേഷണ സംഘം ചോദിച്ചിട്ടുണ്ടാവും. പ്രതിയാണോ അല്ലെങ്കില്‍ വെറും സാക്ഷി മാത്രമാണോയെന്ന പ്രാഥമികമായ ഒരു കണ്ടെത്തലിനാണ് ഇന്ന് ശ്രമിച്ചിരിക്കുന്നത്.

അക്കാര്യത്തില്‍ പൊലീസിന് ധാരണയുണ്ടായിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇനി കൂടുതല്‍ ചോദ്യങ്ങള്‍ ഇവരോട് ചോദിക്കേണ്ടി വരും. ആദ്യത്തെ കേസില്‍ 120 ബി ഗൂഡാലോചനയില്‍ കാവ്യാമാധവനും വരുമെയെന്നാണ് അറിയേണ്ടത്. രണ്ടാമത്തെ കേസിനകത്ത് അവരുടെ വീടിനുള്ളില്‍ വെച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരെ വക വരുത്താനുള്ള ഗൂഡാലോചന നടന്നത്. അതിനകത്ത് അവരുടെ റോള്‍ എന്താണെന്നും അറിയേണ്ടതുണ്ടെന്നും ജോര്‍ജ് ജോസഫ് വ്യക്തമാക്കുന്നു.

പ്രതിയല്ല, സാക്ഷിയാണെന്ന അവരുടെ വാദം മുന്‍ നിര്‍ത്തിയുള്ള ചോദ്യങ്ങള്‍ ഇന്ന് ചോദിച്ച് കഴിഞ്ഞിരിക്കുന്നു. ഈ ചോദ്യം ചെയ്യലിലെ ഉത്തരങ്ങളൊക്കെ പൊലീസ് വിശദമായി പരിശോധിക്കും. അതിന് ശേഷമുള്ള പൊലീസ് നടപടിക്ക് അവര്‍ക്ക് നോട്ടീസൊന്നും കൊടുത്തെന്ന് വരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഫോര്‍മലായുള്ള വിവരങ്ങള്‍ക്ക് വേണ്ടിയുള്ള ചോദ്യങ്ങള്‍ മാത്രമേ ഇപ്പോള്‍ ചോദിക്കുകയുള്ളു. വിശദമായ ചോദ്യം ചെയ്യല്‍ ഇനി വരാന്‍ പോകുന്നതേയുള്ളു. മൂന്നോ നാലോ ദിവസം അത് നീണ്ടുപോയേക്കാം. അവര്‍ക്ക് ബാലചന്ദ്ര കുമാറിനെ അറിയാമോ? അദ്ദേഹവുമായുള്ള ബന്ധമെന്ത്? പള്‍സര്‍ സുനിയെ അറിയാമോ തുടങ്ങിയ ചോദ്യങ്ങളൊക്കെയാവും ചോദിക്കുക.

പള്‍സര്‍ സുനി അവരുടെ സ്ഥാപനമായ ലക്ഷ്യയില്‍ കൊണ്ടുപോയി കൊടുത്ത സാധനത്തെക്കുറിച്ച് എന്ത് അറിയാം തുടങ്ങിയ പരമപ്രധാനമായ ചോദ്യങ്ങള്‍ മാത്രമേ ഇപ്പോള്‍ ചോദിക്കുകകയുള്ളു. നൂറ് ചോദ്യങ്ങള്‍ ചോദിക്കാനുള്ള കാര്യങ്ങള്‍ ഒറ്റ ചോദ്യത്തില്‍ നിര്‍ത്തും. ശരത്തിനെ അറിയാമോ എന്ന് ചോദിച്ചിട്ട് ഇല്ല എന്നാണ് ഉത്തരമെങ്കില്‍ പൊലീസിന് കാര്യങ്ങള്‍ എളുപ്പമായല്ലോ.

ഇതില്‍ നിന്നെല്ലാം പൊലീസിന് കൃത്യമായ ധാരണ ലഭിക്കും. അടുത്ത ഘട്ടത്തില്‍ പൊലീസിന്റെ നിറം മാറും. പ്രഥമദൃഷ്ട്യാ കാവ്യമാധവന്‍ ഈ കേസില്‍ ഇടപെടല്‍ നടത്തിയെന്ന തെളിഞ്ഞാല്‍ ഇനി അറസ്റ്റിലേക്ക് പോയാല്‍ മതി. അങ്ങനെയെങ്കില്‍ 24 മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ സാധിക്കും. അത് കഴിഞ്ഞ് കസ്റ്റഡയില്‍ ചോദ്യം ചെയ്യാനും സാധിക്കും. ആ ഘട്ടത്തിലേക്ക് പോവും എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് ഇന്ന ഫോര്‍മലായിട്ടുള്ള ചോദ്യം ചെയ്യല്‍ നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Vijayasree Vijayasree :