മക്കള്‍ക്കു വേണ്ടിയാണ് താന്‍ എല്ലാ പ്രതിസന്ധികളെയും മറികടന്നത്; നാളുകള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് ശില്‍പ ഷെട്ടി

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ശില്‍പ ഷെട്ടി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം ശില്‍പയുടെ കുടുംബത്തിനെതിരെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.

നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റും തുടര്‍ന്നുണ്ടായ വിവാദവുമാണ് ശില്‍പയെ പ്രതിസന്ധിയിലാക്കിയത്. എന്നാല്‍ വൈകാതെ തന്നെ തന്റെ ജോലിയിലേക്ക് നടി മടങ്ങിയെത്തുകയും സോഷ്യല്‍ മീഡിയയില്‍ താരം സജീവമാവുകയും ചെയ്തു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

മക്കള്‍ക്കു വേണ്ടിയാണ് താന്‍ പ്രതിസന്ധികളെ മറികടന്നത് എന്നാണ് താരം പറയുന്നത്. ‘ജീവിതത്തില്‍ എന്തെങ്കിലും ലക്ഷ്യം കണ്ടെത്തണമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. പ്രതിസന്ധി ഘട്ടത്തില്‍ പോലും. എന്റെ ലക്ഷ്യം എന്റെ മക്കളാണ്. എപ്പോഴും അങ്ങനെയായിരിക്കും. പ്രതിസന്ധി ഘട്ടത്തില്‍ നിന്ന് പുറത്തുകടക്കുന്നതിന് ധൈര്യം വേണ്ടതാണ്.

എന്റെ മക്കളെ കാണിക്കാനായാണ് ഞാന്‍ ജോലിക്ക് പോയത്. പ്രത്യേകിച്ച് മകനെ. കാര്യങ്ങള്‍ മനസിലാക്കുന്ന പ്രായമാണ് അവന്’എന്നും ശില്‍പ ഷെട്ടി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ പോലും ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തണമെന്നും ഫീനിസിനെ പോലെ പറന്നുയരണമെന്നും മകന്‍ വിയാനെ എനിക്ക് കാണിക്കണമായിരുന്നു.

പ്രതിസന്ധി ഘട്ടങ്ങള്‍ക്കായി നമ്മള്‍ ഒരിക്കലും തയാറായിരിക്കില്ല. പെട്ടെന്നാവും നമുക്ക് അടിയേല്‍ക്കുക. അത് നമ്മെ കരുത്തുറ്റവരാക്കും. എനിക്ക് അറിയില്ലായിരുന്നു ഞാന്‍ കരുത്തുള്ളവളാണെന്ന്. എന്തൊക്കെ സംഭവിച്ചാലും അതിനെ എതിരിടാനാവുമെന്ന് അറിയുന്നത് നല്ലതാണ് എന്നും ശില്‍പ ഷെട്ടി പറഞ്ഞു.

Vijayasree Vijayasree :