വിജയ് ബാബുവിന്റെ നീക്കങ്ങൾ പിഴച്ചു; നടപടിക്കൊരുങ്ങി യുഎഇ പൊലീസ്; അറസ്റ്റ് വാറന്റ് കെെമാറി; ലുക്ക് ഔട്ട് നോട്ടീസിന് പിന്നാലെ അതും!

നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വി‍ജയ് ബാബുവിനെതിരായ അറസ്റ്റ് വാറൻറ് യുഎഇ പൊലീസിന് കൈമാറിയതിനെ തുടർന്നാണ് പ്രതിക്കെതിരെയുളള നടപടികൾ ഉടൻ ആരംഭിക്കാനുള്ള തീരുമാനമായത് . വിജയ് ബാബു യുഎഇയിൽ എവിടെയുണ്ടെന്ന് കണ്ടെത്തി അറിയിക്കാൻ വേണ്ടിയാണ് യുഎഇ പൊലീസിന് വാറൻറ് കൈമാറിയത്.

കുറ്റവാളികളുടെ കൈമാറ്റ കരാർ ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്നതിനാൽ യുഎഇയിൽ തുടരുക എന്നത് പ്രതിക്ക്​ എളുപ്പമല്ല.പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിൻറെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസ് ഇന്നലെ അറസ്റ്റ് വാറണ്ട് കൈമാറിയത്. ഇന്നലെയാണ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇൻറർപോൾ വഴിയാണ് വാറന്റ് യുഎഇ പൊലീസിന് കൈമാറിയത്.

വിജയ് ബാബുവിനെതിരെ പൊലീസ് കഴിഞ്ഞയാഴ്ച്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യാൻ വേണ്ടിയായിരുന്നു ഇത്. അന്വേഷണ സംഘത്തിന്റെ മുൻപാകെ തിങ്കളാഴ്ച്ച കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് വിജയ് ബാബുവിന് പൊലീസ് ഇ മെയിൽ അയച്ചിരുന്നു.

ബിസിനസ് ടൂറിലാണെന്നും 19ന് ഹാജരാകാമെന്നുമാണ് വിജയ് ബാബുവിന്റെ മറുപടി. ഇത് തള്ളിയ അന്വേഷണ സംഘം എത്രയും വേഗം നടനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ്.

മെയ് 18ന് ശേഷമേ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കൂ. ഇത് കണക്കുകൂട്ടിയാണ് വിജയ് ബാബു 19-ാം തീയതി വരെ സമയം ചോദിച്ചത്. വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾക്ക് രഹസ്യവിവരങ്ങൾ ലഭിച്ചതിനേത്തുടർന്നാണിത്.

ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കിൽ പെടാത്ത പണം സിനിമാ മേഖലയിൽ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

about vijay babu

Safana Safu :